പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്നു മാനസികാരോഗ്യ കേന്ദ്രങ്ങളും ഇനി അറിയപ്പെടുക ഹാപ്പിനസ് ആൻഡ് വെൽനെസ് സെന്ററുകളെന്ന പേരിലായിരിക്കുമെന്ന് മന്ത്രി കെ. മുരളീധരൻ. മാസികാരോഗ്യ കേന്ദ്രങ്ങളിലെ നിലവിലെ സാഹചര്യങ്ങൾ അപ്പാടെമാറ്റി മെച്ചപ്പെട്ട അന്തരീക്ഷം സൃഷ്ടിക്കും. ഇതിന്റെ ആദ്യഘട്ടമായി ഹൈക്കോടതി നിർദേശപ്രകാരം മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു.
പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ സന്തോഷവും സൗഖ്യവും പ്രദാനം ചെയ്യുന്ന കേന്ദ്രങ്ങളായി ഇവയെ മാറ്റും. ഭൗതിക സാഹചര്യങ്ങളും ആവശ്യമായ ജീവനക്കാരെയും ഇതിനായി നിയോഗിക്കുമെന്നും മുരളീധരൻ പറഞ്ഞു.
നിലവിലുള്ള മാനസികാരോഗ്യ കേന്ദ്രങ്ങൾ പ്രധാനമായും രോഗനിർണയം ചികിത്സ, മരുന്ന്, കൗണ്‍സലിംഗ് തുടങ്ങിയ സേവനങ്ങളിൽ കേന്ദ്രീകരിക്കുകയാണ്. എന്നാൽ ഹാപ്പിനസ് ആൻഡ് വെൽനെസ് സെന്ററുകൾ മാനസിക രോഗമുള്ളവർക്കു മാത്രമല്ല, മാനസികമായി ആരോഗ്യകരമായ ജീവിതം ആഗ്രഹിക്കുന്ന എല്ലാവർക്കും പ്രയോജനപ്പെടുന്ന തരത്തിൽ മാറ്റുകയാണ് ലക്ഷ്യം.
മാനസികാരോഗ്യ കേന്ദ്രം എന്ന പേരു പലപ്പോഴും ഗുരുതരമായ മാനസിക രോഗങ്ങളുമായി മാത്രം ബന്ധപ്പെടുത്തി കാണപ്പെടുന്നു. അതിനാൽ സഹായം ആവശ്യമുള്ള പലരും ചികിത്സ തേടാൻ മടിക്കാറുണ്ടെന്നും മന്ത്രി പറഞ്ഞു.
Tags : MentalHealthCenters Wellness Centers Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs