പ്രതീകാത്മക ചിത്രം.
ആരോഗ്യപൂർണമായ ദീർഘായുസ് സ്വപ്നമായി അവശേഷിക്കില്ല. നിങ്ങൾ തുറന്ന മനസിന് ഉടമയാണെങ്കിൽ തീർച്ചയായും ആരോഗ്യകരമായ വാർധക്യവും ദീർഘായുസും സ്വായത്തമാക്കാം. ആരോഗ്യകരമായ ജീവിതത്തിനു കൃത്യമായ ഭക്ഷണക്രമം, വ്യായാമം, സാമൂഹിക ബന്ധങ്ങൾ എന്നിവയാണു പ്രധാനമായി കണക്കാക്കാറുള്ളത്. എന്നാൽ, നമ്മുടെ ആയുസ് നിർണയിക്കുന്നതിൽ വ്യക്തിത്വത്തിനു വലിയൊരു പങ്കുണ്ടെന്നു പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. ഒരു മനുഷ്യൻ നൂറിലധികം വർഷം ജീവിച്ചിരിക്കുന്നതിനു പിന്നിലെ രഹസ്യം, ഓപ്പൺനെസ് (തുറന്ന മനസ്) - എന്ന ഒരൊറ്റ സ്വഭാവഗുണമായിരിക്കുമെന്ന് ശാസ്ത്രലോകം അഭിപ്രായപ്പെടുന്നു.
ഇറ്റലിയിലെ കാഗ്ളിയാരി സർവകലാശാലയിലെ സൈക്കോളജിസ്റ്റായ മരിയ കിയാര ഫാസ്റ്റാമും സംഘവുമാണു പഠനത്തിനു പിന്നിൽ പ്രവർത്തിച്ചത്. ലോകത്ത് ഏറ്റവും കൂടുതൽ നൂറു വയസിനുമേൽ പ്രായമുള്ളവർ ജീവിക്കുന്ന ചുരുക്കം ചില സ്ഥലങ്ങളിലൊന്നായ സാർഡീനിയയിലെ ബ്ലൂ സോൺ നിവാസികളെ കേന്ദ്രീകരിച്ചായിരുന്നു പഠനം. മാറുന്ന സാഹചര്യങ്ങളോടു പൊരുത്തപ്പെടാനുള്ള വ്യക്തിത്വ സവിശേഷതകളും പ്രതിസന്ധികളെ അതിജീവിക്കാനുള്ള കഴിവുമാണ് പ്രായമായവരിലും സജീവ ജീവിതശൈലി നിലനിർത്താൻ സഹായിക്കുന്നതെന്നു വ്യക്തമാക്കുന്നു.
എന്താണ് ബ്ലൂ സോൺ പഠനം?
71-നും 101-നും ഇടയിൽ പ്രായമുള്ള 125 മുതിർന്ന വ്യക്തികളെയാണ് ഗവേഷകർ നിരീക്ഷണത്തിനായി തെരഞ്ഞെടുത്തത്. ഇതിൽ 55 പേർ ബ്ലൂ സോണിൽ ജീവിക്കുന്നവരും 70 പേർ അതിനു പുറത്തുള്ള അടുത്ത പ്രദേശങ്ങളിൽ ജീവിക്കുന്നവരുമായിരുന്നു. ഇരുവിഭാഗത്തിനും ഒരേ സാമൂഹിക പശ്ചാത്തലവും ആരോഗ്യസംരക്ഷണ സംവിധാനങ്ങളുമാണുള്ളത്. ഇതു വ്യക്തിത്വത്തിലെ വ്യത്യാസങ്ങൾ കൃത്യമായി മനസിലാക്കാൻ ഗവേഷകരെ സഹായിച്ചു. പങ്കെടുത്തവരുടെ മാനസിക-ശാരീരിക ആരോഗ്യം, ജീവിതശൈലി, വിനോദങ്ങൾ എന്നിവയ്ക്കൊപ്പം മനഃശാസ്ത്രത്തിലെ, ബിഗ് ഫൈവ് - വ്യക്തിത്വ സവിശേഷതകളായ;
ഓപ്പൺനെസ് (തുറന്ന മനസ്), കോൺഷ്യൻഷ്യസ്നെസ് (വിവേകം/ഉത്തരവാദിത്തബോധം), എക്സ്ട്രാ വേർഷൻ (സാമൂഹിക ഇടപെടൽ), അഗ്രീയബിൾനെസ് (ഇണങ്ങാനുള്ള മനസ്),
ന്യൂറോട്ടിസിസം (വൈകാരിക അസ്ഥിരത) എന്നിവയും പഠനവിധേയമാക്കി.
തുറന്ന മനസ് ആകട്ടെ നിങ്ങൾക്കും
ശാരീരിക ആരോഗ്യത്തിന്റെ കാര്യത്തിൽ ഇരുവിഭാഗവും തമ്മിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ ബ്ലൂ സോണിലുള്ളവരെ മറ്റുള്ളവരിൽനിന്ന് വേർതിരിച്ചത് അവരിലുണ്ടായിരുന്ന ഉയർന്ന അളവിലുള്ള, ഓപ്പൺനെസ് - ആയിരുന്നു. പുതിയ കാര്യങ്ങൾ അറിയാനുള്ള ജിജ്ഞാസ, പഠിക്കാനുള്ള താത്പര്യം, പുതിയ അനുഭവങ്ങളെ സ്വീകരിക്കാനുള്ള സന്നദ്ധത എന്നിവയാണ് ഇവരിൽ കൂടുതലായി കണ്ടത്. കൂടാതെ പ്രതിസന്ധികളെ നേരിടാനുള്ള ഉയർന്ന കഴിവും മാനസികോല്ലാസം നൽകുന്ന വിനോദങ്ങളിൽ ഏർപ്പെടാനുള്ള താത്പര്യവും ഇവർ പ്രകടിപ്പിച്ചു. പഠനത്തിൽ പങ്കെടുത്തവരിൽ, തുറന്ന മനസ് - ഉള്ളവർ മികച്ച മാനസികാരോഗ്യമുള്ളവരാണെന്ന് കണ്ടെത്തി. ഉത്തരവാദിത്തബോധം കൂടുതലുള്ളവരിൽ ജീവിത സംതൃപ്തി കൂടുതലായിരുന്നു. അതേസമയം, വൈകാരിക അസ്ഥിരത ഉള്ളവരിൽ ജീവിതനിലവാരം കുറവാണെന്നും ഗവേഷകർ നിരീക്ഷിച്ചു.
വ്യക്തിത്വവും ആയുസും
വ്യക്തിത്വം നേരിട്ടല്ല ഒരാളുടെ ആയുസ് വർധിപ്പിക്കുന്നതെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. പകരം, പുതിയ കാര്യങ്ങളോടുള്ള ജിജ്ഞാസ നിലനിർത്താനും, സജീവമായിരിക്കാനും, ആളുകളുമായി ഇടപഴകാനും ഈ സ്വഭാവവിശേഷം ഇവരെ പ്രേരിപ്പിക്കുന്നു. ഈ നല്ല ശീലങ്ങളാണ് കാലക്രമേണ ആരോഗ്യകരമായ വാർധക്യത്തിലേക്കും ദീർഘായുസിലേക്കും നയിക്കുന്നത്.
ഇതൊരു ചെറിയ നിരീക്ഷണ പഠനമായതിനാൽ ഇതിന്റെ കൃത്യമായ കാരണവും ഫലവും പൂർണമായി തെളിയിക്കാൻ കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണ്. എങ്കിലും, നല്ല ഭക്ഷണവും വ്യായാമവും പോലെ തന്നെ ദീർഘായുസിന്റെ കഥയിൽ നമ്മുടെ മനസിനും വ്യക്തിത്വത്തിനും തുല്യ പങ്കുണ്ടെന്ന കാര്യത്തിൽ ശാസ്ത്രലോകത്തിന് ഇപ്പോൾ സംശയമില്ല.
Tags : Health Lifestyle Wellness SelfCare Habits HealthyLiving Workout HealthyEating ActiveLifestyle FamilyHealth