മമത ബാനർജിയും അരുപ് റോയിയും.
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിലെ ഇരുവിഭാഗങ്ങൾക്കും പുതിയ പേരും ചിഹ്നങ്ങളും അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഒക്ടോബർ ആറിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മമത ബാനർജിയുടെയും അരുപ് റോയിയുടെയും നേതൃത്വത്തിലുള്ള വിഭാഗങ്ങൾക്ക് പുതിയ പേരുകളിൽ മത്സരിക്കാം.
അരുപ് റോയിയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് ഡെമോക്രാറ്റിക് തൃണമൂൽ കോൺഗ്രസെന്ന പേരും കവർ (എൻവലപ്പ്) ചിഹ്നവുമാണ് അനുവദിച്ചിരിക്കുന്നത്. മമത ബാനർജിയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് മമത ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് എന്ന പേരും ഫുട്ബോൾ കളിക്കാരന്റെ ചിഹ്നവും നൽകി
ബംഗാൾ, മേഘാലയ, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ ഇരുവിഭാഗങ്ങളെയും അംഗീകൃത രാഷ്ട്രീയ പാർട്ടികളായി പരിഗണിക്കുമെന്ന് കമ്മീഷൻ വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കി. പാർട്ടി പിളർപ്പിനെ തുടർന്ന് ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് എന്ന പേരും പുല്ലും പൂക്കളും എന്ന ചിഹ്നവും മരവിപ്പിച്ചുകൊണ്ട് കമ്മീഷൻ വ്യാഴാഴ്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് പുതിയ പേരുകളും ചിഹ്നങ്ങളും അനുവദിച്ചുകൊണ്ടുള്ള നടപടി. നന്ദിഗ്രാം, രെജിനഗർ എന്നീ മണ്ഡലങ്ങളിലും അസമിലെ നാവ്ഗാം മണ്ഡലത്തിലും നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഇരുവിഭാഗങ്ങളും തങ്ങളുടെ സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പുകളിൽ തൃണമൂൽ കോൺഗ്രസിന്റെ പേരോ ചിഹ്നമോ ഉപയോഗിക്കാൻ ഇരുവിഭാഗങ്ങൾക്കും അനുവാദമില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
ബംഗാളിലെ മണ്ഡലങ്ങളിൽ പത്രികാ പരിശോധന നടക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം അടിയന്തരമായി പരിഗണിച്ച് ഉത്തരവിറക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സുവേന്ദു അധികാരി നന്ദിഗ്രാമിലും ഭവാനിപൂരിലും വിജയിച്ചിരുന്നു. തുടർന്ന് ഭവാനിപൂർ സീറ്റ് നിലനിർത്താൻ തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് നന്ദിഗ്രാമിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
Tags : TrinamoolCongress ByElection ElectionCommission MamataBanerjee Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews