ജൂനിയർ ആൺകുട്ടികളുടെ ഹൈജന്പിൽ സ്വർണം നേടിയ മൈലം ജി.വി.രാജാ സ്കൂളിലെ എസ്.എസ്. വരുൺ.
ആറ്റിങ്ങൽ: ട്രാക്കില് മിന്നല് വേഗത്തില് മെഡല്ക്കൊയ്ത്ത് നടത്തി റവന്യു ജില്ലാ സ്കൂള് അത്ലറ്റിക് മീറ്റില് മൈലം ജി.വി.രാജാ സ്കൂളിന്റെ സമ്പൂര്ണ ആധിപത്യം. സ്പോര്ട്സ് സ്കൂള് വിഭാഗത്തില് 15 സ്വര്ണവും 10 വെള്ളിയുമായി 105 പോയിന്റോടെയാണ് ജി.വി രാജയുടെ കുതിപ്പ്. ശ്രീ അയ്യങ്കാളി സ്കൂള് ഒരു സ്വര്ണവും മൂന്നു വെള്ളിയും നാലു വെങ്കലവുമായി 18 പോയിന്റോടെ രണ്ടാം സ്ഥാനത്തും രണ്ട് വെങ്കലവുമായി രണ്ടു പോയിന്റോടെ സെന്ട്രലൈസ്ഡ് സ്പോര്ട്സ് ഹോസ്റ്റലാണ് ഈ വിഭാഗത്തില് മൂന്നാം സ്ഥാനത്ത്.
സ്കൂള് വിഭാഗത്തില് കാഞ്ഞിരംകുളം
വ്യക്തിഗത സ്കൂള് വിഭാഗത്തില് ആദ്യ ദിനം കാഞ്ഞിരംകുളം പി.കെ.എസ്എച്ച്എസ്എസിന്റെ മുന്നേറ്റമായിരുന്നു. മൂന്നു വെള്ളിനേട്ടവുമായി ഒന്പതു പോയിന്റുമായി കാഞ്ഞിരംകുളം സ്കൂള് ഒന്നാമത് നില്ക്കുമ്പോള് ഒരു സ്വര്ണവും ഒരു വെള്ളിയും ഉള്പ്പെടെ ആറു പോയിന്റോടെ കാട്ടാക്കട മലയിങ്കല് സര്ക്കാര് സ്കൂള് രണ്ടാം സ്ഥാനത്തും ഒരു സ്വര്ണവുമായി അഞ്ചു പോയിന്റു നേട്ടവുമായി ഗവണ്മെന്റ് എച്ച്.എസ് കാച്ചാണി മൂന്നാം സ്ഥാനത്തുമുണ്ട്.
നൂറിലും 400 ലും ജി.വി.രാജയ്ക്ക് നൂറുമേനി
ആറ്റിങ്ങല് ശ്രീപാദം സ്റ്റേഡിയത്തിലെ ട്രാക്കില് ജി.വി.രാജ താരങ്ങളുടെ തേരോട്ടമായിരുന്നു. മീറ്റിലെ ഏറ്റവുമധികം ആവേശം സമ്മാനിക്കുന്ന മത്സര ഇനമായ 100 മീറ്റിലും 400 മീറ്ററിലും സുവര്ണ നേട്ടത്തില് ജി.വി രാജയുടെ സമ്പൂര്ണ ആധിപത്യമായിരുന്നു. ജൂനിയര് ആണ്കുട്ടികളുടെ 100 മീറ്ററില് ജി.വി രാജയുടെ ഗൗരേഷ് ബിനോയ് (10.88 സെക്കന്ഡ്) ജൂനിയര് പെണ്കുട്ടികളില് ജില്ഷാ ജിനില് (12.46), സബ് ജൂനിയര് ആണ്കുട്ടികളില് എം. ശ്രീഹരി(11.92 )സബ് ജൂണിയര് പെണ്കുട്ടികളില് എസ്. സങ്കീര്ത്തന(13.6) എന്നിവര് സ്വര്ണത്തില് മുത്തമിട്ടു. സീനിയര് വിഭാഗത്തിന്റെ 100 മീറ്റര് മത്സരങ്ങള് ഇന്ന് നടക്കും. 400 മീറ്ററിലും ജി.വി രാജയുടെ തേരോട്ടമായിരുന്നു. ജൂനിയര് ആണ്കുട്ടികളില് 51.48 സെക്കന്ഡില് ഫിനിഷ് ചെയ്ത് പി.കെ അദിത് സ്വര്ണത്തില് മുത്തമിട്ടപ്പോള് പെണ്കുട്ടികളില് ഷിഖ എം. സോബിന്(ഒരു മിനിറ്റ് 1.88 സെക്കന്ഡ് ) സ്വര്ണത്തിന് അവകാശിയായി. സബ് ജൂണിയര് ആണ്കുട്ടികളില് ആര്.പി ദീക്ഷിത് (57.40 സെക്കന്ഡ്) സ്വര്ണം നേടിയപ്പോള് പി.ടി അദ്വൈതയക്കാണ്( ഒരു മിനിറ്റ് 2:98 സെക്കന്ഡ്) പെണ്കുട്ടികളുടെ വിഭാഗത്തില് സ്വര്ണം.
ആലപ്പുഴക്കാരി അമല ആറ്റിങ്ങലില് ഇരട്ട സ്വര്ണത്തിന് അവകാശി
ജാവലിനും ഷോട്ടുമൊക്കെ ആറാം ക്ലാസില് ചുമ്മാ എറിഞ്ഞുനോക്കിയ അമലയെന്ന ആലപ്പുഴക്കാരി 10-ാംക്ലാസിലെത്തിയപ്പോള് ആ ഏറുകളെല്ലാം ചെന്നെത്തുന്നത് സ്വര്ണപ്പതക്കത്തിലേക്ക്.റവന്യു ജില്ലാ സ്കൂള് മീറ്റില് ജി. വി രാജയുടെ ജഴ്സിയില് ഫീല്ഡിലിറങ്ങിയ പി.ആര് അമല സ്വന്തമാക്കിയത് ഇരട്ട സ്വര്ണ നേട്ടം. 2022ല് ആലപ്പുഴ വട്ടയാല് സെന്റ് മേരി എച്ച്എസ്എസ് സ്കൂളില് പഠിക്കുമ്പോള് ജാവലിന് ത്രോ ഇനത്തില് പങ്കെടുക്കാന് ആളില്ലാതിരുന്ന സമയത്താണ് അമല ജാവലിനില് കൈവെച്ചത്. അന്നു സ്വര്ണ നേട്ടം. ആ കുതിപ്പ് ജി.വി രാജയിലേക്കുള്ള വഴി തുറന്നു. അവിടെ ലഭിച്ച മികച്ച പരിശീലനത്തിലൂടെ അമല ആറ്റിങ്ങലില് നിന്നും ജാവലിന് ത്രോയിലും ഷോട്ട്്പുട്ടിലും സ്വര്ണം സ്വന്തമാക്കി.
Tags : NattuVishesham.DistricteNews