പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: ഡല്‍ഹിയിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കുന്ന കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ തെക്കുപടിഞ്ഞാറൻ ജില്ല ഒഴികെയുള്ള ഡൽഹിയുടെ മറ്റ് ഭാഗങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. അടുത്ത മണിക്കൂറുകളിൽ ഡൽഹിയുടെ വിവിധയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നീരക്ഷണ കേന്ദ്രം അറിയിച്ചു.
മഴക്കെടുതികളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. ആസാം, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലായി ഇതുവരെ 11 പേർ മരിച്ചു.
ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ജാർഖണ്ഡ്, ഒഡീഷ, ഹിമാചൽപ്രദേശ്, പശ്ചിമ ബംഗാൾ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും വരും ദിവസങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഉത്തരാഖണ്ഡിൽ സെപ്റ്റംബർ ഏഴ് വരെ മഴ തുടരാൻ സാധ്യതയുണ്ട്. ഡെറാഡൂൺ, തെഹ്രി, ഉത്തരകാശി, നൈനിറ്റാൾ, ചമ്പാവത്, ഉധം സിംഗ് നഗർ, പിത്തോറഗഡ്, ബാഗേശ്വർ തുടങ്ങിയ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പ്രളയസാധ്യത മുൻനിർത്തി ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ജമ്മു കാഷ്മീർ എന്നിവിടങ്ങളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം നദികളിലെ ജലനിരപ്പ് ഉയരുന്നതും പെട്ടെന്നുള്ള വെള്ളപ്പൊക്ക സാധ്യതയും കാരണം ജാര്‍ഖണ്ഡും ഉത്തര്‍പ്രദേശും അതീവ ജാഗ്രതയിലാണ്. പലയിടത്തും റോഡുകളും വീടുകളും വെള്ളത്തിനടിയിലായി. ട്രെയിൻ ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.
Tags : Deepika RedAlert Damage HeavyRain Dead