ഭീകരാക്രമണം ഉണ്ടായ സ്ഥലത്ത് ആംബുലൻസുകൾ.
പെഷവാർ: പാക്കിസ്ഥാനിലെ ഖൈബർ പക്തൂൺഖ്വാ പ്രവിശ്യയിലുണ്ടായ ചാവേർ ഭീകരാക്രമണത്തിൽ അഞ്ചു പോലീസുകാർ അടക്കം 16 പേർ കൊല്ലപ്പെട്ടു. പോലീസ് കേന്ദ്രത്തെയാണ് ഭീകർ ലക്ഷ്യമിട്ടത്. ഇതിനോടു ചേർന്ന മോസ്കിൽ വെള്ളിയാഴ്ച പ്രാർഥനയിൽ പങ്കെടുത്തവരും ഇരകളായി.
പെഷവാറിൽനിന്ന് 60 കിലോമീറ്റർ അകലെ കൊഹാത്ത് ജില്ലയിലെ പോലീസ് ലൈൻ എന്ന പ്രദേശത്ത് വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു ആക്രമണം. സ്ഫോടകവസ്തു നിറച്ച വാഹനം ചാവേർ പോലീസ് കേന്ദ്രത്തിന്‍റെ മതിലിൽ ഇടിപ്പിച്ചുകയറ്റി. ഒപ്പമുണ്ടായിരുന്ന ഭീകരർ പിന്നാലെ വെടിവയ്ക്കാൻ തുടങ്ങി.
പോലീസുകാരും കുടുംബാംഗങ്ങളും വെള്ളിയാഴ്ച പ്രാർഥനയിൽ പങ്കെടുത്തിരുന്ന മോസ്കിനു സമീപമായിരുന്നു സ്ഫോടനം. അന്പതോളം പേർക്കു പരിക്കേറ്റെന്നാണ് റിപ്പോർട്ട്. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റിട്ടില്ല.
ചാവേർ സ്ഫോടനത്തിനായി ശരീരത്തിൽ സ്ഫോടകവസ്തുക്കൾ ഘടിപ്പിച്ച ഒരു ഭീകരനെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചതായും റിപ്പോർട്ടുണ്ട്.