പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: വിവാദമായ വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി ബിൽ പരിശോധിക്കുന്ന സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) ആദ്യ യോഗം ഇന്നു ചേരും. നിലവിലെ 31 അംഗ ജെപിസിയിലേക്ക് രണ്ട് രാജ്യസഭാ എംപിമാരെക്കൂടി പ്രത്യേക ക്ഷണിതാക്കളായി ഉൾപ്പെടുത്തിയിട്ടുണ്ട്.
സമാജ്വാദി പാർട്ടിയുടെ ജാവേദ് അലി ഖാൻ, നാഷണൽ പീപ്പിൾസ് പാർട്ടിയുടെ ജെയിംസ് പി.കെ സാഗ്മ എന്നിവരെയാണു ലോക്സഭാ സ്പീക്കർ ഓം ബിർള നാമനിർദേശം ചെയ്തത്. സമിതിയിലെ അംഗങ്ങളല്ലാത്ത എംപിമാർക്ക് ചർച്ചകളിൽ പങ്കെടുക്കാമെങ്കിലും സമിതിയെ അഭിസംബോധന ചെയ്യാൻ കഴിയില്ല.
ബില്ലിലെ ഭരണഘടനാവിരുദ്ധ വ്യവസ്ഥകൾ പിൻവലിക്കണമെന്നും രാജ്യത്തെ എൻജിഒകൾ മുന്നോട്ടു വച്ച ആവശ്യങ്ങൾ പരിഗണിച്ച് പ്രവർത്തനസ്വാതന്ത്ര്യം ഉറപ്പാക്കുന്ന തീരുമാനങ്ങൾ ജെപിസി കേന്ദ്രസർക്കാരിനു ശിപാർശ ചെയ്യണമെന്നും സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. മാത്യു കോയിക്കൽ ആവശ്യപ്പെട്ടു.
ലോക്സഭയിൽനിന്നുള്ള 21 അംഗങ്ങളും രാജ്യസഭയിൽനിന്നുള്ള 10 അംഗങ്ങളും അടങ്ങുന്ന ജെപിസിയുടെ അധ്യക്ഷൻ ബിജെപി എംപി സഞ്ജയ് ജയ്സ്വാളാണ്. കേരളത്തിൽനിന്ന് എംപിമാരായ ആന്റോ ആന്റണി, ഇ.ടി. മുഹമ്മദ് ബഷീർ, സദാനന്ദൻ മാസ്റ്റർ എന്നിവർ സമിതിയിൽ അംഗങ്ങളാണ്.
Tags : FCRA AmendmentBill JPCS Meeting Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash