ടോമിന് ജെ. തച്ചങ്കരിക്കെതിരേ നിയമപോരാട്ടം നടത്തിയ രാമങ്കരി കരുവേലിത്തറ ബോബി കുരുവിളയും അലക്സാണ്ടര്‍
കോട്ടയം: ആലപ്പുഴ രാമങ്കരി സ്വദേശികളായ കരുവേലിത്തറ ബോബി കുരുവിളയും അലക്സാണ്ടര്‍ കുരുവിളയും നീണ്ട 36 വര്‍ഷം നടത്തിയ നിയമ പോരാട്ടത്തിന്റെ ഫലമാണ് മുൻ ഡിജിപി ടോമിന് ജെ. തച്ചങ്കരിക്ക് ലഭിച്ച തടവുശിക്ഷ.
കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് രാമങ്കരി പൊലിസ് സ്റ്റേഷന് മുതല്‍ സുപ്രീംകോടതി വരെ ഈ സഹോദരങ്ങള്‍ക്കു പോകേണ്ടിവന്നു. 36 വര്‍ഷവും നാലു മാസവും നീണ്ട നിയമ പോരാട്ടത്തിന് ഏകദേശം ഒരുകോടി രൂപയോളം ചെലവായതായി ഇരുവരും പറഞ്ഞു.
ടോമിന് തച്ചങ്കരി ആലപ്പുഴ എഎസ്പിയായിരിക്കേ രാമങ്കരിയിലെ കരുവേലിത്തറ കുടുംബവുമായി ബന്ധപ്പെട്ട് അഭിപ്രായ വ്യത്യാസങ്ങളുണ്ടായതായും ഈ കുടുംബത്തെ നിരന്തരമായി അനധികൃതമായ കേസുകളിലൂടെയും മറ്റും ദ്രോഹിച്ചിരുന്നതായും ബോബി കുരുവിളയും അലക്സാണ്ടറും പറയുന്നു.
പൊലി സിലെ ഉന്നത സ്ഥാനങ്ങളിലിരുന്ന് അഴിമതിയും സ്വത്തുസമ്പാദനവും നടത്തിയെന്ന വ്യാപക പരാതികള്‍ തച്ചങ്കരിക്കെതിരേ ഉയര്‍ന്നതോടെ ബോബിയും അലക്സാണ്ടറും ടോമിന് തച്ചങ്കരി നടത്തിയ അഴിമതിയും മറ്റും അന്വേഷിക്കാനും കേസുകള്‍ നല്‍കാനും ആരംഭിച്ചു.
ഉന്നത പദവിയിലിരിക്കേ അധികാരം ഉപയോഗിച്ച് ദ്രോഹിക്കപ്പെട്ട ആളുകളെ നേരില്‍ പോയി കണ്ടു. അവര്‍ പരാതി നല്കാന് മടിച്ചെങ്കിലും ഇവര്‍ പരാതിയുമായി വിജിലന്‍സിലേക്കും മറ്റും നീങ്ങി. എറണാകുളത്തും വാഗമണ്ണിലും ബംഗളൂരിലുമൊക്കെ അനധികൃതമായി സമ്പാദിച്ച സ്വത്തുകളുടെ വിവരങ്ങളും പൊലി സ് ഡിപ്പാര്‍ട്ട്മെന്റിലും വിവിധ വകുപ്പുകളിലും നടത്തിയ തട്ടിപ്പുകളുടെ രേഖകളും സമ്പാദിച്ചു. പോലീസിലെ നല്ലവരായ ഉദ്യോഗസ്ഥരുടെ സഹായം ഇവര്‍ക്കു ലഭിച്ചു.
2003- 2007 കാലയളവില്‍ തച്ചങ്കരി ഔദ്യോഗിക പദവിയിലിരിക്കേയാണ് ഏറ്റവും കൂടുതല്‍ അനധികൃത സമ്പാദനം നടത്തിയതെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നിയമവിദഗ്ധരുമായി ആലോചിച്ച് ഇക്കാലയളവു വച്ചുള്ള പരാതി വിജിലന്‍സില്‍ നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു.
പരാതി നല്കിയ കരുവേലിത്തറ സഹോദരങ്ങളെ വിവിധ മേഖലകളിലുള്ളവരെ സ്വാധീനിച്ച് പിന്തിരിപ്പിക്കാന് ശ്രമം നടത്തിയെങ്കിലും അവർ ഒരിഞ്ചു പുറകോട്ടു പോയില്ല. ഏറ്റവും ഒടുവില്‍ വിജിലന്‍സ് കോടതി വിധിയില്‍ ശിക്ഷ ഇളവ് ലഭിച്ച് അപ്പീല്‍ നേടുവാനുള്ള ശ്രമവും ഈ സഹോദരങ്ങളുടെ നിയമപരമായ ഇടപെടലിലൂടെയാണ് മാറിയത്.
തച്ചങ്കരിക്ക് ലഭിച്ച ശിക്ഷയില്‍ സന്തോഷവും സംതൃപ്തിയുമുണ്ടെന്നും അധികാര തലത്തിലിരിക്കുന്ന നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ള ഒരു പാഠമാണ് ശിക്ഷയെന്നും ബോബിയും അലക്സാണ്ടറും പറഞ്ഞു. ആരും നിയമത്തിനതീതമല്ലെന്നും ഇവിടത്തെ കോടതികള്‍ ശരിയായ നിയമസംഹിതകള്ക്കനുസരിച്ചു പ്രവര്‍ത്തിക്കുന്നതാണെന്നും കോടതികളില്‍നിന്നും യഥാര്‍ഥമായ നീതി ലഭിക്കുമെന്നും ബോബിയും അലക്സാണ്ടറും ദീപികയോടു പറഞ്ഞു.
Tags : LegalBattle Spanning Court Verdict Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash