പ്രതീകാത്മക ചിത്രം
ജമ്മു: ജമ്മു കാഷ്മീരിലെ ഉധംപുർ ജില്ലയിൽ പാക്കിസ്ഥാനികളായ രണ്ടു ജയ്ഷ്-ഇ-മുഹമ്മദ് ഭീകരരെ സുരക്ഷാസൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. ബുധനാഴ്ച രാത്രി ഒന്പതോടെ ബ്രട്ടൽ സോഹൻ, ഖുബ്ബൻ വനമേഖലയിൽ കനത്ത മഴയ്ക്കിടെയായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്.
ഭീകരരുടെ സാന്നിധ്യമറിഞ്ഞ് സുരക്ഷാസേന പ്രദേശം വളയുകയായിരുന്നു. തുടർന്നാണ് ഏറ്റുമുട്ടലുണ്ടായത്. വൈറ്റ് നൈറ്റ് കോറിലെ സൈനികരും പൊലിസും സിആർപിഎഫും സംയുക്തമായാണ് ഭീകരരെ നേരിട്ടത്.
സദ്ദാം, മുസ്തഫ എന്നീ ഭീകരരാണു കൊല്ലപ്പെട്ടത്.
ദുർഘട പർവതമേഖലയും മോശം കാലാവസ്ഥയും അതിജീവിച്ചായിരുന്നു സുരക്ഷാസേന ഭീകരരെ വകവരുത്തിയത്. ഏറ്റുമുട്ടൽ ഇന്നലെ രാവിലെവരെ നീണ്ടു. യുഎസ് നിർമിത എം4 കാർബൈൻ, ഒരു എകെ അസോൾട്ട് റൈഫിൾ എന്നിവ ഉൾപ്പെടെയുള്ള ആയുധങ്ങൾ സുരക്ഷാസേന പിടിച്ചെടുത്തു.
ഭീകരരുടെ സഹായിയായി പ്രവർത്തിച്ചിരുന്ന പ്രദേശവാസിയെ സുരക്ഷാസേന കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യംചെയ്തുവരികയാണ്.
ഉധംപുരിൽ ഈ വർഷം നടക്കുന്ന രണ്ടാമത്തെ വലിയ ഏറ്റുമുട്ടലാണ് ഇന്നലെയുണ്ടായത്. ഫെബ്രുവരിയിൽ ജയ്ഷ്-ഇ-മുഹമ്മദ് കമാൻഡർ അബു മാവിയ ഉൾപ്പെടെ രണ്ടു പാക് ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു.
ദുർഘട പർവത മേഖലയായ കഠുവ-ഉധംപുർ, ദോഡ ബെൽറ്റ് അതിർത്തിക്കപ്പുറത്തുനിന്നു നുഴഞ്ഞുകയറുന്ന ജെഇഎം ഭീകരർ ഒളിസങ്കേതമാക്കാറുണ്ട്.
Tags : Udhampur Pakistani Terrorists Encounter Killed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash