പ്രതീകാത്മക ചിത്രം - എഐ
കോഴിക്കോട്:സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ കാര്യക്ഷമമായി അന്വേഷിക്കുന്നതിനായി ക്രൈംബ്രാഞ്ചിനു കീഴില്‍ പ്രത്യേക സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റുകള്‍.
പുതിയ തസ്തികകള്‍ സൃഷ്ടിക്കാതെ ക്രൈംബ്രാഞ്ചിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ നാലു സെന്‍ട്രല്‍ യൂണിറ്റുകളിലെ ഉദ്യോഗസ്ഥരെയും അടിസ്ഥാന സൗകര്യങ്ങളെയും പുനര്വിന്യസിച്ചാണു സൈബര്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റുകള്‍ സജ്ജമാക്കുന്നത്.
ഐജിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുക. ലോക്കല്‍ പോലീസ് സ്റ്റേഷനുകളില്‍നിന്നു ക്രൈംബ്രാഞ്ചിലേക്കു കൈമാറുന്ന സൈബര്‍ കേസുകളില്‍ സാങ്കേതിക തികവോടെയും കൃത്യസമയത്തും അന്വേഷണം പൂര്‍ത്തിയാക്കുകയാണ് പ്രത്യേക യൂണിറ്റിന്റെ ലക്ഷ്യം.
സെന്‍ട്രല്‍ യൂണിറ്റുകളിലുള്ള നാല് എസ്പിമാര്, എട്ടു ഡിവൈഎസ്പിമാര്‍, നാല് ഇന്‍സ്പെക്ടര്‍മാര്‍, 10 സബ്ഇന്‍സ്പെക്ടര്‍മാര്‍, 10 എഎസ്ഐമാര്‍, 59 എസ്സിപിഒമാര്‍, 82 സിപിഒമാര്‍, 20 ഡ്രൈവര്‍മാര്‍ എന്നിവരും അനുബന്ധ മിനിസ്റ്റീരിയല്‍ ജീവനക്കാരും പുതിയ സൈബര്‍ യൂണിറ്റുകളിലേക്കു മാറും.
തിരുവനന്തപുരം സൈബര്‍ ക്രെം ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിനു കീഴില്‍ തിരുവനന്തപുരം സിറ്റി, റൂറല്‍, കൊല്ലം സിറ്റി, റൂറല്‍, പത്തനംതിട്ട എന്നീ പൊലിസ് ജില്ലകളാണ് ഉള്‍പ്പെടുന്നത്.
എറണാകുളം യൂണിറ്റിനു കീഴില്‍ ആലപ്പുഴ, കോട്ടയം, ഇടുക്കി, കൊച്ചി സിറ്റി, എറണാകുളം റൂറല്‍ എന്നിവയും തൃശൂരില്‍ തൃശൂര്‍ സിറ്റി, റൂറല്‍, പാലക്കാട്, മലപ്പുറം എന്നിവയും കോഴിക്കോട് യൂണിറ്റില്‍ കോഴിക്കോട് സിറ്റി, റൂറല്‍, വയനാട്, കണ്ണൂര്‍ സിറ്റി, റൂറല്‍, കാസര്‍കോട് എന്നിവയും ഉള്‍പ്പെടും.
Tags : CrimeBranch Cybercrime Investigation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash