മൂലമറ്റം പവർസ്റ്റേഷൻ
തൊടുപുഴ: വാര്‍ഷിക അറ്റകുറ്റപ്പണിക്കായി പ്രവര്‍ത്തനം നിര്‍ത്തിവച്ച മൂലമറ്റം വൈദ്യുതി നിലയത്തിലെ ആറാം നമ്പര്‍ ജനറേറ്റര്‍ ഉടന്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ വൈദ്യുതി ബോര്‍ഡ് ചെയര്മാന് എം.ജി.രാജമാണിക്യത്തിന്റെ നിര്‍ദേശം. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ചെയര്‍മാന്റെ അടിയന്തര നിര്‍ദേശം.
വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നടപടികള്‍ മന്ത്രിസഭ ബുധനാഴ്ച ചര്‍ച്ചചെയ്യുന്നതിനിടെ മൂലമറ്റത്തെ ഒരുജനറേറ്റര് പ്രവര്‍ത്തിപ്പിക്കാത്തതിനെ മുഖ്യമന്ത്രി യോഗത്തില്‍ വിമര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അറ്റകുറ്റപണിക്കായി നിര്‍ത്തിവച്ച ജനറേറ്റര്‍കൂടി പ്രവര്‍ത്തിപ്പിക്കാന്‍ അടിയന്തര നിര്‍ദേശം നല്കാന് കാരണമായത്.
മൂലമറ്റത്ത് ഒരു ജനറേറ്റര്‍കൂടി പ്രവര്‍ത്തനസജ്ജമാകുന്നതോടെ 130 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് ഇതോടെ പരിഹരിക്കപ്പെടും.
എം.ജി. രാജമാണിക്യം കഴിഞ്ഞ ദിവസം മൂലമറ്റം വൈദ്യുതി നിലയത്തില്‍ നേരിട്ടെത്തി ഉന്നത ഉദ്യോഗസ്ഥരുമായി കൂടികാഴ്ച നടത്തിയിരുന്നു. മൂലമറ്റം വൈദ്യുതി നിലയത്തിലെ ആറു ജനറേറ്ററുകളില്‍ ജൂണ്‍ മുതല്‍ ഒരോമാസവും ഓരോന്നും അറ്റകുറ്റപ്പണിക്കായി നിര്ത്തിവയ്ക്കാറുള്ളതാണ്.എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അറ്റകുറ്റപണിക്കായി നിര്‍ത്തിവച്ച ജനറേറ്റര്‍കൂടി പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്നലെ 9.062 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് മൂലമറ്റത്ത് ഉത്പാദിപ്പിച്ചത്.
എന്നാല്‍ തുലാമഴ ശക്തമാകാത്തതും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഇത്തവണ കുറഞ്ഞു നില്ക്കുന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. നിലവില്‍ ഇടുക്കിയില്‍ 2367.06 അടി വെള്ളം മാത്രമാണുള്ളത്.
സംഭരണശേഷിയുടെ 61 ശതമാനമാണിത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 2381.06 അടിവെള്ളമുണ്ടായിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 14.01 അടിവെള്ളം ഇടുക്കി അണക്കെട്ടില്‍ കുറവാണ്.
Tags : Moolamattom Generators Operational Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash