കൊച്ചി: അര്‍ജന്റൈൻ ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദ ഇടപാടില്‍ റിപ്പോര്‍ട്ടര്‍ ടിവിയുടെ കളമശേരിയിലെ ചാനല്‍ ആസ്ഥാനത്തു നടത്തിയ പരിശോധനയില്‍ വിദേശ കറന്‍സിയും വിദേശ ക്രെഡിറ്റ് കാര്‍ഡുമടക്കം പിടിച്ചെടുത്ത സംഭവത്തില്‍ പുതിയ കേസെടുക്കാനൊരുങ്ങി എസ്ഐടി.
വിശദമായ പരിശോധനകള്‍ക്കുശേഷം എസ്ഐടി കൂടുതല്‍ നടപടികളിലേക്ക് കടന്നേക്കുമെന്നാണ് വിവരം. വിവാദ ഇടപാടുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ പലതും നശിപ്പിച്ചതായും എസ്ഐടി സംശയിക്കുന്നുണ്ട്. പിടിച്ചെടുത്ത ഡിജിറ്റല്‍ രേഖകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും.
അതിനിടെ, വിവാദ ഇടപാടില്‍ മുന്‍ കായികമന്ത്രിയെയും ചോദ്യം ചെയ്തേക്കും. കേസില്‍ ഒന്നാംപ്രതിയായ ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്ത ശേഷമാകും ഇത്. കഴിഞ്ഞ ദിവസം നടന്ന പരിശോധനയില്‍ അന്വേഷണസംഘം പിടിച്ചെടുത്ത ഡിജിറ്റല്‍ രേഖകളും കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയവുമായി ബന്ധപ്പെട്ട കരാര്‍ രേഖകളുമടക്കം പൊലിസ് പരിശോധിച്ചുവരികയാണ്.
കേസുമായി ബന്ധപ്പെട്ട് തൃക്കാക്കര എസിപി ബിജോയ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള എസ്ഐടി സംഘം ബുധനാഴ്ച പുലര്‍ച്ചെ 5.50ന് ആരംഭിച്ച പരിശോധന ഇന്നലെ 2.30 ഓടെയാണ് അവസാനിച്ചത്.
മെസിയുടെ പേരില്‍ നടന്ന വിവാദ സാമ്പത്തിക ഇടപാടില്‍ 15നാണ് കളമശേരി പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. വഞ്ചന, തട്ടിപ്പ്, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുള്ള കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിന് ഒന്നാം പ്രതിയും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി രണ്ടാം പ്രതിയുമാണ്.