പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കർഷകർക്ക് സഹായം ഉറപ്പാക്കാൻ കാർഷിക വികസനസമിതികൾ പുനഃസംഘടിപ്പിച്ചു. അതത് അധികാരപരിധിയിലെ കാർഷിക പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനു പുറമേ പ്രകൃതിദുരന്ത സമയത്ത് കൂട്ടായ പ്രവർത്തനം, ജൈവവളങ്ങളുടെ ലഭ്യത വിലയിരുത്തൽ, കാർഷികമേഖലയിലെ വായ്പ എന്നിവ ഉറപ്പാക്കാനാണ് സംസ്ഥാന സർക്കാർ കാർഷിക വികസന സമിതികൾ ( എഡിസി) പുനഃസംഘടിപ്പിച്ചത്.
വികേന്ദ്രീകൃതമായ കാർഷിക ആസൂത്രണവും കർഷകർക്കുള്ള അടിയന്തര സഹായങ്ങളും കൃത്യമായി ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം. കൃഷിഭവൻ, തദ്ദേശ സ്ഥാപനങ്ങൾ, ജില്ല എന്നീ മൂന്ന് തലങ്ങളിലാണ് സമിതികൾ രൂപീകരിച്ചിരിക്കുന്നത്.
കൃഷിഭവൻ, നഗര, ഗ്രാമീണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ജില്ലകൾ എന്നിവയുടെ തലത്തിൽ കാർഷിക വികസന സമിതികൾ (എഡിസി) കൃഷിവകുപ്പ് നവീകരിച്ചു. പുതുക്കിയ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ എഡിസികളുടെ പുനഃസംഘടനയ്ക്കു കൃഷി ഡയറക്ടർ ശിപാർശ ചെയ്തതായി വകുപ്പ് ചൂണ്ടിക്കാട്ടി.
23 അംഗ കൃഷിഭവൻതല എഡിസിയുടെ ചെയർപേഴ്സണാണ് ലോക്കൽ പഞ്ചായത്ത് പ്രസിഡന്റ്. ബന്ധപ്പെട്ട എംഎൽഎമാർ അല്ലെങ്കിൽ അവരുടെ പ്രതിനിധികൾ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്, കർഷക സംഘടനകളുടെ പ്രതിനിധികൾ, ട്രേഡ് യൂണിയനുകൾ, മൂന്ന് കർഷക പ്രതിനിധികൾ, പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ നാമനിർദേശം ചെയ്യുന്ന ഒരു വനിതാ കർഷക എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.
മുനിസിപ്പാലിറ്റികളിലെയും കോർപറേഷനുകളിലെയും 24 അംഗ എഡിസികളുടെ തലവനായിരിക്കും മുനിസിപ്പൽ ചെയർപേഴ്സൺ അല്ലെങ്കിൽ മേയർ. ജില്ലാതല എഡിസിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ കളക്ടർ വൈസ് ചെയർപേഴ്സണുമാണ്. ജില്ലയിലെ ലോക്സഭ, രാജ്യസഭാ എംപിമാർ, ജില്ലയിൽനിന്നുള്ള എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് , മുനിസിപ്പൽ ചെയർപേഴ്സൺമാർ, കോർപറേഷൻ മേയർമാർ എന്നിവരാണ് അംഗങ്ങൾ.
Tags : Agricultural DevelopmentCommittees Reorganized Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash