ജുനൈദ്
മലപ്പുറം: തിരൂരങ്ങാടിയിൽ വൈദ്യുത പോസ്റ്റിന്‍റെ സ്റ്റേ വയറിൽ നിന്നും ഷോക്കേറ്റ് ജുനൈദ് എന്ന വിദ്യാർഥി മരിച്ച സംഭവത്തിൽ പൊതുജനസമക്ഷം മാപ്പുപറഞ്ഞ് കെഎസ്ഇബി. ഔദ്യോഗിക ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കെഎസ്ഇബി മാനേജ്‌മെന്‍റിന്‍റെയും ജീവനക്കാരുടെയും പേരിൽ മാപ്പ് പറഞ്ഞത്.
ഒരിക്കലും സംഭവിക്കരുതാത്തതാണ് സംഭവിച്ചതെന്നും ജുനൈദിന്‍റെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും കൂട്ടുകാരുടെയും പൊതുജനങ്ങളുടെയും മുമ്പാകെ മാപ്പ് പറയുന്നുവെന്നും കെഎസ്ഇബി വ്യക്തമാക്കി.
പൊതുജനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷ അതിപ്രധാനമായാണ് കെഎസ്ഇബി പരിഗണിക്കുന്നതെന്ന് കുറിപ്പിൽ പറയുന്നു. അപകടമുണ്ടാകാനുണ്ടായ സാഹചര്യം നിഷ്പക്ഷമായും കൃത്യമായും തിരൂർ ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിൽ അന്വേഷിക്കും. അന്വേഷണത്തിന് ശേഷം ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും കെഎസ്ഇബി ഉറപ്പുനൽകി.
ഇത്തരം അപകടങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു.
Tags : KSEB Students Death Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash