കത്തോലിക്ക കോൺഗ്രസ്
കൊച്ചി: കർഷകരെയും ജനവാസമേഖലകളെയും ബാധിക്കുന്ന ഇഎസ്എ നിർണയ വിജ്ഞാപനം ജനങ്ങളെ കുടിയിറക്കിന് നിർബന്ധിക്കുന്നതാണെന്നും ഇതിന്റെ മാനദണ്ഡങ്ങൾ തിരുത്തണമെന്നും കത്തോലിക്ക കോൺഗ്രസ് കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.
93 വില്ലേജുകളിലായി 8500ഓളം ചതുരശ്ര കിലോമീറ്ററാണ് കേരളത്തിലെ ഇഎസ്എ എന്ന സംസ്ഥാനസർക്കാർ ശിപാർശ അവഗണിച്ചാണ് 131 വില്ലേജുകളിലായി 9993.7 ചതുരശ്ര കിലോമീറ്റർ ഇഎസ്എ എന്ന ഏഴാം കരട് വിജ്ഞാപനം പുറത്തുവന്നത്. ഇതു പൂർണമായും ഭരണഘടനയുടെ അന്തഃസത്തയ്ക്കും സംസ്ഥാനത്തിന്റെ വികസനതാത്പര്യങ്ങൾക്കും പ്രദേശത്തെ ജനങ്ങളുടെ നിലനില്പിനും വിരുദ്ധമാണ്.
ഇഎസ്എ പൂർണമായും വനാതിർത്തിക്കുള്ളിലാക്കി നിശ്ചയിക്കണം. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന കരട് വിജ്ഞാപനത്തിൽ മറ്റു സംസ്ഥാനങ്ങളിൽനിന്നും വ്യത്യസ്തമായി കൃത്യമായി ഭൂമിയുടെ അതിർത്തികൾ മനസിലാക്കാൻ കഴിയുന്ന മാപ്പുകളോ ജിയോ കോർഡിനേറ്റുകളോ പ്രസിദ്ധീകരിക്കാത്തതുമൂലം ഇഎസ്എ അതിർത്തി സംബന്ധിച്ചുവലിയ സംശയങ്ങളും അനിശ്ചിതത്വങ്ങളും നിലനിൽക്കുന്നു.
കൃഷിയിടങ്ങളും ജനവാസമേഖലകളും വഴി ഈ പ്രദേശങ്ങളും വനനിയമത്തിനു സമാനമായ കടുത്ത പരിസ്ഥിതിനിയന്ത്രണങ്ങൾക്കു വിധേയമാകുമെന്നതിനാൽ സ്വാഭാവികമായും കുടിയിറക്കിലേക്കു നയിക്കും.
കരട് വിജ്ഞാപനം മലയാളഭാഷയിലേക്കു പരിഭാഷപ്പെടുത്തി ഇഎസ്എ കരട് വിജ്ഞാപനപ്രകാരം വില്ലേജുകളുടെ അതിർത്തികൾ കൃത്യമായി മനസിലാക്കാനാകുന്ന മാപ്പ് സർക്കാർ പ്രസിദ്ധപ്പെടുത്തണം. റവന്യു വില്ലേജുകളെ പൂർണമായും ഇഎസ്എയിൽനിന്ന് ഒഴിവാക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.
പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ഒഴുകയിൽ, അഡ്വ. ടോണി പുഞ്ചക്കുന്നേൽ, ഡോ. കെ.എം. ഫ്രാൻസിസ്, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ, രാജേഷ് ജോൺ, തോമസ് ആന്റണി, തമ്പി എരുമേലിക്കര എന്നിവർ പ്രസംഗിച്ചു.
Tags : ESAAnnouncement CatholicCongress Agricultural Residential Exempted Areas Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash