സംസ്ഥാന റൈഫിള്‍ അസോസിയേഷന് ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ സമാപന സമ്മേളനം വർഗീസ് മാമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
ആറന്മുള: 58-ാമത് സംസ്ഥാന റൈഫിള്‍ അസോസിയേഷന് ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ കോഴിക്കോട് ജില്ലാ റൈഫിള്‍ അസോസിയേഷന് ഓവറോള്‍ കിരീടം നേടി. പാലക്കാട്, തൃശൂര്‍ ജില്ലാ അസോസിയേഷനുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ആറന്മുള-മാലക്കര ആല്‍ത്തറ ജംഗ്ഷനു സമീപമുള്ള ജില്ലാ റൈഫിള്‍ അസോസിയേഷന്റെ ദ്രോണാചാര്യ പ്രഫ. സണ്ണി തോമസ് നഗറില്‍ നടന്ന ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ സമാപന സമ്മേളനം വര്‍ഗീസ് മാമ്മന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
റൈഫിള്‍ അസോസിയേഷന് ജില്ലാ പ്രസിഡന്റും കളക്ടറുമായ എ. നിസാമുദീന്‍ അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ രാജു ഏബ്രഹാം, ട്രേഡ് കമ്മീഷണര്‍ രഞ്ജിത്, റൈഫിള്‍ അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫ. വി. സി. ജെയിംസ്, റൈഫിള്‍ അസോസിയേഷന് ജില്ലാ സെക്രട്ടറി ഡോ. കെ.എസ്. ജഗന് മോഹൻ, ഇലക്ടര്‍ വൈസ് പ്രസിഡന്റ് റോയി മാത്യു, ട്രഷറാര്‍ മാത്യൂസ് കെ. ജേക്കബ്, ചെയര്മാന് റ്റി. ഇ. വര്‍ഗീസ്, ഗവേണിംഗ് ബോര്‍ഡ് മെംബര്‍ സാം കാവുംമണ്ണില്‍ എന്നിവര്‍ പ്രസംഗിച്ചു.
58-ാമത് ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പിനോടനുബന്ധിച്ച് നടന്ന യോഗത്തില്‍ മന്ത്രി രമേശ് ചെന്നിത്തലയുടെ സന്ദേശം വര്‍ഗീസ് മാമ്മന്‍ എംഎല്‍എ വായിച്ചു. 1200 കുട്ടികളാണ് ഒരാഴ്ച നീണ്ടുനിന്ന ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്.
ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പുമായി ബന്ധപ്പെട്ട പരിശീലകര്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും ആദരം നൽകി. സംസ്ഥാനത്തെ ഏറ്റവും വലിയ റൈഫിള്‍ ഷൂട്ടിംഗ് റേഞ്ചായി ജില്ലാ റൈഫിള്‍ അസോസിയേഷന്റെ മാലക്കരയിലുള്ള സ്റ്റേഡിയം മാറ്റാനുള്ള ശ്രമം സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാക്കാനുള്ള നടപടി നടത്തുമെന്നും ഇതുമായി ബന്ധപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയെ നേരില്‍കണ്ട് നിവേദനം നല്‍കുമെന്നും വര്‍ഗീസ് മാമ്മന്‍ എംഎല്‍എ പറഞ്ഞു.