എഐ ചിത്രം
തിരുവല്ല: പുളിക്കീഴിലെ ബാറിന് പുറത്തുണ്ടായ സംഘർഷത്തിൽ സുഹൃത്തിന്‍റെ മർദ്ദനമേറ്റ് യുവാവിന് ഗുരുതര പരിക്ക്. കടപ്ര നിരണം വെട്ടിയിൽ കിഴക്കേതിൽ വീട്ടിൽ അരുൺകുമാറിനാണ് (39) പരിക്കേറ്റത്. വ്യാഴാഴ്ച വൈകുന്നേരം ആറുമണിയോടെയായിരുന്നു സംഭവം
സംഭവത്തിൽ അരുണിന്‍റെ സുഹൃത്തായ നിരണം ലക്ഷ്മി വിലാസത്തിൽ സജിത്തിനെ (39) പുളിക്കീഴ് പൊലിസ് വ്യാഴാഴ്ച രാത്രി തന്നെ അറസ്റ്റ് ചെയ്തു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.
. പ്രതിയായ സജിത്തിന്‍റെ ഓട്ടോറിക്ഷയിലാണ് അരുൺകുമാറും മറ്റൊരു സുഹൃത്തും ചേർന്ന് മദ്യപിക്കാനായി ബാറിലെത്തിയത്. മദ്യപാനത്തിനുശേഷം ബാറിന് പുറത്തിറങ്ങിയ മൂവരും തമ്മിൽ പണത്തിന്‍റെ ചെലവിനെ (ഷെയറിനെ) ചൊല്ലി വാക്കേറ്റമുണ്ടായി. ഇത് പിന്നീട് കൈയാങ്കളിയിൽ കലാശിക്കുകയായിരുന്നു.
വാക്കേറ്റത്തിനിടയിൽ കൈയിലുണ്ടായിരുന്ന ഒഴിഞ്ഞ ബിയർ കുപ്പി ഉപയോഗിച്ച് സജിത്ത്, അരുൺകുമാറിന്‍റെ പിൻകഴുത്തിൽ ശക്തിയായി അടിച്ചു. അടിയുടെ ആഘാതത്തിൽ കുപ്പി പൊട്ടി, ചില്ലുകൾ തുളച്ചുകയറി അരുണിന്‍റെ കഴുത്തിൽ ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ആക്രമണത്തിനിടയിൽ പ്രതി സജിത്തിന്‍റെ വിരലുകൾക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഗുരുതര പരിക്കേറ്റ അരുൺകുമാറിനെ ആദ്യം പരുമലയിലെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി.
Tags : Struck Beer Bottle Bar Deepika DeepikaNewspaper BreakingNews NewsUpdate Headlines