x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണ്ണി​ൽ അ​ടി​വ​സ്ത്ര​ങ്ങ​ൾ കു​ഴി​ച്ചിട്ട് ആയിരത്തോളം പേർ; ശാസ്ത്രജ്ഞർ വി​ചി​ത്ര​മാ​യ പ​രീ​ക്ഷ​ണം നടത്തിയത് എന്തിന്?

റിസെർച്ച് ഡെസ്‌ക്
Published: September 2, 2026 08:02 PM IST | Updated: September 2, 2026 08:02 PM IST

പരീക്ഷണത്തിൽ പങ്കെടുത്തവർ.

കോ​ട്ട​ൺ അ​ടി​വ​സ്ത്രങ്ങൾ മ​ണ്ണി​ൽ കു​ഴി​ച്ചി​ടുക; ര​ണ്ടു മാ​സ​ത്തി​നുശേ​ഷം പുറത്തെടുക്കുക, അപ്പോൾ എന്തു സംഭവിക്കും? കേൾക്കുന്പോൾ വിചിത്രവും തമാശയുമായി തോന്നിയേക്കാം, ഇതെന്തു പരീക്ഷണം! സ്വി​റ്റ്‌​സ​ർ​ല​ൻ​ഡി​ലെ സൂ​റി​ച്ച് സർവകലാശാലയിലെ ഗവേഷകരാണു വേറിട്ട പരീക്ഷണത്തിനു പിന്നിൽ. ഭൂ​മി​ക്ക​ടി​യി​ലെ ജീ​വ​ന്‍റ​യും മ​ണ്ണിന്‍റെ ആ​രോ​ഗ്യ​ത്തി​ന്‍റെ​യും ര​ഹ​സ്യ​ങ്ങ​ൾ മനസിലാക്കാൻ ശാസ്ത്ര​ജ്ഞ​ർ ന​ട​ത്തി​യ വ്യത്യസ്തമായ പരീക്ഷണമായിരുന്നു അത്! സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​യും അ​ഗ്രോ​സ്കോ​പ്പി​ലെ​യും ഗ​വേ​ഷ​ക​ർ ആ​യി​ര​ത്തോ​ളം പേരുടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ‍യാണു പരീക്ഷണം പൂർത്തിയാക്കിയത്. 'പ്രൂ​ഫ് ബൈ ​അ​ണ്ട​ർ​പാന്‍റ്സ്' (Proof by Underpants) എ​ന്ന പേരിൽ നടത്തിയ പ​രീ​ക്ഷ​ണ​ത്തി​ന്‍റെ ഫ​ല​ങ്ങ​ൾ സയൻസ് ജേ​ണ​ലുകളിൽ പ്ര​സി​ദ്ധീ​ക​രി​ച്ചിട്ടുണ്ട്.

പൂ​ർണ​മാ​യും പ്ര​കൃ​തി​ദ​ത്ത പ​രു​ത്തി കൊ​ണ്ടു നി​ർമി​ച്ച അടിവസ്ത്ര​ങ്ങ​ളാണു ​പ​രീ​ക്ഷ​ണ​ത്തി​നാ​യി ഉപയോഗിച്ചത്. പ​രു​ത്തി​യി​ലെ പ്ര​ധാ​ന ഘ​ട​കം സെ​ല്ലു​ലോ​സ് ആ​ണ്. മ​ണ്ണി​ൽ ജീ​വി​ക്കു​ന്ന കോ​ടി​ക്ക​ണ​ക്കി​ന് ബാ​ക്‌ടീരി​യ​ക​ൾ, ഫം​ഗ​സു​ക​ൾ, മ​ണ്ണി​ര​ക​ൾ, മ​റ്റു സൂ​ക്ഷ്മ​ജീ​വി​ക​ൾ എ​ന്നി​വ സെ​ല്ലു​ലോ​സ് ആ​ഹാ​ര​മാ​ക്കു​ക​യും വളരെവേഗം ജീ​ർ​ണി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു. മ​ണ്ണി​ൽ സൂഷ്മജീ​വികളുടെ സാ​ന്നി​ധ്യ​വും പ്ര​വ​ർ​ത്ത​ന​വും എ​ത്ര​ത്തോ​ളം കൂ​ടു​ത​ലാ​ണോ, അ​ത്ര​യും വേ​ഗ​ത്തി​ൽ തു​ണി ദ്ര​വി​ക്കും. അ​താ​യ​ത്, ​വ​സ്ത്രങ്ങൾ എ​ത്ര​ത്തോ​ളം ന​ശി​ക്കു​ന്നു​വോ അ​ത്ര​യും ജീ​വ​സു​റ്റ​തും ഫ​ല​ഭൂ​യി​ഷ്ഠ​വു​മാ​ണ് ആ ​മ​ണ്ണ്.

ആ​യി​രം വ്യ​ത്യ​സ്ത സ്ഥ​ല​ങ്ങ​ളി​ൽനിന്ന് ര​ണ്ടാ​യി​ര​ത്തി​ല​ധി​കം കോ​ട്ട​ൺ അ​ടി​വ​സ്ത്ര​ങ്ങ​ളും പ​തി​നാ​യി​ര​ത്തി​ല​ധി​കം ടീ ​ബാ​ഗു​ക​ളു​മാ​ണ് കു​ഴി​ച്ചി​ട്ട​ത്. വീ​ട്ടു​പ​റ​മ്പു​ക​ൾ, തോ​ട്ട​ങ്ങ​ൾ, കൃ​ഷി​യി​ട​ങ്ങ​ൾ, പു​ൽ​മൈ​താ​ന​ങ്ങ​ൾ, വ​ന​ങ്ങ​ൾ തു​ട​ങ്ങി​യ ഇട​ങ്ങ​ളി​ലാ​ണു കുഴിച്ചിട്ടത്. രണ്ടു മാസത്തിനുശേഷം ഇവ പുറത്തെടുത്തു. തുടർന്നു ചി​ത്ര​ങ്ങ​ളെ​ടു​ക്കു​ക​യും, മ​ണ്ണിന്‍റെ സാ​മ്പി​ളു​ക​ൾ​ക്കൊ​പ്പം ഗ​വേ​ഷ​ക​ർ​ക്കു നൽകുകയും ചെയ്തു.

പുറത്തെടുത്തപ്പോൾ, ചിലയിടങ്ങ​ളി​ൽ ഇ​ലാ​സ്റ്റി​ക് ബാ​ൻ​ഡ് മാ​ത്ര​മാ​ണ് ശേ​ഷി​ച്ച​തെ​ങ്കി​ൽ, ചി​ല​യി​ട​ങ്ങ​ളി​ൽ തു​ണി​ക്കു കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ല്ല. വീ​ട്ടുവളപ്പിലാണ് ഏ​റ്റ​വും വേ​ഗ​ത്തി​ൽ തു​ണി ദ്ര​വി​ച്ചെ​തെ​ന്നു (58 ശതമാനം) ക​ണ്ടെ​ത്തി. സൂ​ക്ഷ്മ​ജീ​വി​കൾ ഇവിടെ കൂ​ടു​ത​ലാ​യ​താ​ണു കാ​ര​ണം. എ​ന്നാ​ൽ, കൃത്രിമമായി നിർമിച്ച പു​ൽ​മൈ​താ​ന​ങ്ങ​ളി​ൽ ദ്ര​വീ​ക​ര​ണ നി​ര​ക്കു വ​ള​രെ കു​റ​വാ​യി​രു​ന്നു (40 ശതമാനം). കൃ​ഷി​യി​ട​ങ്ങ​ളും പു​ൽ​മേ​ടു​ക​ളും ഇ​വയ്ക്കു രണ്ടിനുമിടയിലായിരുന്നു.

മ​ണ്ണി​ന്‍റെ രാ​സ​ഘ​ട​ന മാ​ത്ര​മ​ല്ല, മ​നു​ഷ്യ​ൻ ​ഭൂ​മി എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്കു​ന്നു എ​ന്ന​തും ജീ​വ​ജാ​ല​ങ്ങ​ളു​ടെ സ​ജീ​വ​ത​യെ വ​ൻ​തോ​തി​ൽ സ്വാ​ധീ​നി​ക്കു​ന്നു​ണ്ടെ​ന്നു പരീക്ഷണം തെ​ളി​യി​ക്കു​ന്നു. സാ​ധാ​ര​ണ​ക്കാ​ർ​ക്കു മ​ണ്ണി​ന്‍റെ ആ​രോ​ഗ്യം വ​ള​രെ എ​ളു​പ്പ​ത്തി​ൽ മ​നസി‌​ലാ​ക്കി​ക്കൊ​ടു​ക്കാ​ൻ ഇതിലൂടെ സാധിക്കുമെന്ന് ഗ​വേ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ജീർണിക്കുന്നതിന്‍റെ വേ​ഗത എ​പ്പോ​ഴും ന​ല്ല​താ​ക​ണ​മെ​ന്നി​ല്ലെ​ങ്കി​ലും, ന​മ്മ​ൾ ച​വി​ട്ടി​നി​ൽ​ക്കു​ന്ന മ​ണ്ണി​ന​ടി​യി​ൽ സൂഷ്മജീവികൾ സജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന സ​ന്ദേ​ശ​മാ​ണു പ​രീ​ക്ഷ​ണം ന​ൽ​കു​ന്ന​ത്.

 

Tags : InternationalNews ScienceNews ProofbyUnderpants Agroscope UniversityofZurich

Recent News

Corehub Up