കടുത്തുരുത്തി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് സബ്സിഡി ലഭിക്കുന്നതിന് ജൂലൈ ഒന്നുമുതല്‍ അപേക്ഷിക്കാം. കാര്‍ഷിക മേഖലയിലെ യന്ത്രവത്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സഹായത്തോടെ നടപ്പാക്കുന്ന സബ്മിഷന് ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍ (എസ്എംഎഎം) പദ്ധതിയിലേക്ക് 2026-27 വര്‍ഷത്തെ അപേക്ഷകള്‍ ജൂലൈ ഒന്ന് രാവിലെ 11 മുതല്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം.
പദ്ധതിയുടെ ഭാഗമായി കാര്‍ഷിക യന്ത്രങ്ങള്‍, ഉപകരണങ്ങള്‍, വിളവെടുപ്പാനന്തര സംസ്കരണ-മൂല്യവര്‍ധിത പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ യന്ത്രങ്ങള്‍ എന്നിവയ്ക്കു വ്യക്തിഗത കര്‍ഷകര്‍ക്ക് 40 മുതല്‍ 50 ശതമാനം വരെ സബ്സിഡി ലഭിക്കും.
കര്‍ഷക കൂട്ടായ്മകള്‍, സ്വയം സഹായക സംഘങ്ങള്‍, കര്‍ഷക ഉത്പാദക സംഘടനകള്‍, പഞ്ചായത്തുകള്‍ തുടങ്ങിയവര്‍ക്ക് കസ്റ്റം ഹയറിംഗ് സെന്ററുകള്‍ സ്ഥാപിക്കാന്‍ പദ്ധതി തുകയുടെ 40 ശതമാനം സാമ്പത്തിക സഹായവും ഫാം മെഷിനറി ബാങ്കുകള്‍ സ്ഥാപിക്കാന്‍ പരമാവധി 24 ലക്ഷം രൂപ വരെ സഹായവും ലഭിക്കും.
വനാവകാശത്തിന്റെ പരിധിയില്‍ വരുന്ന പട്ടയമുള്ള ഗുണഭോക്താക്കള്‍ക്ക് 90 ശതമാനം വരെ ആനുകൂല്യം അനുവദിച്ചിട്ടുണ്ട്. വ്യക്തിഗത ഗുണഭോക്താക്കളുടെ എണ്ണം കൂടുതലായാല്‍ സുതാര്യമായ രീതിയില്‍ ഗുണഭോക്തൃ തെരഞ്ഞെടുപ്പ് നടത്തും.
10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള കസ്റ്റം ഹയറിംഗ് സെന്റര്‍, ഫാം മെഷിനറി ബാങ്ക് പദ്ധതികള്‍ ബാങ്ക് വായ്പയുമായി ബന്ധിപ്പിച്ച മൂലധന സബ്സിഡി മാതൃകയിലായിരിക്കും നടപ്പാക്കുക. അപേക്ഷകള്‍ agrimachinery.nic.in ലൂടെ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കൃഷിഭവനിലോ, കൃഷി എൻജിനിയറിംഗ് വിഭാഗം ഓഫീസുകളിലോ ബന്ധപ്പെടാം. ഫോണ്‍- 0471-2306748, 0477-2266084, 0495-2725354. ഇ മെയില്‍ [email protected].
Tags : Agricultural machinery