ജില്ലാ സബ് ജൂണിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ് മുഹമ്മദ് ഫൈസല്‍ ഉദ്ഘാടനം ചെയ്യുന്നു.
തൊടുപുഴ: ജില്ലാ ബാസ്കറ്റ്ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ തൊടുപുഴ കുമാരമംഗലം വില്ലേജ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ സംഘടിപ്പിച്ച ജില്ലാ സബ് ജൂണിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൊടുപുഴ കാര്‍മല്‍ ബാസ്കറ്റ്ബോള്‍ അക്കാദമി ചാമ്പ്യന്മാരാരായി. സൂപ്പര്‍ലീഗ് പോരാട്ടത്തില്‍ തൊടുപുഴ ഹൂപ് ഡ്രീംസ് ബാസ്കറ്റ്ബോള്‍ അക്കാദമിയെ പരാജയപ്പെടുത്തിയാണ് കാര്‍മല്‍ അക്കാദമി വിജയിച്ചത്. മുട്ടം ഷന്താള്‍ ജ്യോതി സ്റ്റാര്‍സ് മൂന്നാം സ്ഥാനം നേടി.
ചാമ്പ്യന്‍ഷിപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട മികച്ച 16 കളിക്കാര്‍ 22 മുതല്‍ 25 വരെ കളമശേരി രാജഗിരി സ്കൂളില്‍ നടക്കുന്ന സംസ്ഥാന സബ് ജൂണിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ജില്ലാ പരിശീലന ക്യാമ്പിലേക്കു യോഗ്യത നേടി.
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മുഹമ്മദ് ഫൈസല്‍ ചാമ്പ്യന്‍ഷിപ് ഉദ്ഘാടനം ചെയ്തു. ജില്ലാ ബാസ്കറ്റ്ബോള്‍ അസോസിയേഷന് പ്രസിഡന്റ് പി.പി. സൂര്യകുമാര്‍ അധ്യക്ഷത വഹിച്ചു. തൊടുപുഴ വില്ലേജ് ഇന്റര്‍നാഷനല്‍ സ്കൂള്‍ എംഡി ആര്.കെ. ദാസ് മുഖ്യാതിഥിയായി. കേരള ബാസ്കറ്റ്ബോള്‍ അസോസിയേഷന് വൈസ് പ്രസിഡന്റ് ഡോ. പ്രിന്‍സ് കെ. മറ്റം, ജില്ലാ ബാസ്കറ്റ്ബോള്‍ അസോസിയേഷന് സെക്രട്ടറി അശ്വിന് ബിനു, വില്ലേജ് ഇന്റര്‍നാഷനല്‍ സ്കൂള്‍ കായികവിഭാഗം മേധാവി ജിമ്മിച്ചന്‍ ജോണ്‍, കായികാധ്യാപകന് സാജന്, എ.എസ്. മനോജ് എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham Local News Basketball Championship Carmel Academy