ചാക്കിലാക്കി കൊണ്ടുവന്ന നായയെ പഞ്ചായത്ത് ഓഫിസറുടെ മേശപ്പുറത്തേയ്ക്ക് തുറന്നുവിടുന്നു.
നാസിക്: തെരുവുനായ ശല്യത്തിനെതിരേ മഹാരാഷ്ട്രയിലെ നാസിക്കിൽ വേറിട്ട പ്രതിഷേധം.
നിഫാദ് നഗർ പഞ്ചായത്ത് ഓഫിസിൽ നായകളെ തുറന്നുവിട്ടായിരുന്നു പ്രതിഷേധം. ശിവസേന (യുബിടി) യുവജനവിഭാഗമായ യുവസേനയുടെ ജില്ലാ അധ്യക്ഷൻ വിക്രം രന്ധവെയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ചാക്കിലാക്കി കൊണ്ടുവന്ന രണ്ടു നായ്ക്കളെ നിഫാദ് നഗർ പഞ്ചായത്ത് ചീഫ് ഓഫിസർ ധീരജ് ഭമ്രെയുടെ മേശപ്പുറത്തേക്ക് തുറന്നുവിടുകയായിരുന്നു.
ചീഫ് ഓഫിസർ ടെൻഡർ പ്രവൃത്തികളിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ആരോപിച്ച് 20 രൂപ നോട്ടുകൾകൊണ്ടുണ്ടാക്കിയ മാല ഉദ്യോഗസ്ഥന്റെ കഴുത്തിലിടാനും രന്ധവെ ശ്രമിച്ചു. ആറുമാസമായി തെരുവുനായ ശല്യത്തെക്കുറിച്ച് പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്ന് പറഞ്ഞാണ് പ്രതിഷേധക്കാർ നായകളെ തുറന്നുവിട്ടത്.
ഇനിയും നടപടിയുണ്ടായില്ലെങ്കിൽ ഓഫിസിലേക്ക് കൂടുതൽ നായകളെകൊണ്ടുവരുമെന്നും പഞ്ചായത്ത് പരിധിയിൽ നാനൂറോളം തെരുവുനായകളുണ്ടെന്നും എല്ലാമാസവും നൂറോളം ആളുകൾക്കാണ് തെരുവുനായകളുടെ കടിയേൽക്കുന്നതെന്നും പ്രതിഷേധക്കാർ പറഞ്ഞു. ഇതിന് അടിയന്തര പരിഹാരം കാണാമെന്ന് പൊലിസ് സാന്നിധ്യത്തിൽ അധികൃതർ ഉറപ്പുനൽകിയതിനെത്തുടർന്നാണ് പ്രതിഷേധക്കാർ മടങ്ങിയത്.
Tags : Protest LeapsOut Nashik StrayDog Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash