ആലപ്പുഴ: കഞ്ഞിക്കുഴിയിലെ കർഷകർക്കൊപ്പം ഇടുക്കിയിലെ കുളമാവിലും വാഴത്തോപ്പ് പഞ്ചായത്തിലും കൃഷിയിടങ്ങൾ സന്ദർശിച്ച് കൃഷി മന്ത്രി. കൃഷിയിട സന്ദർശനത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ കഞ്ഞിക്കുഴി പച്ചക്കറി ക്ലസ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യാത്രയിലാണ് മന്ത്രി പി. പ്രസാദും ആദ്യാവസാനം പങ്കെടുത്തത്.
കഞ്ഞിക്കുഴി കൃഷിഭവനും കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തും ചേർന്നാണ് പതിനാറാം വാർഡിൽ പ്രവർത്തിക്കുന്ന കഞ്ഞിക്കുഴി എ. ഗ്രേഡ് പച്ചക്കറി ക്ലസ്റ്ററിലെ കർഷകർക്കായി കൃഷി പഠനയാത്ര ഒരുക്കിയത്. ടീം കഞ്ഞിക്കുഴിയോടൊപ്പം കൃഷി പഠനയാത്രയിൽ ബസിൽ കൃഷിമന്ത്രി കർഷകരോടൊപ്പം പങ്കെടുത്തത് വേറിട്ട അനുഭവമായി.
കഞ്ഞിക്കുഴിയിൽനിന്ന് പുറപ്പെട്ട സംഘം ഇടുക്കിയുടെ സുഗന്ധവിളകൾ കൃഷിചെയ്യുന്ന മാതൃകാ കൃഷിത്തോട്ടം സന്ദർശിച്ചു. വാഴത്തോപ്പ് പഞ്ചായത്തിലെ കൂനംമാവ് അഗസ്റ്റിനും കുടുംബവും നടത്തുന്ന പഴവർഗങ്ങളുടെയും സുഗന്ധവ്യഞ്ജനങ്ങളുടെയും കൃഷിയിടത്തിൽ ഏറെസമയം ചെലവഴിച്ചു. കഞ്ഞിക്കുഴിയുടെ ചൊരിമണലിൽ വിജയകരമായി കുരുമുളക് കൃഷിചെയ്യാൻ കഴിയുന്ന രീതി കർഷകൻ അഗസ്റ്റിൻ വിശദമായി അവതരിപ്പിച്ചു.
കുളമാവിൽ പ്രവർത്തിക്കുന്ന കപ്പൂച്ചിൻ ആശ്രമത്തിലെ വൈദികൻ ഫാ. ഡോ. ജിജോ കുര്യന്റെ നേതൃത്വത്തിൽ പശ്ചിമഘട്ടത്തിന്റെ ഭൂമിശാസ്ത്രവും കൃഷി സംസ്കൃതിയും ആഴത്തിൽ പഠിപ്പിക്കുന്ന ഗൈഡഡ് ടൂർ സംഘവും പഠനയാത്രയിൽ പങ്കാളികളായി.
കഞ്ഞിക്കുഴിയിൽ കുരുമുളക് കൃഷി വ്യാപിപ്പിക്കുക എന്ന ലക്ഷ്യം മന്ത്രി അവതരിപ്പിച്ചത് കർഷകർക്ക് ആത്മവിശ്വാസം പകർന്നു. ശരിയായ ഇനം തെരഞ്ഞെടുത്ത് ശ്രദ്ധയോടെ കൃഷി ചെയ്താൽ വലിയ വരുമാനം നേടാനാകുമെന്നും മന്ത്രി കർഷകരെ ഓർമിപ്പിച്ചു. കഞ്ഞിക്കുഴി അവതരിപ്പിച്ചത് പോലെയുള്ള നൂതനാശങ്ങൾ, ജില്ലയിലെ ടൂറിസം-കാർഷിക മേഖലകൾക്ക് വളർച്ചാ സാധ്യതകളും കർഷകർക്ക് അധിക വരുമാനം ഉറപ്പാക്കാനും ഉപകരിക്കുമെന്നും മറ്റു ജില്ലാകൾക്കും സമാനമായ പരിപാടികൾ ആസൂത്രണം ചെയ്യാൻ കഞ്ഞിക്കുഴി ഒരു മാതൃകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം. സന്തോഷ്കുമാർ, ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് ലജിതാ തിലകൻ, കർമസേനാ സെക്രട്ടറി ജി. ഉദയപ്പൻ, ക്ലസ്റ്റർ പ്രസിഡന്റ് എം.ഡി. സുധാകരൻ, കൃഷി ഓഫീസർ റോസ്മി ജോർജ്, പഞ്ചായത്തംഗങ്ങൾ, കർഷകർ, കൃഷിഭവൻ ഉദ്യോഗസ്ഥർ എന്നിവർ യാത്രയിൽ പങ്കെടുത്തു.