പത്തനംതിട്ട: തുണി കഴുകിക്കൊണ്ടിരുന്ന യുവതിയുടെ ചിത്രങ്ങൾ ഒളിച്ചുനിന്ന് മൊബൈൽ ഫോണിൽ പകർത്തിയത് ചോദ്യം ചെയ്ത ഭർത്താവിനെയും ബന്ധുക്കളെയും മർദിച്ച കേസിൽ മൂന്നു പേർ പിടിയിൽ. തിരുവല്ല കാവുംഭാഗം കിഴക്കുംമുറി കോങ്ങാപള്ളിയിൽ വീട്ടിൽ ജോഷി എന്ന് വിളിക്കുന്ന മനോജ് കെ. തങ്കപ്പൻ (52), കുസുമസദനം വീട്ടിൽ അഖിൽ സുധൻ (35) തുകലശേരി കുളക്കാട്ട് തത്തംപള്ളി കിഴക്കേതിൽ വീട്ടിൽ സുജിത്ത് സുരേന്ദ്രൻ (35) എന്നിവരാണ് തിരുവല്ല പൊലിസിന്റെ പിടിയിലായത്.
ഈ മാസം 13ന് ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു കേസിനാസ്പദമായ സംഭവം. തിരുവല്ല തിരുമൂലപുരം സ്വദേശിയായ യുവാവിനെയും ഭാര്യയെയും അമ്മയെയും അനുജനെയുമാണ് പ്രതികൾ വീട്ടിൽ കയറി ആക്രമിച്ച് പരിക്കേൽപ്പിച്ചത്. യുവതി തുണി കഴുകിക്കൊണ്ട് നിൽക്കുന്നതിനിടെ ജോഷി എന്ന് വിളിക്കുന്ന മനോജ് ഇവരുടെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി.
യുവതിയുടെ ഭർത്താവ് ഇത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം. പ്രകോപിതനായ മനോജ് സുഹൃത്തുക്കളെയുംകൂട്ടി യുവതിയുടെ വീടിനുള്ളിൽ അതിക്രമിച്ച് കയറി യുവതിയെയും ഭർത്താവിനെയും ഭർത്താവിന്റെ അനുജൻ, പ്രായം ചെന്ന അമ്മ എന്നിവരെയും സംഘ ചേർന്ന് ഉപദ്രവിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ഇവർ തിരുവല്ല സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags : arrest photos woman washing clothes assaulting Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews