വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ തുടർനിർമാണ ഘട്ടങ്ങൾ ശാസ്ത്രീയമായി പഠിച്ച് റിപ്പോർട്ട് പുറത്തുവിടുന്നതുവരെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമ
വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ തുടർനിർമാണ ഘട്ടങ്ങൾ ശാസ്ത്രീയമായി പഠിച്ച് റിപ്പോർട്ട് പുറത്തുവിടുന്നതുവരെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷനും ജനാവകാശ സംരക്ഷണ സമിതിയും ആവശ്യപ്പെട്ടു. സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച കടൽ-കര ധർണയിൽ തീരദേശ പരിസ്ഥിതിയുടെയും ജനങ്ങളുടെ ഉപജീവനത്തിന്റെയും സംരക്ഷണത്തിനായി വിവിധ ആവശ്യങ്ങളാണ് സംഘടന ഉന്നയിച്ചത്. കരയിൽ നടന്ന ധർണ ജനാവകാശ സംരക്ഷണ സമിതി രക്ഷാധികാരിയും ദേശീയ കിസാൻ മഹാസംഘത്തിന്റെ ദക്ഷിണേന്ത്യൻ കോർഡിനേറ്ററുമായ പി. ടി. ജോൺ ഉദ്ഘാടനം ചെയ്തപ്പോൾ കടലിൽ നടന്ന ധർണ കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ആന്റോ ഏലിയാസും ഉദ്ഘാടനം ചെയ്തു.
നിർമാണ കരാറിലെയും പരിസ്ഥിതി അനുമതികളിലെയും വ്യവസ്ഥകൾ പാലിക്കുന്നുണ്ടോയെന്നും സിആർഇസഡ് ചട്ടലംഘനങ്ങൾ നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു. തീരദേശത്തെ കുന്നുകളും പ്രകൃതിദത്ത പാറക്കൂട്ടങ്ങളും നീക്കം ചെയ്യുന്നതിന്റെ പ്രത്യാഘാതങ്ങൾ വിലയിരുത്തണം. രാത്രികാല നിർമാണ പ്രവർത്തനങ്ങളിൽ നിന്നുള്ള ശബ്ദം, പ്രകമ്പനം, പൊടി എന്നിവ ജനങ്ങളുടെ ഉറക്കത്തെയും ആരോഗ്യത്തെയും ബാധിക്കുന്നതിനാൽ ശബ്ദനിലയും വായുവിന്റെ ഗുണനിലവാരവും ശാസ്ത്രീയമായി പരിശോധിച്ച് ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.
മത്സ്യത്തൊഴിലാളികൾ, ചെറുകിട വ്യാപാരികൾ, ടാക്സി തൊഴിലാളികൾ, ഹോട്ടൽ-റിസോർട്ട് ജീവനക്കാർ, വിനോദസഞ്ചാര മേഖലയിലെ മറ്റ് തൊഴിലാളികൾ എന്നിവരുടെ ഉപജീവനത്തെക്കുറിച്ച് സമഗ്രമായ സാമൂഹിക-സാമ്പത്തിക ആഘാത പഠനം നടത്തണം. ബലിക്കടവ്, ആറാട്ടുകടവ് തുടങ്ങിയ പരമ്പരാഗത പൊതുഇടങ്ങളും പ്രകൃതിദത്ത പാറക്കൂട്ടങ്ങളും സംരക്ഷിക്കണമെന്നും ബാധിത ജനങ്ങളുടെ പങ്കാളിത്തവും പഠനറിപ്പോർട്ടുകളുടെ സുതാര്യതയും ഉറപ്പാക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.
ധർണയ്ക്ക് ജനാവകാശ സംരക്ഷണ സമിതി സെക്രട്ടറി എ. കെ. ഹരികുമാർ ആമുഖ പ്രസംഗം നടത്തി. ഐഎൻടിയുസി കാഞ്ഞിരംകുളം മണ്ഡലം വൈസ് പ്രസിഡന്റ് ബിജു മുക്കോല , കോട്ടുകാൽ പഞ്ചായത്ത് അംഗങ്ങളായ എൽ. ശശിധരൻ, സ്മിതാ ഗോപൻ, ശരത് എസ് എ, മുൻ വിഴിഞ്ഞം കൗൺസിലർ എൻ.എ.റഷീദ്, ജനാവകാശ സംരക്ഷണ സമിതി ട്രഷറർ എസ്. വി. അനിൽകുമാർ, കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ലാ കമ്മിറ്റി അംഗം മേബിൾ നസിയാന്സ് ബലിക്കടവ് സംരക്ഷണ സമിതി സെക്രട്ടറി എസ് .കൃഷ്ണൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു. തങ്ങൾ തുറമുഖ വികസനത്തിന് എതിരല്ലെന്നും എന്നാൽ ജനങ്ങളുടെ ആരോഗ്യവും ഉപജീവനവും കടലിന്റെ ആവാസവ്യവസ്ഥയും തീരദേശ പരിസ്ഥിതിയും സംരക്ഷിക്കപ്പെടണമെന്നും സംഘടനകൾ വ്യക്തമാക്കി. സ്വതന്ത്രവും സമഗ്രവുമായ ശാസ്ത്രീയ പഠനം പൂർത്തിയാക്കി ആവശ്യമായ സുരക്ഷാ നടപടികൾ ഉറപ്പാക്കുന്നതുവരെ തുറമുഖത്തിന്റെ തുടർനിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു.
Tags : NattuVishesham.DistricteNews