പത്തനംതിട്ട ജില്ലയിൽ വീടുകളിൽ ഒറ്റപ്പെട്ട രോഗികളെ രക്ഷാപ്രവർത്തകർ മറുകരയിലേക്ക് എത്തിക്കുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴയ്ക്കു നേരിയ ശമനമായെങ്കിലും തോരാത്ത ദുരിതത്തിലാണ് ജനം. മിന്നൽ പ്രളയ ദുരന്തത്തിൽ സംസ്ഥാനത്ത് ഇന്നലെ ആറു പേർ കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 15 പേരാണ് മരിച്ചത്. വിവിധ ജില്ലകളിലായി ആറു പേരെ കാണാനില്ല.
മഴക്കെടുതിയിലും മരങ്ങൾ കടപുഴകി വീണും സംസ്ഥാനത്ത് ഇന്നലെ വൈകുന്നേരം വരെ 323 വീടുകൾ തകർന്നു. 30 വീടുകൾ പൂർണമായും 293 എണ്ണം ഭാഗികമായും തകർന്നു. സംസ്ഥാനത്തെ 273 ദുരിതാശ്വാസ ക്യാന്പുകളിലായി 7674 പേരാണ് കഴിയുന്നത്. 3049 പുരുഷൻമാരും 3249 സ്ത്രീകളും 1406 കുട്ടികളുമാണ് ദുരിതാശ്വാസ ക്യാന്പുകളിലുള്ളത്.
തിരുവനന്തപുരത്ത് വള്ളം തകർന്നു കടലിൽ കാണാതായ നാലുപേരിൽ രണ്ടു പേരുടെ മൃതദേഹങ്ങൾ ലഭിച്ചു. മുതലപ്പൊഴിയിൽ കടലിൽ കാണാതായ മത്സ്യത്തൊഴിലാളി അഞ്ചുതെങ്ങ് സ്വദേശി ഫ്രീമോന്റെ (26) മൃതദേഹം ശംഖുമുഖം ഭാഗത്തു നിന്ന് കണ്ടെത്തി. വിഴിഞ്ഞത്തു ബോട്ട് തകർന്നു കാണാതായ അടിമലത്തുറ സ്വദേശി ആന്റണി (60)യുടെ മൃതദേഹവും ഇന്നലെ കണ്ടെത്തി.
കണ്ണൂർ കൂത്തുപറന്പിൽ തോട്ടിൻകരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൈതേരി ഇടത്തിൽ രാരിഷ് (45), കോഴിക്കോട് കാപ്പാട് വെള്ളക്കെട്ടിൽ വീണ് ചികിത്സയിലിരിക്കേ മരിച്ച രണ്ടുവയസുകാരൻ മാസിൻ, പാലക്കാട്, പാലക്കുഴി വെള്ളച്ചാട്ടത്തിൽ വീണ് ഭാനുപ്രിയ (40), കുളത്തിൽ വീണ് ബിരുദ വിദ്യാർഥിയായ മലപ്പുറം മഞ്ചേരി കരിക്കാട് സ്വദേശി ശ്രീഹരി (19) എന്നിവരാണ് ഇന്നലെ മരിച്ച മറ്റുള്ളവർ.
കൊല്ലം, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ കടലിൽ കാണാതായ ആറു പേർക്കായി തെരച്ചിൽ തുടരുകയാണ്. കനത്ത മഴയിൽ പത്തനംതിട്ട റാന്നിയിൽ വെള്ളം ഇറങ്ങിയെങ്കിലും ആറന്മുളയും അപ്പർ കുട്ടനാടും ഇപ്പോഴും വെള്ളക്കെട്ടിൽ തന്നെയാണ്.
മഴയുമായി ബന്ധപ്പെട്ട വിവിധ അപകടങ്ങളിൽ പരിക്കേറ്റ 13 പേർ നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. അതേസമയം, പല ദുരിതാശ്വാസ ക്യാന്പുകളിലും ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമല്ലെന്ന പരാതിയും ദുരിതബാധിതരുടെ ഭാഗത്തു നിന്ന് ഉയരുന്നുണ്ട്.
കനത്ത മഴ ഇന്നുകൂടി നാളെയോടെ താത്കാലിക ശമനം
തിരുവനന്തപുരം: ദിവസങ്ങളായി സംസ്ഥാനത്ത് തുടരുന്ന തീവ്ര മഴയ്ക്ക് നാളെയൊടെ താത്കാലിക ശമനമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അതേസമയം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. 14 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ ഏഴ് മുതല്‍ 11 സെന്റിമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യത.
Tags : HeavyRain FlashFlood Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash