വിദേശ പഴവര്ഗ കൃഷി വികസന ആശയ രൂപീകരണ യോഗം കല്പ്പറ്റയില് കൃഷി മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്യുന്നു.
കല്പ്പറ്റ: വിദേശ പഴവര്ഗ ഇനങ്ങളുടെ കൃഷി ജില്ലയില് കാര്ഷിക മേഖലയുടെ വികാസത്തിന് വഴിയൊരുക്കുമെന്ന് കൃഷി മന്ത്രി ടി. സിദ്ദീഖ്.
കൃഷി വകുപ്പ്, കേര, വയനാട് ഹില്സ് ഫാം പ്രൊഡ്യൂസര് കമ്പനി എന്നിവ സംയുക്തമായി കളക്ടറേറ്റ് എപിജെ ഹാളില് സംഘടിപ്പിച്ച വിദേശ പഴവര്ഗ കൃഷി വികസന ആശയ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദേശ ഇനം ഫലങ്ങള് കൃഷി ചെയ്ത് ഗുണനിലവാരവും ഉപയോഗ യോഗ്യതയും വര്ധിപ്പിച്ച് അന്താരാഷ്ട്ര വിപണികളില് സ്ഥാനം നേടാന് ജില്ലയിലെ കര്ഷകര്ക്ക് കഴിയും. ഇതിന് കൃത്യമായ പ്രവര്ത്തനരേഖ തയാറാക്കേണ്ടതുണ്ട്. കര്ഷകര്ക്ക് കൃത്യമായ മാര്ഗനിര്ദേശങ്ങള് നല്കാന് വിദഗ്ധ കമ്മിറ്റി രൂപീകരിച്ച് ആവശ്യമായ സാമ്പത്തിക സഹായവും അനുബന്ധ സൗകര്യങ്ങളും ഉറപ്പാക്കും. കാര്ഷിക വിളകളിലെ രോഗ-കീട നിയന്ത്രണത്തിന് കൃഷി വകുപ്പിന്റെ നേതൃത്വത്തില് പ്രത്യേക കേന്ദ്രം സ്ഥാപിക്കും.
ലാഭകരമല്ലാത്തതിനാല് ഉപേക്ഷിക്കപ്പെട്ട എസ്റ്റേറ്റുകളില് കൃഷി നടത്താനുള്ള പദ്ധതിക്ക് സര്ക്കാര് രൂപം നല്കിവരികയാണ്. കൃഷി വകുപ്പിന്റെ നേതൃത്വത്തില് ആറ് മാസത്തിനകം എക്സ്പോര്ട്ടേഴ്സ് മീറ്റ് സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന് അധ്യക്ഷത വഹിച്ചു. കൃഷി അഡീഷണല് ഡയറക്ടര് എ. സുരേന്ദ്രന്, പ്രിന്സിപ്പല് കൃഷി ഓഫിസര് ബി.ജി. സീമ, ഡബ്ല്യുഎച്ച്എഫ്പിസിഎല് ചെയര്മാന് എം.ആര്. സുനില്കുമാര്, കേര ടെക്നിക്കല് ഓഫിസര് എം.എസ്. പ്രമോദ് എന്നിവര് പ്രസംഗിച്ചു.
യോഗത്തില് വിദേശ പഴവര്ഗ കൃഷി, വിളവെടുപ്പിനു ശേഷമുള്ള പരിപാലനം, വിതരണ ശൃംഖല, വിപണന സാധ്യതകള് എന്നിവ ചര്ച്ചയായി. ഡോ. ജി. കരുണാകരന്, ഡോ. പ്രസന്ന വാസു, എം.എസ്. പ്രമോദ്, വിനോദ് കുമാര്, ഡോ. കെ.എസ്. മുരളി, റൂബി ജാനെറ്റ് ജോണ്, ഡോ. വി.കെ. സജീഷ്, ഡോ. രാമാനന്ദ് ഗാര്ഗ്, എം.സി. സജി, ഡോ. രാധാകൃഷ്ണന്, ജെയ്മി സജി തുടങ്ങിയവര് ക്ലാസുകള്ക്ക് നേതൃത്വം നല്കി.
Tags : NattuVishesham.DistricteNews