Kerala
തൃശൂർ: അമല ആശുപതിയിലെ നഴ്സുമാരിൽ ഒരു വിഭാഗം നടത്തിവന്ന സമരം നഴ്സുമാർ അവസാനിപ്പിച്ചു. ഇന്നു രാവിലെ ജില്ലാ ലേബർ ഓഫീസറുമായി നടന്ന ചർച്ചയെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. കഴിഞ്ഞ ഏപ്രിലിൽ ആശുപതിയിൽ 4000 മുതൽ 6000 രൂപ വരെയുള്ള ശമ്പളപരിഷ്കരണം നടപ്പാക്കിയിരുന്നു.
ഇതു ഏപ്രിൽ മാസം മുതൽ ജോലിയിൽ തുടർന്നവർക്കു ലഭിച്ചിരുന്നു. ഇത് അംഗീകരിച്ചു തിരികെ ജോലിയിൽ കയറാമെന്നു അസോസിയേഷൻ വ്യക്തമാക്കിയതിനെത്തുടർന്നാണ് സമരം അവസാനിച്ചതെന്നും സമരക്കാർ ഉന്നയിച്ച രീതിയുള്ള മാറ്റം അല്ല നടപ്പാക്കിയതെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രി പ്രവർത്തനങ്ങളുടെ പുനക്രമീകരണങ്ങൾക്ക് അനുസരിച്ചു നഴ്സുമാരെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കാമെന്നും മാനേജ്മെന്റ് അറിയിച്ചു.
Kerala
തിരുവനന്തപുരം: 'സ്പർശൻ വെൽനെസ്' സ്പായുമായി ബന്ധപ്പെട്ട് ബിജെപി നേതാവിനെതിരെ രാഷ്ട്രീയ വിവാദം പുകയുന്നു. സെക്രട്ടേറിയറ്റിന് സമീപമുള്ള സ്ഥാപനത്തിന്റെ ലൈസൻസ് ബിജെപി ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. ഷൈൻ ലാലിന്റെ പിതാവായ മനോഹരന്റെ പേരിലാണെന്ന വിവരം പുറത്തുവന്നതോടെയാണ് സൈബർ ഇടങ്ങളിൽ പ്രചാരണം ശക്തമായത്.
ലൈസൻസ് പിതാവിന്റെ പേരിലാണെങ്കിലും ലാഭകരമല്ലാത്തതിനാൽ മാസങ്ങൾക്ക് മുമ്പ് മറ്റൊരാൾക്ക് സ്ഥാപനം കൈമാറിയെന്ന് ഷൈൻ ലാൽ പ്രതികരിച്ചു. ലൈസൻസ് പുതിയ ആളുടെ പേരിലേക്ക് മാറ്റുന്ന നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് വിവാദം ഉണ്ടായത്. പാർട്ടി തന്നോട് ഔദ്യോഗികമായി വിശദീകരണം തേടിയിട്ടില്ലെന്നും സംഘടനാപരമായ യാത്രയിലായതിനാൽ സൈബർ പ്രചാരണങ്ങൾ ശ്രദ്ധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ചതിനെത്തുടർന്നാണ് കോർപ്പറേഷൻ സ്പാ അടപ്പിച്ചത്. പാർട്ടിയുടെ പേര് ഉൾപ്പെടുത്തി സൈബർ ഇടങ്ങളിൽ പ്രചാരണം ശക്തമായതോടെ ബിജെപി സംസ്ഥാന നേതൃത്വം ഷൈൻ ലാലിനോട് വിവരങ്ങൾ തേടിയതായാണ് സൂചന.
Business
തിരുവനന്തപുരം: ആയുർവേദത്തിന്റെയും വെൽനസിന്റെയും ആഗോള കേന്ദ്രമെന്ന നിലയിൽ കേരളത്തിന്റെ സ്ഥാനം ഉയർത്തിക്കാട്ടുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ആദ്യ അന്താരാഷ്ട്ര ആയുർവേദ, വെൽനസ് കോണ്ക്ലേവ് ഫെബ്രുവരി രണ്ട്, മൂന്ന് തീയതികളിൽ കോഴിക്കോട് നടക്കും.
ആയുർവേദ പ്രമോഷൻ സൊസൈറ്റി (എപിഎസ്), അനുബന്ധ ടൂറിസം/ആരോഗ്യ സംഘടനകൾ എന്നിവയുമായി സഹകരിച്ച് സംസ്ഥാന ടൂറിസം വകുപ്പാണ് കോണ്ക്ലേവ് സംഘടിപ്പിക്കുന്നത്.
ആയുർവേദ പണ്ഡിതർ, ആഗോള വെൽനസ് വിദഗ്ധർ, നയരൂപകർത്താക്കൾ, അക്കാദമിക് വിദഗ്ധർ, വ്യവസായ നേതാക്കൾ, ട്രാവൽ വ്യാപാര പ്രഫഷണലുകൾ, അന്താരാഷ്ട്ര പങ്കാളികൾ എന്നിവരെ കോണ്ക്ലേവ് ഒരുമിച്ചു കൊണ്ടുവരും.