മൈസൂരു റോഡില് ഗീതാഞ്ജലി പെട്രോള് പമ്പിന് സമീപം റോഡിന്റെ വശങ്ങളില് നിര്ത്തിയിട്ട ചരക്ക് വാഹനങ്ങള്.
സുല്ത്താന് ബത്തേരി: ടൗണിലും പരിസരങ്ങളിലും വലിയ ചരക്കുവണ്ടികള് ഉള്പ്പടെ വാഹനങ്ങള് അലക്ഷ്യമായി പാര്ക്ക് ചെയ്യുന്നത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു.
നവരാത്രി, പൂജാ അവധി ദിവസങ്ങളില് വാഹനത്തിരക്ക് വര്ധിക്കാനിരിക്കേ ഗതാഗത നിയന്ത്രണത്തിന് അധികൃതര് ഇടപെടണമെന്ന ആവശ്യം വിവിധ കോണുകളില് ഉയര്ന്നു. ദേശീയപാതയില് ടൗണിലൂടെ കടന്നുപോകുന്ന ഭാഗങ്ങളില് ഓട്ടോറിക്ഷകള് പാര്ക്ക് ചെയ്യുന്നത് ഗതാഗതത്തിന് തടസമാകുന്നുണ്ട്. മൈസൂരു റോഡില് ഗീതാഞ്ജലി പെട്രോള് പമ്പ് മുതല് വലിയ ചരക്ക് ലോറികള് നിര്ത്തിയിടുന്നതും വിനായക ആശുപത്രിക്ക് സമീപവും കട്ടയാട് റോഡിന്റെ വശങ്ങളിലും വാഹനങ്ങള് പാര്ക്ക് ചെയ്യുന്നതും ഗതാഗതത്തെ ബാധിക്കുന്നുണ്ട്. കട്ടയാട് ജംഗ്ഷനില് സ്വകാര്യ വാഹനങ്ങള്ക്ക് പാര്ക്കിംഗിന് അനുവദിച്ച സ്ഥലത്ത് ഓട്ടോറിക്ഷ സ്റ്റാന്ഡ് പ്രവര്ത്തനം തുടങ്ങിയതും ദേശീയപാതയിലേക്ക് കയറ്റി ഓട്ടോകള് നിര്ത്തിയിടുന്നതും പ്രശ്നം സൃഷ്ടിക്കുകയാണ്.
പൊലിസ് സ്റ്റേഷന് റോഡിലെ അലക്ഷ്യമായ പാര്ക്കിംഗും താഗത തടസത്തിന് ഇടയാക്കുന്നുണ്ട്. ദേശീയപാതയിലെയും പ്രധാന റോഡുകളിലെയും അനധികൃത പാര്ക്കിംഗ് നിയന്ത്രിച്ചും ഓട്ടോറിക്ഷ സ്റ്റാന്ഡുകള് ക്രമീകരിച്ചും തിരക്കേറിയ ജംഗ്ഷനുകളില് പൊലിസ് സേവനം ഉറപ്പാക്കിയും ടൗണില് ഗതാഗതം സുഗമമാക്കാമെന്ന് വ്യാപാരികളും മറ്റും പറയുന്നു.
Tags : NattuVishesham.DistricteNews