കാണാതായ രാജേഷ്, രാജേഷ് രക്ഷിച്ച ബെന്നി.
കണ്ണൂർ: ചെറുപുഴ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ടു കാണാതായ തിരുവനന്തപുരം സ്വദേശി ആര്‍. രാജേഷിനായി കേരള, കര്‍ണടാക വനംവകുപ്പ് സംയുക്ത സംഘം കര്‍ണാടക വനത്തില്‍ തെരച്ചില്‍ ആരംഭിച്ചു.
രാജേഷ് രക്ഷപ്പെട്ടു വനത്തിൽ കയറിയിരിക്കാമെന്നു കുടുംബാംഗങ്ങൾ പറഞ്ഞിരുന്നു. ഇതിൻപ്രകാരമാണ് വനത്തിൽ തെരച്ചിൽ ആരംഭിച്ചത്. കഴിഞ്ഞ ദിവസം മലയോരത്തുണ്ടായ കനത്ത മഴയിലും ഉരുൾ പൊട്ടലിലും മീന്തുള്ളി തുരുത്തിൽ ഒറ്റപ്പെട്ടു പോയ കോലുവള്ളിയിലെ ശബനിയിൽ ബെന്നി (61)യെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് രാജേഷിനെ കാണാതായത്.
കോലുവള്ളി നോർത്തിലെ തന്‍റെ കൃഷിയിടത്തിൽ ശനിയാഴ്ച രാവിലെ എത്തിയതായിരുന്നു ബെന്നി. രാവിലെ 11.30 ഓടെ കർണാടക വനത്തിൽ ഉരുൾപൊട്ടി വെള്ളം കാര്യങ്കോടുപുഴയിലും ബെന്നിയുടെ കൃഷിയിടത്തിലുമെത്തി. മൂന്നോടെ കഴുത്തൊപ്പം വെള്ളത്തിലായ ബെന്നിയുടെ മൊബൈലും വെള്ളത്തിൽ പോയി.
ഒരു മരത്തിൽ പിടിച്ചു സഹായം കാത്തുനിന്ന ബെന്നിയുടെ അടുത്തേയ്ക്കാണ് റാഫ്റ്റിൽ രാജേഷും സുഹൃത്തുക്കളുമെത്തുന്നത്. റാഫ്റ്റിൽനിന്നു കയർ എറിഞ്ഞുകൊടുത്തു. ഇത് ഒരു തെങ്ങിൽ കെട്ടുന്നതിനിടയിൽ ബെന്നിയുടെ കൈവിരലിനു പരിക്കേറ്റു.
കയറിൽ പിടിച്ചു ബെന്നി മുൻപിലും രക്ഷാപ്രവർത്തകർ മൂന്നുപേരും പിന്നിലുമായി പുഴ കടക്കുന്നതിനിടയിൽ ഏറ്റവും പിന്നിൽ വന്നിരുന്ന രാജേഷ് പിടി വിട്ട് ഒഴുക്കിൽപ്പെടുകയായിരുന്നു. ജീവൻ രക്ഷിച്ച രാജേഷിനായി പ്രാർഥനയോടെ കഴിയുകയാണ് ബെന്നിയും ഭാര്യ ആൻസിയും.
Tags : Flood HeavyRain Rescue Kannur Deepika DeepikaNewspaper BreakingNews NewsUpdate Headlines Missing