സുപ്രീം കോടതി
ന്യൂഡൽഹി: മണിപ്പുരിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ ലൈംഗികാതിക്രമം ഉൾപ്പടെ 25 അസ്വാഭാവിക മരണങ്ങൾ നടന്നുവെന്ന റിപ്പോർട്ടിൽ ഞെട്ടൽ രേഖപ്പെടുത്തി സുപ്രീംകോടതി. അസ്വാഭാവിക മരണങ്ങൾ സംബന്ധിച്ചും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ സുരക്ഷയും അന്തസും ഉറപ്പാക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ചും സമഗ്രമായ റിപ്പോർട്ട് നൽകാൻ സുപ്രീംകോടതി മണിപ്പുർ ചീഫ് സെക്രട്ടറിയോട് ഉത്തരവിട്ടു.
2023ലെ മണിപ്പുർ കലാപവുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണവും വിചാരണയും സംബന്ധിച്ച ഒരുകൂട്ടം ഹർജികളാണ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചത്.
ദുരിതാശ്വാസ ക്യാമ്പുകളിൽ 600ലധികം മരണം നടന്നുവെന്നും എന്നാൽ ഇതിൽ 20 എണ്ണത്തിൽ മാത്രമാണു പോസ്റ്റ്മോർട്ടം നടത്തി കേസെടുത്തിട്ടുള്ളൂവെന്നുമുള്ള മണിപ്പുരിലെ ഐഎഎസ് ഉദ്യോഗസ്ഥന്റെ റിപ്പോർട്ടും കോടതി ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് അസ്വാഭാവിക മരണങ്ങളിൽ പോസ്റ്റ്മോർട്ടം നടത്താത്തത് എന്തുകൊണ്ടാണെന്നും ഇക്കാര്യങ്ങൾ വിശദമാക്കാനും ബെഞ്ച് നിർദേശിച്ചു. ഇതോടൊപ്പം ബാധിക്കപ്പെട്ട കുടുംബങ്ങൾക്ക് അഞ്ചുലക്ഷം മുതൽ പത്തു ലക്ഷം രൂപ വരെ നഷ്ടപരിഹാരം നൽകാൻ ഉദ്ദേശിച്ചിരിക്കെ വെറും 20,000 മുതൽ 30,000 രൂപ മാത്രം നഷ്ടപരിഹാരം നൽകിയതിന്റെ കാരണം വ്യക്തമാക്കാനും കോടതി മണിപ്പുർ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.
അസ്വാഭാവിക മരണമുള്ള എല്ലാ കേസുകളിലും എഫ്ഐആർ രജിസ്റ്റർ ചെയ്യുക, മരണകാരണങ്ങൾ കൃത്യമായി കണ്ടെത്തുക, ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവരുടെ സുരക്ഷയും അന്തസും ഉറപ്പാക്കുക, നിലവിലുള്ള എഫ്ഐആറുകളുടെ അന്വേഷണം വേഗത്തിലാക്കുക തുടങ്ങിയ കാര്യങ്ങൾ എത്രയും വേഗം നടപ്പാക്കാൻ മണിപ്പുർ ലീഗൽ സർവീസ് അഥോറിറ്റിയോട് സുപ്രീംകോടതി നിർദേശിച്ചു.
മണിപ്പുർ കലാപവുമായി ബന്ധപ്പെട്ട് ജസ്റ്റീസ് ഗീത മിത്തൽ സമിതി റിപ്പോർട്ടും സുപ്രീംകോടതി പരിശോധിച്ചു. അസ്വാഭാവിക മരണങ്ങൾ ഉൾപ്പടെയുള്ള വിഷയങ്ങൾ റിപ്പോർട്ടിൽ പരാമർശിക്കുന്നതായി കോടതി കണ്ടെത്തി.
കേസിന്റെ പുരോഗതി വിശദീകരിച്ച് കേന്ദ്രം
മണിപ്പുർ കലാപവുമായി ബന്ധപ്പെട്ട 3,020 കേസുകൾ അന്വേഷിക്കുന്നതിന് എട്ടു ജില്ലകളിലായി 42 പ്രത്യേക അന്വേഷസംഘങ്ങൾ (എസ്ഐടി) രൂപവത്കരിച്ചതായി കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. 302 കേസുകളിൽ കുറ്റപത്രവും 1,583 കേസുകളിൽ ക്ലോഷർ റിപ്പോർട്ടും സമർപ്പിച്ചതായി സർക്കാർ വ്യക്തമാക്കി.
1,135 കേസുകളിൽ അന്വേഷണം പുരോഗമിക്കുകയാണ്. 33 കേസുകളിൽ വിചാരണ ആരംഭിച്ചതായും കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. സിബിഐ അന്വേഷിക്കുന്ന 31 കേസുകളിൽ 28 എണ്ണത്തിൽ കുറ്റപത്രവും ആറെണ്ണത്തിൽ ക്ലോഷർ റിപ്പോർട്ടും സമർപ്പിച്ചിട്ടുണ്ട്. മൂന്ന് കേസുകളുടെ അന്വേഷണം പുരോഗമിക്കുകയാണ്. കുറ്റപത്രം സമർപ്പിച്ച എല്ലാ കേസുകളിലും നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും തത്സ്ഥിതി റിപ്പോർട്ടിൽ വ്യക്തമാക്കി.
Tags : ManipurViolence SexualViolence ReliefCamps SupremeCourt Shocked Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash