കോൺഗ്രസ്.
ന്യൂഡൽഹി: യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള നീക്കത്തിനെതിരേ പ്രതിപക്ഷ അംഗങ്ങൾ ഉൾപ്പെട്ട പാർലമെന്ററി സമിതി എതിർപ്പറിയിച്ചില്ലെന്ന മാധ്യമ റിപ്പോർട്ടുകൾ തള്ളി കോൺഗ്രസ്.
വിഷയം സാമ്പത്തിക കാര്യങ്ങൾക്കായുള്ള പാർലമെന്ററി സമിതിയിൽ ചർച്ച ചെയ്തിട്ടില്ലെന്നു കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. യുപിഐക്കുമേൽ ചാർജ് ഏർപ്പെടുത്താനുള്ള സർക്കാരിന്റെ നീക്കത്തിനെതിരേ രാജ്യവ്യാപകമായി കടുത്ത പ്രതിഷേധമുയർന്നതോടെ വിഷയത്തിൽനിന്നു ശ്രദ്ധ തിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
യുപിഐക്ക് ചാർജ് ഏർപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾക്ക് ഓഗസ്റ്റ് 12ന് ചേർന്ന പാർലമെന്ററി സമിതി അംഗീകാരം നൽകിയെന്നായിരുന്നു സർക്കാർ സ്രോതസുകളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ.
പി. ചിദംബരം, മനീഷ് തിവാരി, ഗൗരവ് ഗൊഗോയ്, കിഷോരി ലാൽ, കെ. ഗോപിനാഥ് എന്നീ അഞ്ച് കോൺഗ്രസ് എംപിമാർ ഈ യോഗത്തിൽ പങ്കെടുത്തിരുന്നെങ്കിലും ഈ നീക്കത്തെ ആരും എതിർത്തിരുന്നില്ലെന്നും റിപ്പോർട്ടുകളിൽ അവകാശപ്പെട്ടിരുന്നു.
എന്നാൽ ഈ വാർത്ത തീർത്തും തെറ്റാണെന്ന് സാമ്പത്തികകാര്യ സമിതി അംഗമായ ഗൗരവ് ഗൊഗോയ് എംപി എക്സിലൂടെ വ്യക്തമാക്കി.
Tags : UPICharges Congress DismissesReport Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash