മോസ്കോ: യുക്രെയ്ൻ അധിനിവേശം ആരംഭിച്ചതിനുശേഷമുള്ള ആദ്യ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി റഷ്യൻ ജനത. പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ‘യുണൈറ്റഡ് റഷ്യ’ പാർട്ടി വൻ വിജയം ഉറപ്പിച്ചിരിക്കുന്ന തെരഞ്ഞെടുപ്പിൽ ശക്തരായ പ്രതിപക്ഷനിരയൊന്നുമില്ല. മൂന്നുദിവസം നീണ്ടുനിൽക്കുന്ന വോട്ടെടുപ്പിലൂടെ അധോസഭയായ ‘സ്റ്റേറ്റ് ഡ്യൂമ’യിലെ അംഗങ്ങളെയാണ് ജനങ്ങൾ തെരഞ്ഞെടുക്കുന്നത്. ഒപ്പം 11 പ്രദേശങ്ങളിലെ ഗവർണർമാരെയും 39 പ്രാദേശിക നിയമസഭകളിലെ പ്രതിനിധികളെയും തെരഞ്ഞെടുക്കും.
അധിനിവേശത്തിലൂടെ റഷ്യ അനധികൃതമായി പിടിച്ചെടുത്ത നാല് യുക്രേനിയൻ പ്രദേശങ്ങളിലും വോട്ടെടുപ്പ് നടക്കുന്നുണ്ട്. യുക്രെയ്ൻ യുദ്ധത്തെ എതിർത്ത ഏക പാർട്ടിയായ ‘യാബ്ലോക്കോ’യെ മത്സരത്തിൽനിന്ന് വിലക്കിയിരുന്നു. യുദ്ധത്തിനെതിരേ ശബ്ദമുയർത്തിയ അവസാനത്തെ പ്രമുഖ നേതാവായ ബോറിസ് നദെഷ്ദിൻ കഴിഞ്ഞ മാസം രാജ്യം വിടാൻ നിർബന്ധിതനാകുകയും ചെയ്തു. പ്രധാന പ്രതിപക്ഷ നേതാവ് അലക്സി നവൽനി 2024ൽ ജയിലിൽവച്ച് വിഷം ഉള്ളിൽച്ചെന്നു മരിച്ചിരുന്നു.
യുദ്ധം തുടരുന്നതും സാമ്പത്തിക മേഖലയിലുണ്ടായ തിരിച്ചടികളും തെരഞ്ഞെടുപ്പിനെ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിനുശേഷം നിർബന്ധിത സൈനിക സേവനത്തിനായി പൗരന്മാരെ വീണ്ടും വിളിച്ചേക്കാമെന്ന ആശങ്ക റഷ്യക്കാർക്കിടയിലുണ്ട്.
Tags : Voting Russia Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash