District News
സുൽത്താൻ ബത്തേരി: നൂൽപ്പുഴ പഞ്ചായത്തിലെ കല്ലൂർ, കല്ലുമുക്ക് പ്രദേശങ്ങളിൽ വാനരശല്യം രൂക്ഷമാകുന്നു.
കൂട്ടത്തോടെ എത്തുന്ന വാനരൻമാർ കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുന്നതായി നാട്ടുകാർ പറഞ്ഞു. വിളവെടുപ്പിന് പാകമായ വാഴക്കുലകൾ നശിച്ചതോടെ നിരവധി കർഷകർ വാഴകൃഷി ഉപേക്ഷിക്കുന്ന അവസ്ഥയിലാണ്.
വീടുകളുടെ പരിസരങ്ങളിൽ എത്തുന്ന വാനരൻമാർ ഉണക്കാൻ ഇട്ടിരിക്കുന്ന വസ്ത്രങ്ങളും മറ്റു സാധനങ്ങളും കീറി നശിപ്പിക്കുന്നത് നിത്യസംഭവമായി മാറിയതായി പ്രദേശവാസികൾ പറഞ്ഞു.
പകൽസമയങ്ങളിൽ പോലും കൂട്ടമായി എത്തുന്ന വാനരൻമാർ വീടുകളിലേക്ക് കടക്കാൻ ശ്രമിക്കുന്നതും ഭീതിയുണർത്തുന്നുണ്ട്. വനമേഖലയോട് ചേർന്ന പ്രദേശമായതിനാൽ മുന്‍പും വാനരശല്യം ഉണ്ടായിരുന്നെങ്കിലും ഇക്കഴിഞ്ഞ മാസങ്ങളിലായി ആക്രമണം കൂടുതൽ രൂക്ഷമായതായി നാട്ടുകാർ പറയുന്നു.
കൃഷിനാശം മൂലം വലിയ സാന്പത്തിക നഷ്ടമാണ് സംഭവിക്കുന്നതെന്നും ഇതോടെ പലരും കൃഷിയിൽ നിന്നും പിൻമാറേണ്ടി വരുന്നതായും കർഷകർ ആശങ്കപ്പെടുന്നു. വനവകുപ്പിന്റെ ഭാഗത്ത് നിന്ന് യാതൊരു ഫലപ്രദമായ നടപടികളും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പ്രശ്നത്തിന് ശാശ്വതപരിഹാരം കാണാൻ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകാനൊരുങ്ങുകയാണ് പ്രദേശവാസികൾ.
District News
അടൂർ: കോർപറേറ്റുകളുടെ ലാഭത്തിനുവേണ്ടി കർഷകരെ ചൂഷണം ചെയ്യുന്ന നിയമങ്ങൾ കേന്ദ്ര സർക്കാർ നടപ്പാക്കുകയാണെന്ന് ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഗോപകുമാർ. കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസോസിയേഷൻ (കെഎറ്റിഎസ് എ) 60 -ാം വാർഷിക സംസ്ഥാന സമ്മേളനം അടൂർ മാർത്തോമ്മാ യൂത്ത് സെന്ററിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തൊഴിൽ സുരക്ഷിത്വത്തിനും അവകാശ സംരക്ഷണത്തിനും തൊഴിൽ കോഡിനുമെതിരേ 12നു നടത്തുന്ന ദേശീയ പണിമുടക്കിൽ സംഘടന പങ്കെടുക്കും.
തൊഴിലെടുക്കുന്നവരുടെ അവകാശങ്ങൾക്കെതിരേ കേന്ദ്ര ഗവൺമെന്റ് നടപ്പാക്കിയിരിക്കുന്ന നാല് ലേബർ കോഡുകൾ പിൻവലിക്കണമെന്നും ഗോപകുമാർ പറഞ്ഞു. കെഎറ്റിഎസ്എ സംസ്ഥാന പ്രസിഡന്റ് പി.ധനുഷ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടേറിയറ്റംഗം എൻ. റസിയ, സി.എസ്. നിത്യ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ഡി.സജി, വി.സി. ജയപ്രകാശ്, ആർ.രമേശ്, ജി.അഖിൽ, പി.ഹരിന്ദ്രനാഥ് , അനുരാജ് എന്നിവർ പ്രസംഗിച്ചു.
Kerala
പൊടിമറ്റം (കാഞ്ഞിരപ്പള്ളി): കാര്‍ഷിക സംസ്കാരം നമ്മുടെ നാടിന്റെയും സംസ്കാരത്തിന്റെയും അഭിവാജ്യ ഭാഗമാണെന്നു ബോധ്യപ്പെടുത്തുന്നതിലും കര്ഷകന് അഭിമാന ബോധം ഉണ്ടാക്കുന്നതിലും ഇന്‍ഫാം നടത്തിയത് വലിയ പ്രയത്നമാണെന്ന് സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.
ഇന്‍ഫാം രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന കിസാന്‍ കാര്‍ണിവല്‍-കൈക്കോട്ടും ചിലങ്കയും പരിപാടിയില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു മാര്‍ റാഫേല്‍ തട്ടില്‍. കര്ഷകത്തൊഴിലാളികള്ക്കുവരെ പെന്‍ഷനും ആനുകൂല്യങ്ങളും ലഭിക്കുന്ന കാലഘട്ടത്തില്‍ കര്ഷകന് ഇവയൊന്നും അവകാശമായി കിട്ടിയിട്ടില്ല.
കര്‍ഷകര്‍ പണിയായുധങ്ങളുമായി നടത്തിയ പോരാട്ടമാണ് വികസനത്തിനു വഴിതുറന്നത്. റബര്‍, കാപ്പി കൃഷിയിലൊക്കെ കുറേക്കൂടി അംഗീകാരം കൊടുക്കുകയും പ്രോത്സാഹനം കൊടുക്കുകയും ചെയ്തിരുന്നെങ്കില്‍ കേരളത്തിന്റെ കാര്‍ഷിക സമ്പത്ത് കുറേക്കൂടി വളരുമായിരുന്നുവെന്ന് മേജർ ആർച്ച്ബിഷപ് പറഞ്ഞു. കേരളം ഒട്ടേറെ വളര്‍ന്നെങ്കിലും സ്വന്തം ആഹാരത്തിനായി മറ്റുള്ളവരുടെ മുമ്പില്‍ കൈ നീട്ടേണ്ട ഗതികേടിലാണു പലപ്പോഴും. കാര്‍ഷിക സംസ്കാരം കുറേക്കൂടി കാത്തുസൂക്ഷിക്കാന്‍ സഭ മുന്നോട്ടു വന്നതിന്റെ തിരുശേഷിപ്പാണ് ഇന്‍ഫാമെന്നും മാര്‍ റാഫേല്‍ കൂട്ടിച്ചേര്‍ത്തു.
സമ്മേളനം പിഎസി ചെയര്മാന് കെ.സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്തു. ഇന്‍ഫാം ദേശീയ രക്ഷാധികാരിയായ താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി.
രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫാം മുന്‍ ദേശീയ രക്ഷാധികാരി മാര്‍ മാത്യു അറയ്ക്കലിനെ മേജര്‍ ആര്‍ച്ച്ബിഷപ് ആദരിച്ചു. ഇന്‍ഫാം ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില്‍ ആമുഖപ്രസംഗം നടത്തി.
ആന്റോ ആന്റണി എംപി, കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, ഇന്‍ഫാം നാഷണല്‍ സെക്രട്ടറി മാത്യു മാമ്പറമ്പില്‍, കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല ജോയിന്റ് ഡയറക്ടര്‍ ഫാ. ആല്ബിന് പുല്‍ത്തകിടിയേല്‍, സെക്രട്ടറി തോമസുകുട്ടി വാരണത്ത് എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് അരുണാചല്‍പ്രദേശ്, തമിഴ്നാട്, ഗോവ ഗുജറാത്ത്, ആന്ധ്രപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള ഇന്‍ഫാം കലാകാരന്മാരുടെ കലാ സാംസ്കാരിക പരിപാടികള്‍ നടന്നു.
Kerala
കോഴിക്കോട്: വൈദ്യുതി ഉപഭോഗം കുറച്ച് സൗരോര്‍ജം കൂടുതലായി ഉപയോഗപ്പെടുത്താനുള്ള നയങ്ങളുടെ ഭാഗമായി 14 ജില്ലകളിലായി 5,689 കാര്‍ഷിക പമ്പ് സെറ്റുകള്‍ സോളാര്‍ ആക്കാനുള്ള പദ്ധതിയുമായി സര്‍ക്കാര്‍. കേന്ദ്ര പുനരുപയോഗ ഊര്‍ജ മന്ത്രാലയത്തിന്റെ പിഎം കുസും പദ്ധതിയില്‍പ്പെടുത്തിയാണു പദ്ധതി നടപ്പാക്കുന്നത്. നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെയുള്ള പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്കി.
മൊത്തം ചെലവില്‍ 19,289.83 ലക്ഷം രൂപ നബാര്‍ഡ് വായ്പയും ബാക്കി 679.71 ലക്ഷം രൂപ സംസ്ഥാന വിഹിതവുമാണ്.
സംസ്ഥാന വിഹിതം അനെര്‍ട്ടിന്റെ സ്വന്തം ഫണ്ടില്‍നിന്നു കണ്ടെത്തണം. അനര്ട്ടിനുതന്നെയാണ് പദ്ധതിയുടെ നിര്‍വഹണ ചുമതല. 2028 ഡിസംബര്‍ 31ഓടെ പമ്പ് സെറ്റുകള്‍ സൗരോര്‍ജം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന സംവിധാനത്തിലേക്കു മാറ്റാനാണ് ഉദ്ദേശിക്കുന്നത്.
നിലവിലുള്ള ഡീസല്‍ അഗ്രികള്‍ച്ചര്‍ പമ്പുകള്‍, ജലസേചന സംവിധാനങ്ങള്‍ എന്നിവയ്ക്ക് പകരം 7.5 എച്ച്പി വരെ ശേഷിയുള്ള ഒറ്റപ്പെട്ട സോളാര്‍ അഗ്രികള്‍ച്ചര്‍ പമ്പുകള്‍ സ്ഥാപിക്കുന്നതിന് പിഎം കുസും പദ്ധതി പ്രകാരം സബ്സിഡി ലഭിക്കും.
ചെറുകിട നാമമാത്ര കര്‍ഷകര്‍ക്കാണു മുന്‍ഗണന. കാര്‍ഷിക ആവശ്യത്തിനുപയോഗിക്കുന്ന വൈദ്യുതിക്കു നിലവില്‍ സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നുണ്ട്. ഘട്ടംഘട്ടമായി ജലസേചനത്തിനുപയോഗിക്കുന്ന കാര്‍ഷിക മോട്ടോര്‍ പമ്പ് സെറ്റുകള്‍ സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന രീതിയിലേക്ക് മാറ്റിയാല്‍ സംസ്ഥാനത്തിന്റെ വൈദ്യുതി ഉപഭോഗത്തിലും സാമ്പത്തിക ചെലവിലും കുറവു വരുമെന്നാണ് പ്രതീക്ഷ
Kerala
തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളിലെ കാർഷിക മേഖലയുടെ പുനരുജ്ജീവനത്തിനായി 3.40 കോടി രൂപയുടെ പദ്ധതിക്ക് സംസ്ഥാന സർക്കാർ ഭരണാനുമതി നൽകി. കൃഷി ഡയറക്ടർ സമർപ്പിച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ദുരന്ത നിവാരണ വകുപ്പ് തുക അനുവദിച്ചത്.
ഉരുൾപൊട്ടലിൽ കൃഷിനാശം സംഭവിച്ച കർഷകരെ സഹായിക്കാനായി വിപുലമായ ഇടപെടലുകളാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കൃഷിഭൂമിയുടെയും മണ്ണിന്റെയും വീണ്ടെടുക്കൽ, വിള ഇൻഷ്വറൻസ്, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകളുടെ രൂപീകരണം, നൈപുണ്യ വികസനം, കാർഷിക അടിസ്ഥാന സൗകര്യങ്ങളുടെ പുനഃസ്ഥാപനം, കൃഷി പുനരാരംഭിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് തുക വിനിയോഗിക്കുക.
സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നാണ് ഇതിനാവശ്യമായ തുക അനുവദിക്കുന്നത്. വയനാട് പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ മുഖേനയാണ് തുക വിനിയോഗിക്കുക.
District News
മെഡിക്കല്‍കോളജ്: ഉള്ളൂരില്‍ കൃഷിക്കൂട്ടങ്ങളുടെ ക്രിസ്മസ് വിപണിക്കു തുടക്കമായി. നാലാഞ്ചിറ വാര്‍ഡ് കൗണ്‍സിലര്‍ ത്രേസ്യാമ്മ തോമസ് വിപണി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ദീപ ആദ്യവില്‍പ്പന നിര്‍വഹിച്ചു. 15 കൃഷിക്കൂട്ടങ്ങള്‍ തയാറാക്കിയ 150-ല്‍പ്പരം മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും ഫാം ഫ്രഷ് പച്ചക്കറികളും വിപുലമായ രീതിയില്‍ വിപണനത്തിന് ഒരുക്കിയിട്ടുണ്ട്.
പാറോട്ടുകോണം കറ്റച്ചക്കോണം ഗവ. എച്ച്എസ്എസിലാണ് മേള നടന്നുവരുന്നത്. ഹോം മെയ്ഡ് കേക്കുകള്‍, കുക്കീസ്, നാടന്‍ കുത്തരി, സ്റ്റീംഡ് പുട്ടുപൊടികള്‍, മില്ലറ്റിന്റെ വിവിധതരം ഉല്‍പ്പന്നങ്ങള്‍, തേന്‍, നെയ്യ്, മുരിങ്ങയില പൗഡര്‍, വിവിധതരം മസാലപ്പൊടികള്‍, വനവിഭവങ്ങള്‍, സ്ക്വാഷ്, അച്ചാറുകള്‍, ഉപ്പേരി, ചമ്മന്തിപ്പൊടി, ഇഞ്ചിക്കറി, രാമച്ചം, പുല്‍ത്തെലം ഫല വൃക്ഷങ്ങളുടെ ഗ്രാഫ്റ്റ് തൈകള്‍, ജൈവവളങ്ങള്‍, മുന്തിയ ഇനം തെങ്ങിന്‍തൈകള്‍ എന്നിവ ക്രിസ്മസ് വിപണിയില്‍ ലഭ്യമാണ്.
കൃഷി ഓഫീസര്‍ സി. സൊപ്ന സ്വാഗതം പറഞ്ഞു. ഉദ്യോഗസ്ഥരായ ഗണേഷ്, ഷജീം, വിനിത, ശരത്, ബിനു ജി. നായര്‍ എന്നിവര്‍ പങ്കെടുത്തു. ബുധനാഴ്ച വൈകുന്നേരം വിപണിക്കു സമാപനമാകും.
District News
കുറവിലങ്ങാട്: രാഷ്ട്രീയ കൃഷിവികാസ് യോജന പദ്ധതിയുടെ ജില്ലാതല ശില്പശാല നടത്തി. കാർഷിക ഉത്പാദനരംഗത്ത് നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ജലനഷ്ടം കുറച്ച് നൂതന സേവനരീതികൾക്കായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആവിഷ്കരിക്കുന്ന പദ്ധതിയാണിത്.
മോൻസ് ജോസഫ് എംഎൽഎ ശില്പശാല ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി നിയോജകമണ്ഡലത്തിൽ രാഷ്ട്രീയ കൃഷിവികാസ യോജനയിലൂടെ ആവിഷ്കരിക്കുന്ന പദ്ധതി പ്രയോജനപ്പെടുത്തി ട്രിപ്പ് തുടങ്ങിയ നൂതന ജലസേചന രീതികൾ ഉപയോഗിക്കുന്നതിന് കൃഷിക്കാരെ സഹായിക്കുന്ന വിധത്തിൽ കൃഷിവകുപ്പിന്റെ കർമപരിപാടികൾ പ്രയോജനപ്പെടുത്തുമെന്ന് മോൻസ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു.
കോട്ടയം ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ജോ ജോസ് അധ്യക്ഷത വഹിച്ചു. ദക്ഷിണമേഖല കൃഷി വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ കൃഷ്ണകുമാർ പദ്ധതി വിശദീകരിച്ചു. വാട്ടർ മാനേജ്മെന്റ് ഡയറക്ടർ വിനു തോമസ്, ഡോ. ലെൻസി തോമസ്, ഇറിഗേഷൻ ഡ്രൈനേജ് എൻജിനിയർ ഡിപ്പാർട്ട്മെന്റ് അസോസിയേഷൻ ഡോ. അരുൺ വർഗീസ്, കോട്ടയം കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ കെ. ജയപ്രകാശ് ബാബു, പ്രോഗ്രാം കോ-ഓഡിനേറ്റർ വി.എസ്. വിനയൻ എന്നിവർ പ്രസംഗിച്ച
Kerala
തിരുവനന്തപുരം: കാർഷിക സർവകലാശാലാ ഫീസ് വർധനവിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. സർവകലാശാല വൈസ് ചാൻസലർ ബി. അശോകന്റെ വീട്ടിലേക്ക് എസ്എഫ്ഐ പ്രവർത്തകർ രാത്രി നടത്തിയ പ്രതിഷേധത്തെത്തുടർന്നായിരുന്നു സംഘർഷം.
ബാരിക്കേഡ് ചാടിക്കടന്ന പ്രവർത്തകരെ പോലീസുകാർ പിടിച്ചു മാറ്റാൻ ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷമുണ്ടാകുകയായിരുന്നു. ഇതോടെ പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ബാരിക്കേഡ് മറികടക്കാനുള്ള ശ്രമത്തിനിടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദിന്റെ നേതൃത്വത്തിൽ പോലീസിന്റെ ഷീൽഡ് ബലമായി പിടിച്ചു വാങ്ങിയാണ് ജലപീരങ്കിയെ പ്രതിരോധിച്ചത്. രണ്ടു മണിക്കൂർ നേരം സർവകലാശാലയുടെ മൂന്നു ഗേറ്റുകളും പ്രവർത്തകർ ഉപരോധിച്ചു.
District News
സുൽത്താൻ ബത്തേരി: കാലാവസ്ഥ വ്യതിയാനം കാർഷികമേഖലയുടെ കണക്കുകൾ തെറ്റിക്കുന്നു. അധികമായി ലഭിച്ച വേനൽമഴയും അളവ് കുറഞ്ഞ കാലവർഷവും മൂലം കാർഷിക കലണ്ടർ അനുസരിച്ചുള്ള കൃഷിരീതികൾ മാറുന്ന അവസ്ഥയാണെന്നു കർഷകർ പറഞ്ഞു.
നിയന്ത്രിതമായ വേനൽമഴ ലഭിക്കേണ്ട സമയത്തു അധികമഴ. കാലവർഷം ശക്തമാകുന്ന സമയത്തു മഴ ഇല്ലാത്ത അവസ്ഥ എന്നിവയാണ് കാർഷിക മേഖലയ്ക്ക് പ്രതികൂലമായത്.
കാപ്പിക്കുരു വിളവെടുപ്പിന് തയാറെടുക്കുന്പോൾ കാപ്പിച്ചെടി പൂവിടുന്നത് കൃഷിയെ ദോഷകരമായി ബാധിക്കും. കുറച്ചു വർഷങ്ങളായി കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നും അതിവർഷത്തിലും കാപ്പി ഉത്പാദനം കുറഞ്ഞുവരികയാണ്.
വേനൽമഴയുടെ അളവ് വർധിച്ചപ്പോൾ പുതിയ സീസണ് മരച്ചീനിക്കൃഷി ആരംഭിച്ച ഒട്ടേറെ കർഷകരുടെ കണക്കുകൂട്ടൽ തെറ്റി. നട്ട കപ്പ പലതും ചീഞ്ഞു. കൃഷി പുനരാരംഭിക്കാൻ പലരും നിർബന്ധിതരായി.
പച്ചക്കപ്പയുടെ വില 35 രൂപയിൽ എത്തി. മികച്ച വില ലഭിക്കുന്പോൾ ഉത്പാദനം കുറഞ്ഞ അവസ്ഥയാണ്. കർണാടകത്തിൽ നിന്നും സമീപ ജില്ലകളിൽ നിന്നുമാണ് ഇപ്പോൾ പച്ചക്കപ്പ ജില്ലയിൽ മിക്കയിടത്തും എത്തുന്നത്. പച്ചക്കറിക്കൃഷിയും പ്രതിസന്ധിയിലാണ്. പാവൽ, പടവലം, വെള്ളരി തുടങ്ങിയവയാണ് ഇപ്പോൾ കൃഷി ചെയ്യുന്നത്. എന്നാൽ കാലാവസ്ഥ വ്യതിയാനം മൂലം രോഗബാധ വർധിക്കാനും ഉത്പാദനനം കുറയാനും കാരണമായി.