നെയ്യാറ്റിന്കര : മലയാളിയുടെ നവരാത്രി ആഘോഷങ്ങളിലെ നിറസാന്നിധ്യമായി പതിവു തെറ്റിക്കാതെ വാഗ്ദേവതാ ശില്പങ്ങളുമായി അയല്സംസ്ഥാന കലാകാരന്മാര് ഇക്കുറിയും നിരത്തില് പ്രത്യക്ഷപ്പെട്ടു. പൂജ വയ്പ് ആഘോഷങ്ങള്ക്ക് ഇന്ന് തുടക്കമാകും.
വിജ്ഞാനത്തിന്റെ ദേവിയായ സരസ്വതി ദേവിയുടെ ശിൽപങ്ങളുമായി അതിഥിത്തൊഴിലാളികൾ തലസ്ഥാന ജില്ലയുടെ പല പ്രദേശങ്ങളിലും പാതയോരങ്ങളില് രണ്ടാഴ്ച മുന്പേ ഇടം പിടിച്ചിരുന്നു. കുടുംബസമേതം പാര്ക്കുന്നവര് മുതല് ഉത്സവ സീസണില് വ്യാപാരത്തിനു മാത്രമായി വരുന്നവര് വരെ വില്പനക്കാരുടെ കൂട്ടത്തിലുണ്ട്. റോഡരികിൽ താത്കാലികമായി ടെന്റുകൾ കെട്ടിയാണ് ഈ കുടുംബങ്ങളുടെ താമസം. പല വലിപ്പത്തിലും വര്ണങ്ങളിലുമുള്ള സരസ്വതി ദേവി ശില്പങ്ങള് ഇവര് തയാറാക്കുന്നു. പ്ലാസ്റ്റർ ഓഫ് പാരിസ്, മണ്ണ് മുതലായവ ഉപയോഗിച്ചാണ് ശില്പ നിര്മാണം. ശില്പങ്ങളുടെ വലിപ്പം അനുസരിച്ച് വിലയിലും വ്യത്യാസമുണ്ട്.
നവരാത്രി ദിനങ്ങളിൽ വിദ്യാലയങ്ങളിലും സാംസ്കാരിക സംഘടന സ്ഥാപനങ്ങളിലും വീടുകളിലും ശില്പങ്ങൾ വാങ്ങി പൂജവെക്കാനായി നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളില് പാതയോരത്തെ വില്പന സങ്കേതങ്ങളില് എത്തിയത്. നന്നായി വില പേശി വാങ്ങുന്നവരാണ് കൂടുതലുമെന്ന് അതിഥി കലാകാരന്മാര് ചൂണ്ടിക്കാട്ടി. അന്യനാടുകളിൽ നിന്ന് ജീവനോപാധി തേടിയെത്തുന്ന ഈ അതിഥിത്തൊഴിലാളികളുടെ കഠിനാധ്വാനവും ശില്പനിര്മാണ വൈദഗ്ധ്യവും മലയാളികളുടെ നവരാത്രി ആഘോഷങ്ങൾക്ക് കൂടുതൽ നിറം പകരുന്നുവെന്നതില് സംശയമില്ല.
Tags : NattuVishesham.DistricteNews