National
നോയിഡ: പ്രവർത്തനം ആരംഭിച്ച് അഞ്ച് മാസങ്ങൾക്കകം നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കനത്ത മഴയെത്തുടർന്ന് വെള്ളക്കെട്ട്. ഗ്രേറ്റർ നോയിഡയിൽ ചൊവ്വാഴ്ച പെയ്ത കനത്ത മഴയിലാണ് ജവറിലെ വിമാനത്താവളത്തിൽ വെള്ളം കയറിയത്.
വിമാനത്താവളത്തിനകത്തും പാർക്കിംഗ് ഏരിയയിലുമാണ് വെള്ളം കെട്ടിക്കിടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വെള്ളം കെട്ടിക്കിടക്കുന്നതും ജീവനക്കാർ അത് നീക്കം ചെയ്യാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ചുരുങ്ങിയ സമയത്തിനുള്ളിൽ പെയ്ത അതിശക്തമായ മഴയാണ് വിമാനത്താവളത്തിനകത്തും പാർക്കിംഗ് ഏരിയയിലും വെള്ളം ഇരച്ചുകയറാൻ കാരണമെന്ന് അധികൃതർ അറിയിച്ചു. വിവരമറിഞ്ഞ ഉടൻ തന്നെ വിമാനത്താവള ജീവനക്കാർ സ്ഥലത്തെത്തുകയും അര മണിക്കൂറിനുള്ളിൽ വെള്ളം പൂർണമായി നീക്കം ചെയ്യുകയും ചെയ്തു.
വെള്ളം നീക്കം ചെയ്യുന്നതുവരെ വാഹന ഗതാഗതം വഴിതിരിച്ചുവിട്ടു. വെള്ളക്കെട്ട് വിമാന സർവീസുകളെ ബാധിച്ചിട്ടില്ലെന്നും സർവീസുകൾ സാധാരണ നിലയിൽ തുടർന്നതായും അധികൃതർ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഏഴു ജില്ലകളിൽ തീവ്രമഴയ്ക്കാണ് സാധ്യത. ഇവിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്.
അതേസമയം, ഇന്ന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഞായറാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ഒഡീഷയ്ക്കും മുകളിലായി ന്യൂനമർദം രൂപപ്പെട്ടു. ഇതിന്റെ സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നു മുതൽ ബുധനാഴ്ച വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. കൂടാതെ, ഇന്നും ഞായറാഴ്ചയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
ഇന്നും ഞായറാഴ്ചയും കേരളം - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
അതേസമയം, കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും ഞായറാഴ്ചയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും ഞായറാഴ്ചയും കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
National
ലക്നോ: ഉത്തര്‍പ്രദേശില്‍ കനത്ത മഴയെ തുടർന്ന് വീട് തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ ആറ് മരണം. വ്യാഴാഴ്ച രാവിലെയോടെയാണ് അപകടമുണ്ടായത്. കൊട്വാലി പോലീസ് സ്റ്റേഷന് പരിധിയിലെ മഹുലിയിലാണ് അപകടമുണ്ടായത്.
രണ്ട് കുട്ടികള്‍ ഉള്‍പ്പടെ ഒരു കുടുംബത്തിലെ ആറ് പേരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 100 വര്‍ഷം പഴക്കമുള്ള വീടാണ് കനത്ത മഴയെ തുടർന്ന് തകർന്നുവീണത്.
അപകടസമയം ഏഴ് പേരാണ് വീട്ടിലുണ്ടായിരുന്നതെന്നും ഇവരെല്ലാം ഉറങ്ങിക്കിടക്കെയാണ് കെട്ടിടം തകര്‍ന്നതെന്നും പോലീസ് അറിയിച്ചു. വിവരമറിഞ്ഞ് ഉടനെ സ്ഥലത്തെത്തിയതായും രക്ഷാപ്രര്‍ത്തനം ആരംഭിച്ചെന്നും പോലീസ് വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൾ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Kerala
കണ്ണൂർ: ചെറുപുഴ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ടു കാണാതായ തിരുവനന്തപുരം സ്വദേശി ആര്. രാജേഷിനായി കേരള, കര്‍ണടാക വനംവകുപ്പ് സംയുക്ത സംഘം കര്‍ണാടക വനത്തില്‍ തെരച്ചില്‍ ആരംഭിച്ചു.
രാജേഷ് രക്ഷപ്പെട്ടു വനത്തിൽ കയറിയിരിക്കാമെന്നു കുടുംബാംഗങ്ങൾ പറഞ്ഞിരുന്നു. ഇതിൻപ്രകാരമാണ് വനത്തിൽ തെരച്ചിൽ ആരംഭിച്ചത്. കഴിഞ്ഞ ദിവസം മലയോരത്തുണ്ടായ കനത്ത മഴയിലും ഉരുൾ പൊട്ടലിലും മീന്തുള്ളി തുരുത്തിൽ ഒറ്റപ്പെട്ടു പോയ കോലുവള്ളിയിലെ ശബനിയിൽ ബെന്നി (61)യെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് രാജേഷിനെ കാണാതായത്.
കോലുവള്ളി നോർത്തിലെ തന്റെ കൃഷിയിടത്തിൽ ശനിയാഴ്ച രാവിലെ എത്തിയതായിരുന്നു ബെന്നി. രാവിലെ 11.30 ഓടെ കർണാടക വനത്തിൽ ഉരുൾപൊട്ടി വെള്ളം കാര്യങ്കോടുപുഴയിലും ബെന്നിയുടെ കൃഷിയിടത്തിലുമെത്തി. മൂന്നോടെ കഴുത്തൊപ്പം വെള്ളത്തിലായ ബെന്നിയുടെ മൊബൈലും വെള്ളത്തിൽ പോയി.
ഒരു മരത്തിൽ പിടിച്ചു സഹായം കാത്തുനിന്ന ബെന്നിയുടെ അടുത്തേയ്ക്കാണ് റാഫ്റ്റിൽ രാജേഷും സുഹൃത്തുക്കളുമെത്തുന്നത്. റാഫ്റ്റിൽനിന്നു കയർ എറിഞ്ഞുകൊടുത്തു. ഇത് ഒരു തെങ്ങിൽ കെട്ടുന്നതിനിടയിൽ ബെന്നിയുടെ കൈവിരലിനു പരിക്കേറ്റു.
കയറിൽ പിടിച്ചു ബെന്നി മുൻപിലും രക്ഷാപ്രവർത്തകർ മൂന്നുപേരും പിന്നിലുമായി പുഴ കടക്കുന്നതിനിടയിൽ ഏറ്റവും പിന്നിൽ വന്നിരുന്ന രാജേഷ് പിടി വിട്ട് ഒഴുക്കിൽപ്പെടുകയായിരുന്നു. ജീവൻ രക്ഷിച്ച രാജേഷിനായി പ്രാർഥനയോടെ കഴിയുകയാണ് ബെന്നിയും ഭാര്യ ആൻസിയും.
Kerala
പേരാവൂർ: തൊണ്ടിയിൽ കാഞ്ഞിരപ്പുഴയിൽ ഒഴുക്കിൽ പെട്ടു കാണാതായ കൊട്ടം ചുരത്തിലെ വയൽ പീടികയിൽ ഹനീഫയുടെ (40) മൃതദേഹം കണ്ടെത്തി. ഒഴുക്കിൽപെട്ട സ്ഥലത്തുനിന്നു നൂറു മീറ്ററോളം അകലെ നിന്നാണ് ഇന്നു രാവിലെ അഗ്നിരക്ഷാ സേന നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ചയാണ് ഹനീഫ ഒഴുക്കിൽപെട്ടത്.
പുഴയിലുടെ ഒഴുകി വരുന്ന തേങ്ങ ശേഖരിക്കുന്നതിനിടെ തൊണ്ടിയിൽ ചെസ് കഫേയുടെ സമീപത്തുവച്ചാണ് ഒഴുക്കിൽപ്പെട്ടത്. ഹനീഫ ഒഴുക്കിൽപ്പെടുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഞെട്ടലോടെയാണ് പലരും ആ രംഗങ്ങൾ കണ്ടത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്രമഴ തുടരും. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്നും കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.
12 ജില്ലകളിൽ ഓറഞ്ച് അലർട്ടും രണ്ടു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും മറ്റു ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ്.
തിരുവനന്തപുരം കൊല്ലം ജില്ലകളിൽ 24 മണിക്കൂറിൽ ഏഴ് മുതൽ 11 സെന്റിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കും മറ്റു ജില്ലകളിൽ 20 സെന്റിമീറ്ററിനു മുകളിലുള്ള തീവ്രമഴയ്ക്കുമാണ് സാധ്യത.
പ്രളയസാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു. ദിവസങ്ങളായി സംസ്ഥാനത്ത് തുടരുന്ന തീവ്ര മഴയ്ക്ക് നാളെയോടെ താത്കാലിക ശമനമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം.
മണർകാട്: വെള്ളക്കെട്ടിൽ യുവാവിനെ കാണാതായി. പറമ്പുകര പാലൂപറമ്പിൽ പി.എസ്. ശരണിനെയാണ് (36) കാണാതായത്. ശക്തമായ മഴയിൽ ശരണിന്റെ വീടിരിക്കുന്ന ഭാഗത്ത് വെള്ളക്കെട്ട് ഉണ്ടായിരുന്നു.
ശക്തമായ മഴയിൽ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത് ശ്രദ്ധയിൽപെട്ട ശരൺ ഇതു പിടിക്കാൻവേണ്ടിയാണ് വെള്ളത്തിലിറങ്ങിയത്. നീന്തൽ അറിയാവുന്ന ഇദ്ദേഹം ടാങ്കിനു പിന്നാലെ പോയെങ്കിലും മുങ്ങിത്താഴുകയായിരുന്നു.
Kerala
കോട്ടയം: ജില്ലയിൽ രാത്രി മുതൽ പെയ്ത കനത്ത മഴയെത്തുടർന്ന് മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നു. കോട്ടയം-കുമരകം-വൈക്കം റോഡിൽ പലയിടങ്ങളിലും വെള്ളം കയറി. തിരുവാർപ്പ്, കുമരകം, അയ്മനം, ആർപ്പൂക്കര, കുമ്മനം, താഴത്തങ്ങാടി, നട്ടശ്ശേരി തുടങ്ങിയ ഭാഗങ്ങളിലെ വീടുകളിലേക്ക് വെള്ളം ഇരച്ചുകയറി.
കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ ജില്ലകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും ഇടത്തരം മുതൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
National
മംഗളൂരു: കേരളത്തിനുപിന്നാലെ കർണാടകയിലും മഴക്കെടുതി രൂക്ഷമാകുന്നു. തീരദേശ ജില്ലകളിലും കുടകിലും പെയ്യുന്ന കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണുണ്ടായത്. പലയിടങ്ങളിലും ഉരുൾപൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായതിനെത്തുടർന്ന് പ്രധാന റോഡുകൾ മുങ്ങുകയും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുകയും ചെയ്തു. മഴ കനത്തതോടെ ദക്ഷിണ കന്നഡയിലെ പ്രധാന നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. സ്ഥിതിഗതികൾ രൂക്ഷമായതിനെത്തുടർന്ന് സംസ്ഥാന-ദേശീയ ദുരന്ത നിവാരണ സേനകളെ സജ്ജരാക്കി നിർത്തിയിട്ടുണ്ട്.
കുന്ന് ഇടിഞ്ഞുവീണ് മൂന്നു മരണം
ശിവമോഗ ജില്ലയിലെ തീർഥഹള്ളി ഗാന്ധിനഗറിൽ ഇന്നലെ പുലർച്ചെ 2.30ഓടെയുണ്ടായ മണ്ണിടിച്ചിലിൽ മൂന്നു വയസുള്ള കുട്ടിയടക്കം ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. കെട്ടിടനിർമാണ തൊഴിലാളികളായ കൊപ്പൽ ഗംഗാവതി സ്വദേശി മല്ലികാർജുൻ (30), ഭാര്യ നാഗവേണി (27), മകൻ സന്തോഷ് (3) എന്നിവരാണു മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടസമയത്ത് ഷെഡ്ഡിലുണ്ടായിരുന്ന 25 തൊഴിലാളികളിൽ 21 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി.
ബൽത്തങ്ങാടി താലൂക്കിലാണ് മഴ ഏറ്റവും കൂടുതൽ നാശം വിതച്ചത്. മുൻഡാജെ - ധർമസ്ഥല റൂട്ടിലുണ്ടായ ഉരുൾപൊട്ടലിനെത്തുടർന്ന് ഗതാഗതം പൂർണമായും തടസപ്പെട്ടു. നെരിയയിൽ സംരക്ഷണഭിത്തി തകർന്ന് വീടുകളിലേക്ക് വെള്ളം കയറി. മുൻഡാജെ, ഉജിരെ എന്നിവിടങ്ങളിലെ കൃഷിയിടങ്ങളും വീടുകളും വെള്ളത്തിനടിയിലാണ്. പുത്രബെയിലു, ലൈല എന്നിവിടങ്ങളിൽ തോടുകൾ കരകവിഞ്ഞതിനെത്തുടർന്ന് ബൽത്തങ്ങാടി - കില്ലൂര്‍ റോഡിൽ ഗതാഗതം മുടങ്ങി.
റെയിൽ ട്രാക്കിൽ കൂറ്റൻ പാറകൾ
മൈസൂരു റെയിൽവേ ഡിവിഷനിലെ യെദകുമാരി - ശിരിബാഗിലു സ്റ്റേഷനുകൾക്കിടയിലുള്ള ആരെബെട്ടയിൽ റെയിൽവേ ട്രാക്കിലേക്ക് വൻതോതിൽ മണ്ണും കൂറ്റൻ പാറക്കല്ലുകളും ഇടിഞ്ഞുവീണു. ഇതേത്തുടർന്ന് ബംഗളൂരുവിനെ മംഗളൂരു, കാർവാർ, കോഴിക്കോട്, മുരുഡേശ്വർ, വിജയപുര എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന ട്രെയിൻ സർവീസുകൾ നിർത്തിവയ്ക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തു.
തുടർച്ചയായി പെയ്യുന്ന മഴ ട്രാക്കിലെ മണ്ണ് നീക്കം ചെയ്യുന്നതിനുള്ള ശ്രമങ്ങൾക്ക് വലിയ തടസം സൃഷ്ടിക്കുന്നുണ്ട്.
ജാഗ്രതാ നിർദേശം
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തീരദേശ മേഖലകൾക്കുപുറമെ ശിവമോഗ, ചിക്കമഗളൂരു, കുടക്, ഹാസൻ, ബെലഗാവി, ധാർവാഡ്, ഹാവേരി, ഉഡുപ്പി, ഉത്തര കന്നഡ ജില്ലകളിൽ വരും മണിക്കൂറുകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴയ്ക്കു നേരിയ ശമനമായെങ്കിലും തോരാത്ത ദുരിതത്തിലാണ് ജനം. മിന്നൽ പ്രളയ ദുരന്തത്തിൽ സംസ്ഥാനത്ത് ഇന്നലെ ആറു പേർ കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 15 പേരാണ് മരിച്ചത്. വിവിധ ജില്ലകളിലായി ആറു പേരെ കാണാനില്ല.
മഴക്കെടുതിയിലും മരങ്ങൾ കടപുഴകി വീണും സംസ്ഥാനത്ത് ഇന്നലെ വൈകുന്നേരം വരെ 323 വീടുകൾ തകർന്നു. 30 വീടുകൾ പൂർണമായും 293 എണ്ണം ഭാഗികമായും തകർന്നു. സംസ്ഥാനത്തെ 273 ദുരിതാശ്വാസ ക്യാന്പുകളിലായി 7674 പേരാണ് കഴിയുന്നത്. 3049 പുരുഷൻമാരും 3249 സ്ത്രീകളും 1406 കുട്ടികളുമാണ് ദുരിതാശ്വാസ ക്യാന്പുകളിലുള്ളത്.
തിരുവനന്തപുരത്ത് വള്ളം തകർന്നു കടലിൽ കാണാതായ നാലുപേരിൽ രണ്ടു പേരുടെ മൃതദേഹങ്ങൾ ലഭിച്ചു. മുതലപ്പൊഴിയിൽ കടലിൽ കാണാതായ മത്സ്യത്തൊഴിലാളി അഞ്ചുതെങ്ങ് സ്വദേശി ഫ്രീമോന്റെ (26) മൃതദേഹം ശംഖുമുഖം ഭാഗത്തു നിന്ന് കണ്ടെത്തി. വിഴിഞ്ഞത്തു ബോട്ട് തകർന്നു കാണാതായ അടിമലത്തുറ സ്വദേശി ആന്റണി (60)യുടെ മൃതദേഹവും ഇന്നലെ കണ്ടെത്തി.
കണ്ണൂർ കൂത്തുപറന്പിൽ തോട്ടിൻകരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൈതേരി ഇടത്തിൽ രാരിഷ് (45), കോഴിക്കോട് കാപ്പാട് വെള്ളക്കെട്ടിൽ വീണ് ചികിത്സയിലിരിക്കേ മരിച്ച രണ്ടുവയസുകാരൻ മാസിൻ, പാലക്കാട്, പാലക്കുഴി വെള്ളച്ചാട്ടത്തിൽ വീണ് ഭാനുപ്രിയ (40), കുളത്തിൽ വീണ് ബിരുദ വിദ്യാർഥിയായ മലപ്പുറം മഞ്ചേരി കരിക്കാട് സ്വദേശി ശ്രീഹരി (19) എന്നിവരാണ് ഇന്നലെ മരിച്ച മറ്റുള്ളവർ.
കൊല്ലം, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ കടലിൽ കാണാതായ ആറു പേർക്കായി തെരച്ചിൽ തുടരുകയാണ്. കനത്ത മഴയിൽ പത്തനംതിട്ട റാന്നിയിൽ വെള്ളം ഇറങ്ങിയെങ്കിലും ആറന്മുളയും അപ്പർ കുട്ടനാടും ഇപ്പോഴും വെള്ളക്കെട്ടിൽ തന്നെയാണ്.
മഴയുമായി ബന്ധപ്പെട്ട വിവിധ അപകടങ്ങളിൽ പരിക്കേറ്റ 13 പേർ നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. അതേസമയം, പല ദുരിതാശ്വാസ ക്യാന്പുകളിലും ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമല്ലെന്ന പരാതിയും ദുരിതബാധിതരുടെ ഭാഗത്തു നിന്ന് ഉയരുന്നുണ്ട്.
കനത്ത മഴ ഇന്നുകൂടി നാളെയോടെ താത്കാലിക ശമനം
തിരുവനന്തപുരം: ദിവസങ്ങളായി സംസ്ഥാനത്ത് തുടരുന്ന തീവ്ര മഴയ്ക്ക് നാളെയൊടെ താത്കാലിക ശമനമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അതേസമയം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. 14 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ ഏഴ് മുതല്‍ 11 സെന്റിമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യത.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ ഒൻപത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂർ, എറണാകുളം, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
മതപഠന സ്ഥാപനങ്ങളും ട്യൂഷൻ സെന്ററുകളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും. അതേസമയം ഇന്ന് നടക്കേണ്ട സെറ്റ്, ഹയർ സെക്കൻഡറി തുല്യത പരീക്ഷകൾ മാറ്റി. ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല പരീക്ഷയും പിന്നീട് നടക്കും.
ഇടുക്കിയിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്കുള്ള കായിക ക്ഷമത പരീക്ഷ ചൊവ്വ, ബുധൻ തീയതികളിൽ നടത്താൻ പിഎസ്സി നിശ്ചയിച്ചിരുന്നത് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പിഎസ്സി അറിയിച്ചു.
Kerala
കുടയത്തൂർ (ഇടുക്കി): കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ മഷികല്ലേൽ രവിയുടെ ഭാര്യ സുമതിക്കു ജീവൻ നഷ്ടമായത് മകൻ രതീഷിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ.
ഉരുൾപൊട്ടലുണ്ടായപ്പോൾ രവിയും സുമതിയും വീടിനു മുൻഭാഗത്തായിരുന്നു. മുറിക്കുള്ളിൽ കിടന്നുറങ്ങുകയായിരുന്നു രതീഷ്. ഭർത്താവ് രവി ഓടിമാറിയതിനാൽ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനിടെ പുലർച്ചെ ആറോടെയാണ് വീടിന് 500 മീറ്റർ അകലെ സുമതിയുടെ മൃതദേഹം എൻഡിആർഎഫ് സംഘം കണ്ടെത്തിയത്. സുമതിയുടെ മൃതദേഹം തൊടുപുഴ ജില്ലാ ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകുന്നേരം അഞ്ചോടെ തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തിൽ സംസ്കരിച്ചു.
രതീഷിനെയും സുമതിയെയും രക്ഷിക്കുന്നതിനായി തൊട്ടടുത്ത് താമസിക്കുന്ന ബന്ധുവും കെഎസ്ആർടിസി കണ്ടക്ടറുമായ മഷികല്ലേൽ എം.വി. വിഭാഷിന്റെ വീട്ടിൽ നിലവിളിയോടെ രവി ഓടിയെത്തി. തുടർന്ന് കൂടുതൽ പേർ രക്ഷാപ്രവർത്തനത്തിന് എത്തുകയായിരുന്നു.
അടുക്കളയുടെ സ്ലാബിനടിയിൽ കിടന്ന് നിലവിളിച്ച രതീഷിന്റെ ശബ്ദംകേട്ട് പ്രദേശവാസികളായ എളങ്ങനാൽ ജെമിനീഷും വഴീപുരയ്ക്കൽ രാഹുലും ചേർന്ന് മണ്ണുംകല്ലും നീക്കി അരമണിക്കൂറിനുള്ളിൽ രതീഷിനെ പുറത്തെടുത്തു. രതീഷിന്റെ കൈ മാത്രമായിരുന്നു മണ്ണിന് മുകളിലുണ്ടായിരുന്നത്. രതീഷിന് വാരിയെല്ലിനും മുഖത്തും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരുടെ വീട് ഉരുൾപൊട്ടലിൽ പൂർണമായും ഒലിച്ചുപോയി.
അടുത്തുനിൽക്കുന്ന ആളിനെപ്പോലും കാണാനാകാത്ത വിധം ദുരന്തമേഖലയാകെ കോടമഞ്ഞ് നിറഞ്ഞനിലയിലായിരുന്നു. പ്രദേശത്തെ ഊരുമൂപ്പനായ പുത്തൻപുരയ്ക്കൽ നൈനാൻ, പുത്തൻപുരയ്ക്കൽ ജോണ്‍, മഷികല്ലേൽ വിഭാഷ് എന്നിവരുടെ വീടിനു സമീപത്തുകൂടിയാണ് ഉരുൾപൊട്ടി മലവെള്ളം കുത്തിയൊലിച്ചെ ത്തിയത്.
Kerala
തിരുവനന്തപുരം: മണിക്കൂറുകൾകൊണ്ട് ദുരിതം വിതച്ച് തിമിർത്തുപെയ്ത മഴയിൽ പകച്ച് കേരളം. ഉരുൾപൊട്ടലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും വ്യാപകനാശം വിതച്ച ഇടുക്കിയിലും പത്തനംതിട്ടയിലും മണിക്കൂറുകൾകൊണ്ടു പെയ്തിറങ്ങിയത് 20 സെന്റിമീറ്ററിനു മുകളിലുള്ള അതിതീവ്ര മഴ.
പത്തനംതിട്ടയിലെ ളാഹയിൽ 25 സെന്റിമീറ്റും പീരുമേട്ടിലും തൊടുപുഴയിലും 21 സെന്റിമീറ്ററും റാന്നിയിൽ 19 സെന്റിമീറ്ററും മഴ പെയ്തതോടെയാണ് മധ്യകേരളം മഴക്കലിയിൽ വിറങ്ങലിച്ചു പോയത്.
മണിക്കൂറുകൾകൊണ്ട് പെയ്തിറങ്ങിയ അതിതീവ്ര മഴയിൽ ഇടുക്കിയിലും പത്തനംതിട്ടയിലും കോട്ടയത്തും സംജാതമായത് മിന്നൽപ്രളയത്തിനു സമാനമായ സാഹചര്യമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ.
കാലവർഷത്തിന്റെ ഭാഗമായുള്ള മഴ ഈ മേഖലകളിൽ തുടർന്നിരുന്നെങ്കിലും വെള്ളിയാഴ്ച രാത്രി വൈകിയാണ് മഴയുടെ ഭാവം മാറിയത്. അതിതീവ്ര മഴ പെയ്ത മണിക്കൂറുകൾക്കു പിന്നാലെ പന്പയിലും മീനച്ചിലാറിലും ജലനിരപ്പ് കുതിച്ചുയർന്നു.
മലവെള്ളപ്പാച്ചിലിൽ തീരം കവിഞ്ഞതോടെ ഈ മേഖലകളിലെ പ്രധാന ജനവാസ കേന്ദ്രങ്ങളടക്കം വെള്ളക്കെട്ടിലായത് ദുരിതം ഇരട്ടിയാക്കി. ഏതാനും മണിക്കൂറുകൾകൊണ്ട് ഒരു ദിവസമോ ആഴ്ചകളോകൊണ്ടു പെയ്യേണ്ട മഴ പെയ്യുകയാണ്. ഇതോടെ വെള്ളം ഒഴുകിപ്പോകാനുള്ള സമയം കിട്ടാത്തതാണ് മിന്നൽ പ്രളയങ്ങൾക്ക് കാരണമാകുന്നത്.
അറബിക്കടലിൽനിന്നുള്ള ശക്തമായ ഈർപ്പമുള്ള പടിഞ്ഞാറൻ കാറ്റാണ് നിലവിലെ അതിതീവ്ര മഴയ്ക്കും മിന്നൽ പ്രളയത്തിനും കാരണമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ. അടുത്ത 24 മണിക്കൂർകൂടി ശക്തമായ മഴ തുടരുമെന്നും പ്രളയസാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
പെയ്ത മഴ:
റാന്നി-19 സെന്റിമീറ്റർ, കരിപ്പൂർ വിമാനത്താവളം, കുരുടാമണ്ണിൽ, പാലോട്, ഉറുമി-16. ഇടുക്കി-15. കോന്നി-14. കോട്ടയം, നിലന്പൂർ-13. കുന്നന്താനം-12. ഒറ്റപ്പാലം, വൈത്തിരി, കൂത്താട്ടുകുളം, കുന്നമംഗലം, അയ്യൻകുന്ന്-11. ചേർത്തല, കുമരകം, വൈക്കം, തട്ടത്തുമല, തൈക്കാട്ടുശേരി, മണ്ണാർക്കാട് എന്നിവിടങ്ങളിൽ 10 സെന്റിമീറ്റും മഴ പെയ്തു.
തിരുവനന്തപുരം: അതിതീവ്ര മഴ മൂലം പമ്പാനദിയിൽ വെള്ളപ്പൊക്കമുണ്ടായ പശ്ചാത്തലത്തിൽ നിറപുത്തരി ചടങ്ങുകൾക്ക് ശബരിമല നട തുറക്കുന്ന ഇന്നും നാളെയും ശബരിമലയിൽ ദർശനം നടത്താൻ തീരുമാനിച്ചിട്ടുള്ള ഭക്തർ കഴിവതും യാത്ര ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു.
ജില്ലകളിൽ ഏറ്റവും ജില്ലകളിൽ ഏറ്റവും കൂടുതൽ മഴ പെയ്ത പ്രദേശങ്ങൾ
പത്തനംതിട്ട- 25 സെന്റിമീറ്റർ(ളാഹ)ഇടുക്കി- 21 (പീരുമേട്/തൊടുപുഴ)മലപ്പുറം- 16 (കരിപ്പൂർ)തിരുവനന്തപുരം-16 (പാലോട്)കോഴിക്കോട്- 16 (ഉറുമി)കോട്ടയം- 13 വയനാട്- 11 (വൈത്തിരി)എറണാകുളം- 11 (കൂത്താട്ടുകുളം)പാലക്കാട്- 11 (ഒറ്റപ്പാലം)കണ്ണൂർ- 11 (അയ്യൻകുന്ന്)കൊല്ലം- 9 (പുനലൂർ/ആര്യങ്കാവ്)ആലപ്പുഴ- 10(ചേർത്തല/കുമരകം)കാസർഗോഡ്- 8(പാണത്തൂർ)തൃശൂർ- 7
തകർന്ന വീടുകൾ 145, ദുരിതാശ്വാസ ക്യാമ്പിൽ 1465 പേർ
തിരുവനന്തപുരം: കഴിഞ്ഞ രണ്ടു ദിവസമായി പെയ്യുന്ന അതിതീവ്ര മഴയിൽ സംസ്ഥാനത്ത് 145 വീടുകൾ തകർന്നു. 17 വീടുകൾ പൂർണമായും 128 എണ്ണം ഭാഗികമായും തകർന്നു. സംസ്ഥാനത്തൊട്ടാകെ 65 ദുരിതാശ്വാസ ക്യാന്പുകൾ തുറന്നു. ഇവിടങ്ങളിലായി 1465 പേരെ ഇന്നലെ വൈകുന്നേരം ആറു മണിവരെ മാറ്റിപ്പാർപ്പിച്ചു.
Kerala
കോഴിക്കോട്: കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് കക്കയം ഡാമിൽ ബ്ലു അലർട്ട് പ്രഖ്യാപിച്ചു. ജല നിരപ്പ് ഇനിയും ഉയർന്നാൽ ഡാം ഷട്ടർ ഉയർത്താനാണ് തീരുമാനം. ഡാമിലെ ജല നിരപ്പ് നിലവിൽ 755.50 മീറ്റർ ആയി ഉയർന്നു. ഈ സാഹചര്യത്തിലാണ് ബ്ലു അലർട്ട് പ്രഖ്യാപിച്ചത്.
അതേസമയം, 24 മണിക്കൂറിനിടെ പെയ്ത അതിശക്തയിലാണ് സംസ്ഥാനത്തെ വിവിധ ഡാമുകളിൽ ജലനിരപ്പ് ഉയർന്നത്. ഇടുക്കി ഡാമിന്റെ ഡൈവേർഷൻ ഡാമുകളായ കല്ലാർ, ഇരട്ടയാർ ഡാമുകളാണ് നിറഞ്ഞത്.
ഇതോടെ കല്ലാർകുട്ടി ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറന്നു. സംസ്ഥാനത്തെ എല്ലാ ഡാമുകളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്.
Kerala
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് ജില്ല കളക്ടർമാർ. പത്തനംതിട്ട, വയനാട്, ഇടുക്കി, കോട്ടയം, മലപ്പുറം, ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷൽ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.
പത്തനംതിട്ട, വയനാട്, ഇടുക്കി, മലപ്പുറം, ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ പ്രഫഷണൽ കോളജുകൾ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്.
Kerala
കൽപ്പറ്റ: കനത്ത മഴ തുടരുന്നതിനാൽ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്നാണ് മുൻകരുതൽ നടപടിയായി ഈ തീരുമാനം.
അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ സെന്ററുകൾ, മതപഠന ക്ലാസുകൾ, സ്പെഷൽ ക്ലാസുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. എന്നാൽ റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. ഇന്ന് അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ജൂലൈ 30 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന വടക്കൻ ഒഡീഷ - പശ്ചിമ ബംഗാൾ തീരപ്രദേശങ്ങളിലും സ്ഥിതി ചെയ്തിരുന്ന ന്യൂനമർദം കൂടുതൽ ശക്തി പ്രാപിച്ച് അതിതീവ്ര ന്യൂനമർദമായി മാറാൻ സാധ്യത ഉള്ളതിനാലാണ് സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.
International
ബെയ്ജിംഗ്: കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ദക്ഷിണ ചൈനയിൽ 39 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഹെഞ്സൂ മേഖലയിലാണ് കൂടുതൽ മരണം. ദിവസങ്ങൾ നീണ്ടുനിന്ന മഴയിൽ ഇവിടത്തെ ജലസംഭരണി ഭാഗികമായി തകർന്നതോടെ 26 പേർ മരണപ്പെട്ടു.
അതിർത്തി മേഖലയായ ഗുവാൻസിയിൽ ഒൻപതോളം പേരെ കാണാതായും അധികൃതർ അറിയിച്ചു. ഗുവാൻസിയിൽ ഇക്കുറി റിക്കാർഡ് മഴയാണ് ലഭിച്ചത്. ജലസംഭരണികൾ തകർന്നതോടെ ജനങ്ങൾ വീടുകളിലും കെട്ടിടങ്ങളിലും കുടുങ്ങി. ഗുയ്ഗാംഗിലെ ഒരു മൃഗശാലയിൽനിന്ന് രണ്ടു സീബ്രകളെയടക്കം നൂറോളം മൃഗങ്ങളെ കാണാതായും റിപ്പോർട്ടുണ്ട്.
തായ്വാന്റെ കിഴക്കൻ തീരത്തു രൂപപ്പെട്ട ചുഴലിക്കാറ്റിനെത്തുടർന്ന് ചൈനയുടെ ഫുജിയാൻ, ഷേജിയാംഗ് മേഖലകളിൽ മണ്ണിടിച്ചിലുണ്ടാകുമെന്നും കണക്കുകൂട്ടുന്നുണ്ട്.
National
ലക്നോ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ കനത്ത മഴയെത്തുടർന്ന് റോഡ് ഇടിഞ്ഞുതാഴ്ന്നുണ്ടായ കുഴിയിൽ കാറും സ്കൂട്ടറും വീണു. റോഡരികിലെ നിർമാണ സ്ഥലത്ത് നിന്ന് മണ്ണ് ഒലിച്ചുപോയതാണ് റോഡ് തകരാൻ കാരണമായത്. നിർത്തിയിട്ടിരുന്ന കാറും സ്കൂട്ടറുമാണ് കുഴിയിൽ വീണത്.
സംഭവം നടക്കുമ്പോൾ വാഹനങ്ങളിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവാക്കാനായി. ഹൈഡ്രോളിക് ക്രെയിൻ ഉപയോഗിച്ച് വാഹനങ്ങൾ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. നിർമാണ സ്ഥലത്തിന് തൊട്ടടുത്തായി നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് മുകളിലേയ്ക്ക് മണ്ണും അവശിഷ്ടങ്ങളും വീണു.
വിവരമറിഞ്ഞ ഉടൻ പോലീസ് സ്ഥലത്തെത്തി ഗതാഗതം തടഞ്ഞു. ഡൽഹി-എൻസിആർ മേഖലയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന കനത്ത മഴയാണ് ഗാസിയാബാദിൽ വ്യാപകമായ നാശനഷ്ടങ്ങൾക്ക് കാരണമായത്.
Kerala
ഡൽഹി: മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിൽ പെയ്യുന്ന കനത്ത മഴയെത്തുടർന്ന് പശ്ചിമ റെയിൽവേ പാതയിൽ ട്രെയിൻ ഗതാഗതം താറുമാറായി. ഇതോടെ കേരളത്തിലേക്കുള്ള പ്രധാന ട്രെയിനുകൾ ഉൾപ്പെടെയുള്ള സർവീസുകൾ റെയിൽവേ വഴിതിരിച്ചുവിടുകയാണ്. മുംബൈയിലെ പാൽഘർ, വസയ് മേഖലകളിലും ഗുജറാത്തിലെ നവ്സാരിയിലും റെയിൽവേ ട്രാക്കുകളിൽ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്നാണ് ഈ അടിയന്തിര നടപടിക്ക് കാരണമായത്.
ഗതാഗത തടസത്തെ തുടർന്ന് ഇൻഡോർ- കൊച്ചുവേളി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് സൂറത്തിൽ നിന്നും പൻവേൽ വഴി തിരിച്ചുവിട്ടു. പിന്നാലെ ഹസ്രത് നിസാമുദ്ദീൻ- തിരുവനന്തപുരം രാജധാനി എക്സ്പ്രസും വഴിതിരിച്ചുവിട്ടു. രാജധാനി എക്സ്പ്രസ് 12 മണിക്കൂറിലധികം വൈകിയാണ് ഓടുന്നത്. വരും മണിക്കൂറുകളിൽ ഗംഗാനഗർ- കൊച്ചുവേളി എക്സ്പ്രസും സൂറത്തിൽ നിന്നും വഴിതിരിച്ചുവിടുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
ട്രാക്കുകളിലെ വെള്ളക്കെട്ടും ട്രെയിനുകളുടെ സമയക്രമത്തിലെ മാറ്റവും കാരണം വാപ്പി, ബോയ്സർ, വസായി റോഡ് എന്നീ സ്റ്റേഷനുകളിലെ യാത്രക്കാർ നിലവിൽ വലിയ ദുരിതത്തിലാണ്. രാജധാനി ഉൾപ്പെടെയുള്ള പ്രധാന ട്രെയിനുകൾ വൈകിയതും റൂട്ട് മാറ്റിയതും കാരണം കേരളത്തിലേക്ക് പോകേണ്ട മലയാളി യാത്രക്കാരാണ് വിവിധ സ്റ്റേഷനുകളിലായി കുടുങ്ങിക്കിടക്കുന്നത്. മേഖലയിൽ അടുത്ത 24 മണിക്കൂർ കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. അതിനാൽ യാത്രക്കാർ റെയിൽവേയുടെ ഔദ്യോഗിക വിവരങ്ങൾ പരിശോധിച്ച ശേഷം മാത്രം സ്റ്റേഷനുകളിലേക്ക് ഇറങ്ങണമെന്ന് അധികൃതർ അഭ്യർഥിച്ചു.
District News
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴക്ക് ശമനമായതോടെ റെഡ് അലർട്ട് പിൻവലിച്ചു. അതേസമയം, സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് പ്രകാരം 10 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
അതേസമയം, ഇന്ന് തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
വരുംമണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന് മണിക്കൂർ മാത്രം) ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം, കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നു മുതൽ ഞായറാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഞായറാഴ്ച വരെ കേരള - കർണാടക തീരങ്ങളിലും, അതിനോട് ചേർന്ന സമുദ്രഭാഗങ്ങളിലും, ലക്ഷദ്വീപ് തീരങ്ങളിലും മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.
District News
ഇടുക്കി: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നതിനാൽ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും. ഡാമിലേക്കുള്ള വെള്ളത്തിന്റെ നീരൊഴുക്ക് വർധിച്ചതിനെത്തുടർന്ന് ജലനിരപ്പ് 139 അടി കവിഞ്ഞു. നിലവിൽ 13 സ്പിൽവേ ഷട്ടറുകൾ തുറന്നിട്ടുണ്ട്.
സെക്കൻഡിൽ 9403 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ സ്പിൽവേ ഷട്ടറുകൾ കൂടുതൽ ഉയർത്തേണ്ടി വരുമെന്നാണ് തമിഴ്നാട് വാട്ടർ അഥോറിറ്റി വ്യക്തമാക്കുന്നത്. ഒരു മീറ്ററിൽ നിന്ന് 1.5 മീറ്ററായി ഷട്ടറുകൾ ഉയർത്തേണ്ടി വരും.
സെക്കൻഡിൽ 10178 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കി വിടേണ്ടി വരുമെന്നും അധികൃതർ അറിയിച്ചു. ഡാമിൽ നിന്ന് വെള്ളം ഒഴുകിയെത്തുന്ന ജനവാസ മേഖലകളിൽ ആശങ്ക ഉയർന്നിട്ടുണ്ട്. താഴ്ന്ന് പ്രദേശങ്ങളിലൊക്കെ വെള്ളം ഉയർന്നു തുടങ്ങിയിട്ടുണ്ട്.
District News
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പ് പുതുക്കി. ഒൻപത് ജില്ലകളിൽ കേ ന്ദ്ര കാലാവസ്ഥ വകുപ്പ് ശക്തമായ മഴ മുന്നറിയിപ്പ് നൽകി.
തിരുവനന്തപുരം പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്ര ഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പുണ്ട്.
കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ശക്തമായ മഴ യിൽ വിവിധ ഇടങ്ങളിൽ മഴക്കെടുതി തുടരുകയാണ്.
District News
തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് തിരുവനന്തപുരത്ത് പലയിടങ്ങളിലും വെ ള്ളക്കെട്ട്. തമ്പാനൂർ, ചാക്ക, ചാല, ശ്രീകണ്ഠേശ്വരം, കിംസ് ആശുപത്രി പരിസരം തു ടങ്ങിയ മേഖലകളിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു.
തമ്പാനൂർ ബസ് സ്റ്റാൻഡ് പരിസരത്തും റെയിൽവെ സ്റ്റേഷനിലും വെള്ളം പൊങ്ങി. റെയിൽവെ ട്രാക്കുകളിൽ വെള്ളം പൊങ്ങിയത് റെയിൽ ഗതാഗതത്തിന് നേരിയ തട സം സൃഷ്ടിച്ചു. റെയിൽവെ ജീവനക്കാർ വെള്ളക്കെട്ട് മാറ്റുകയായിരുന്നു.
പല സ്ഥലങ്ങളിലും ഓടകൾ ശുചീകരിക്കാത്തതാണ് വെള്ളക്കെട്ട് രൂപം കൊള്ളാൻ കാരണമെന്നാണ് പ്രദേശവാസികളും വ്യാപാരികളും ഓട്ടോറിക്ഷ ഡ്രൈവർമാരും ആരോപിക്കുന്നത്. ഓപ്പറേഷൻ അനന്ത പുനരാംരംഭിക്കാൻ വേണ്ട നടപടി കോർപ്പ റേഷൻ അധികൃതർ സ്വീകരിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു.
നഗരത്തിൽ കഴിഞ്ഞ മണിക്കൂറിൽ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും പലയിടങ്ങളി ലും വെള്ളക്കെട്ട് ഒഴിഞ്ഞിട്ടില്ല. തിരുവനന്തപുരം ജില്ലയുടെ മലയോരമേഖലകളിൽ കനത്തമഴ തുടരുകയാണ്. കനത്തമഴയെ തുടർന്ന് വാമനപുരം നദിയിൽ നീരൊഴു ക്ക് വർധിച്ചു. മലയോരമേഖലകളിൽ ഉൾവനത്തിൽ മഴ ശക്തമായി പെയ്യുകയാണ്.
പ്രതികൂല കാലാവസ്ഥ കാരണം പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം വെള്ളിയാഴ്ച മു തൽ അടച്ചിടാൻ തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ നിർദേശം നൽ കി. ഇനിയൊരു നിർദേശമുണ്ടാകുന്നതുവരെ ഇക്കോ ടൂറിസം കേന്ദ്രം അടച്ചിടാനാ ണ് ഉത്തരവ്.
കനത്തമഴയെത്തുടർന്ന് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. 15 സെൻ്റീ മീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തിയത്. ഡാമിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അ റിയിച്ചു.
District News
കൊല്ലം ജില്ലയിൽ ഇന്നും ശക്തമായ മഴ തുടരുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ജൂലൈ 26 വരെ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. വരും ദിവസങ്ങളിൽ അറബിക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ മഴ തുടരാൻ സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ദുരന്തനിവാരണ അതോറിറ്റി അതീവ ജാഗ്രത പുലർത്തണമെന്ന് ആവശ്യപ്പെട്ടു. നദികളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്ക സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.
District News
കണ്ണൂർ ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ അതിശക്തമായ മഴയാണ് ലഭിച്ചത്. തുടർച്ചയായി പെയ്ത മഴയിൽ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. നഗരത്തിലെ പല പ്രധാന റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് ഗതാഗത തടസ്സമുണ്ടായി.
കണ്ണൂർ നഗരസഭയുടെയും സമീപ പഞ്ചായത്തുകളിലെയും നിരവധി വീടുകളിൽ വെള്ളം കയറി. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നതിനുള്ള ഒരുക്കങ്ങൾ ജില്ലാ ഭരണകൂടം പൂർത്തിയാക്കിയിട്ടുണ്ട്.
കാലവർഷം കനത്തതോടെ മീൻപിടിത്തക്കാർ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നദികളിൽ ജലനിരപ്പ് ഉയർന്നിട്ടുള്ളതിനാൽ പുഴകളിലും തോടുകളിലും ഇറങ്ങരുതെന്നും അധികൃതർ അറിയിച്ചു. അടുത്ത 48 മണിക്കൂറിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
District News
പാലക്കാട് ജില്ലയിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാവിലെ മുതൽ ജില്ലയുടെ പല ഭാഗങ്ങളിലും നേരിയ തോതിൽ മഴ ലഭിക്കുന്നുണ്ട്. ഇത് വരും മണിക്കൂറുകളിൽ ശക്തമാവാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിലവിൽ വിലക്കില്ല. എന്നിരുന്നാലും, കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ഉയർന്ന തിരമാലകൾക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
മഴ കനത്താൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും നഗരങ്ങളിൽ ഗതാഗത തടസ്സങ്ങൾക്കും സാധ്യതയുണ്ട്. ജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.