ഫാ. സാമുവേൽ ടി. വർഗീസ്, വലത്ത് സൺഡേ ദീപികയിൽ 1997 സെപ്റ്റംബറിൽ പ്രസിദ്ധീകരിച്ച വാർത്ത.
തിരുവനന്തപുരം: പ്രായമായവർക്ക് ഒത്തുകൂടാനായി ഒരു സംവിധാനവുമില്ലാതിരുന്ന മൂന്നു പതിറ്റാണ്ടിനു മുന്പ് കേരളത്തിൽ വയോജനങ്ങൾക്കായി ആദ്യമായി ‘പകൽവീട്’ എന്ന ആശയം നടപ്പാക്കിയ വൈദികൻ സാമുവേൽ ടി. വർഗീസിന്റെ ആശയം ഇന്ന് ശ്രദ്ധേയമാകുന്നു.
കേരളം വയോജന വകുപ്പു രൂപീകരിച്ചും കേന്ദ്രസർക്കാർ പകൽവീടെന്ന ആശയം നടപ്പാക്കാനും ഒരുങ്ങുന്പോഴാണ് 1996ൽ മാർത്തോമാ സഭാ വൈദികനായ സാമുവേൽ ടി. വർഗീസ് കേരളത്തിലെ തന്നെ ആദ്യ പകൽവീട് സ്ഥാപിച്ച സംഭവം ശ്രദ്ധേയമാകുന്നത്.
വയോജനങ്ങളുടെ എണ്ണം കുത്തനെ ഉയരുന്ന കൊച്ചു കേരളത്തിൽ വയോജനങ്ങൾക്കായി പകൽവീടെന്ന ആശയം മൂന്നു പതിറ്റാണ്ട് മുന്പേ നടപ്പാക്കിയ ഈ വൈദികന്റെ ദീർഘവീക്ഷണത്തിന്റെ മൂല്യം മലയാളി ജനസമൂഹം ഇന്ന് മനസിലാക്കുന്നു.
1996ൽ തിരുവനന്തപുരം നഗരത്തിലെ ഭവനസന്ദർശനത്തിനിടെയുണ്ടായ അനുഭവമാണ് പകൽവീട് എന്ന ആശയത്തിലേക്ക് വൈദികനെ എത്തിച്ചത്. ഭാര്യയുടെ മരണശേഷം ഒറ്റയ്ക്കായ വയോധികനെ ഈ സന്ദർശനത്തിൽ കാണാനിടയായി. പരിചരണങ്ങൾ ഒന്നുമില്ലാതെ നിസഹായാവസ്ഥിലായ ഈ വയോധികന്റെ ജീവിതാനുഭവം ഏറെ പിടിച്ചുലച്ചു.
സിംഗപ്പൂരിൽ വലിയ നിലയിൽ ജീവിച്ച മനുഷ്യനാണ് ഇവിടെ എത്തിയപ്പോൾ ഭാര്യ മരിച്ചതിനു പിന്നാലെ ആരുടെയും പരിചരണം ലഭ്യമാകാത്ത സ്ഥിതിയിൽ കിടന്നത്. ഈ വയോധികനെക്കുറിച്ചുള്ള ഓർമകൾ ദിവസങ്ങളോളം മനസിനെ ഏറെ വിറങ്ങലിപ്പിച്ചു. അന്നത്തെ മെത്രാപ്പോലീത്തയെ ഇക്കാര്യം പറഞ്ഞു ബോധ്യപ്പെടുത്തി.
വയോജനങ്ങൾക്ക് പകൽ മുഴുവൻ ചെലവഴിക്കാനും പരസ്പരം കൂട്ടായ്മ നേടാനും കഴിയുന്ന ഒരു കേന്ദ്രമെന്ന ആശയമാണ് അങ്ങനെ രൂപപ്പെട്ടത്. പദ്ധതിയെക്കുറിച്ച് സർക്കാർ ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ, രാഷ്്ട്രീയ നേതാക്കൾ തുടങ്ങിയവരുമായി ചർച്ചയും നടത്തി. തുടർന്ന് നഗരത്തോട് ചേർന്നുള്ള പോങ്ങുമൂട്ടിൽ ആദ്യ പകൽവീട് പിറവിയെടുത്തു. കേശവദാസപുരം സ്വദേശിനിയായ തങ്കമ്മ ജോർജായിരുന്നു പോങ്ങുമൂട്ടിൽ ആരംഭിച്ച പകൽവീട്ടിലെ ആദ്യ വ്യക്തി.
പിന്നീട് നിരവധി സ്വകാര്യ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും ഈ ആശയം ഏറ്റെടുത്തു. 2003ൽ സംസ്ഥാനത്തിന്റെ പരിഷ്കരിച്ച വയോജന നയത്തിലും ‘പകൽവീട്’ എന്ന ആശയം ഉൾപ്പെടുത്തി.
സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 20 ശതമാനതത്തോളം ഇന്ന് വയോജനങ്ങളാണ്. ഇവരുടെ ശാരീരിക ആരോഗ്യത്തിനൊപ്പം മാനസികവും മനഃശാസ്ത്രപരവുമായ ക്ഷേമത്തിനും പ്രാധാന്യം നൽകേണ്ടതുണ്ടെന്നും പല വയോജനങ്ങളും ഏകാന്തത അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags : DayCareHome Priest Initiated Consideration Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash