പ്രതീകാത്മക ചിത്രം - എഐ
കൊച്ചി: അര്‍ജന്റൈൻ ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദ ഇടപാടില്‍ റിപ്പോര്‍ട്ടര്‍ ടിവിയുടെ കളമശേരിയിലെ ചാനല്‍ ആസ്ഥാനത്തു നടത്തിയ പരിശോധനയില്‍ വിദേശ കറന്‍സിയും വിദേശ ക്രെഡിറ്റ് കാര്‍ഡുമടക്കം പിടിച്ചെടുത്ത സംഭവത്തില്‍ പുതിയ കേസെടുക്കാനൊരുങ്ങി എസ്ഐടി.
വിശദമായ പരിശോധനകള്‍ക്കുശേഷം എസ്ഐടി കൂടുതല്‍ നടപടികളിലേക്ക് കടന്നേക്കുമെന്നാണ് വിവരം. വിവാദ ഇടപാടുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ പലതും നശിപ്പിച്ചതായും എസ്ഐടി സംശയിക്കുന്നുണ്ട്. പിടിച്ചെടുത്ത ഡിജിറ്റല്‍ രേഖകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും.
അതിനിടെ, വിവാദ ഇടപാടില്‍ മുന്‍ കായികമന്ത്രിയെയും ചോദ്യം ചെയ്തേക്കും. കേസില്‍ ഒന്നാംപ്രതിയായ ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്ത ശേഷമാകും ഇത്. കഴിഞ്ഞ ദിവസം നടന്ന പരിശോധനയില്‍ അന്വേഷണസംഘം പിടിച്ചെടുത്ത ഡിജിറ്റല്‍ രേഖകളും കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയവുമായി ബന്ധപ്പെട്ട കരാര്‍ രേഖകളുമടക്കം പൊലിസ് പരിശോധിച്ചുവരികയാണ്.
കേസുമായി ബന്ധപ്പെട്ട് തൃക്കാക്കര എസിപി ബിജോയ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള എസ്ഐടി സംഘം ബുധനാഴ്ച പുലര്‍ച്ചെ 5.50ന് ആരംഭിച്ച പരിശോധന ഇന്നലെ 2.30 ഓടെയാണ് അവസാനിച്ചത്.
മെസിയുടെ പേരില്‍ നടന്ന വിവാദ സാമ്പത്തിക ഇടപാടില്‍ 15നാണ് കളമശേരി പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. വഞ്ചന, തട്ടിപ്പ്, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുള്ള കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിന് ഒന്നാം പ്രതിയും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി രണ്ടാം പ്രതിയുമാണ്.
ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ കോടതിയിൽ രണ്ടു മണിക്കൂർ
വാദപ്രതിവാദം
അബ്കാരി കേസിൽ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷയിൽ സുൽത്താൻ ബത്തേരി ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നടന്നതു രണ്ടു മണിക്കൂർ നീണ്ട വാദപ്രതിവാദം.
വൈകുന്നേരം 4.55നാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. തുടർന്ന് കേസുമായി ബന്ധമില്ലാത്ത എല്ലാവരെയും കോടതി മുറിയിൽനിന്നു പുറത്താക്കിയ ശേഷമായിരുന്നു വാദം ആരംഭിച്ചത്.
ആന്റോ അഗസ്റ്റിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽനിന്നല്ല അനധികൃതമായി സൂക്ഷിച്ച മദ്യം പിടിച്ചെടുത്തതെന്നും ഇയാളുടെ സാന്നിധ്യം സ്ഥലത്തുണ്ടായിരുന്നില്ലെന്നും വീട് ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട് കോടതി അറ്റാച്ച് ചെയ്തതാണെന്നും ആന്റോയുടെ ഉടമസ്ഥതയിലല്ലെന്നും പ്രതിഭാഗം വാദിച്ചു.
എന്നാൽ, 2025ൽ ആന്റോയുടെ പേരിൽ നികുതിയടച്ച രേഖകളുണ്ടെന്നും പ്രതി ഉന്നതബന്ധമുള്ള ആളാണെന്നും സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു.
വാദപ്രതിവാദങ്ങൾക്കൊടുവിൽ 15 മിനിറ്റ് ഇടവേളയ്ക്കുശേഷമാണ് ജഡ്ജി ആന്റോ അഗസ്റ്റിനെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തത്.
Tags : MessiControversy Suspicion Documents Destroyed SIT FurtherAction Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash