പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ഫുട്ബോൾ താരം ലയണൽ മെസിയെയും അർജന്റൈൻ ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന പേരിൽ നടന്ന ജിഎസ്ടി തട്ടിപ്പ് മൂടിവയ്ക്കാൻ ഐഎഎസ് ഉദ്യോഗസ്ഥ സമ്മർദം ചെലുത്തിയതായി മൊഴി.
രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് നികുതിവകുപ്പിൽ ജോലി നോക്കിയ ഐഎഎസ് ഉദ്യോഗസ്ഥയുടെ സമ്മർദത്തത്തുടർന്നാണ് നികുതി വെട്ടിപ്പിൽ നടപടി വേണ്ടെന്നു താഴേക്കു നിർദേശം നൽകിയതെന്ന് ജിഎസ്ടി ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മിഷണർ സുനിൽകുമാർ എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിനു മൊഴി നൽകി.
കാസർഗോഡ്, കോഴിക്കോട് മേഖലയിലെ ജിഎസ്ടി ഉദ്യോഗസ്ഥരുടെ മൊഴി എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള എസ്ഐടി രേഖപ്പെടുത്തിയിരുന്നു. ഇവരുടെ മൊഴിയിൽ ജിഎസ്ടി ആസ്ഥാനത്തെ ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മിഷണർ സുനിൽകുമാറിന്റെ നിർദേശപ്രകാരമാണ് നടപടി സ്വീകരിക്കാതിരുന്നതെന്ന് എസ്ഐടിയെ അറിയിച്ചിരുന്നു. തുടർന്നാണ് ഇന്നലെ സുനിൽകുമാറിന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്.
തനിക്കു മുകളിലുള്ള ഐഎഎസ് ഉദ്യോഗസ്ഥയുടെ സമ്മർദത്തെ തുടർന്നാണ് നികുതിവെട്ടിപ്പിൽ നടപടി വേണ്ടെന്ന് താഴേക്കു നിർദേശം നൽകിയതെന്നാണ് സുനിൽകുമാർ മൊഴി നൽകിയതെന്നാണ് വിവരം. ഇതേത്തുടർന്ന് ഐഎഎസ് ഉദ്യോഗസ്ഥയെ മൊഴിയെടുക്കാനായി പൊലിസിന്റെ പ്രത്യേക അന്വേഷണ സംഘം വിളിച്ചു വരുത്തും.
ജിഎസ്ടി തട്ടിപ്പുമായി ബന്ധപ്പെട്ടു ഒത്താശ നൽകിയ കാഞ്ഞങ്ങാട്, കോഴിക്കോട് മേഖലയിലെ നാല് ജിഎസ്ടി ഉദ്യോഗസ്ഥർക്കെതിരേ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കാനുള്ള ഫയൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ മുന്നിലെത്തിയിരുന്നു.
ഇവർക്കെതിരേയുള്ള സസ്പെൻഷൻ അടക്കമുള്ള അച്ചടക്ക നടപടി വൈകാതെ ഇറങ്ങാനിരിക്കേയാണ് സംസ്ഥാനത്തെ മുതിർന്ന ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം നീളുന്നത്.
തട്ടിപ്പുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കോർപറേഷൻ സ്ഥാപന മേധാവിക്കെതിരേ പൊലിസ് നടപടി സ്വീകരിച്ചത് ഏറെ വിവാദമായിരുന്നു.
മെസിയുടെ പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ടു മുൻ കായികമന്ത്രി വി. അബ്ദുറഹ്മാന്റെ മൊഴിയും എസ്ഐടി ശേഖരിക്കും. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കോർപറേഷൻ ഒഫിസിൽനിന്ന് പിടിച്ചെടുത്ത രേഖകൾ പരിശോധിച്ച ശേഷമാകും മുൻ മന്ത്രിയെ മൊഴിയെടുക്കാനായി വിളിച്ചു വരുത്തുക.
മുൻ മന്ത്രിയുടെ ഒഫിസിൽനിന്ന് വിദേശത്തേക്ക് ഇ മെയിൽ വഴി സന്ദേശങ്ങൾ അയച്ചതിന്റെയടക്കമുള്ള രേഖകൾ എസ്ഐടിക്ക് ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മന്ത്രിയുടെ ചില പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെയും ചോദ്യം ചെയ്യും.
Tags : IASOfficer Pressured TaxFraud GST OfficialsStatement Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash