കുസ്കോയിൽ വിമാനമിറങ്ങിയ ലെയോ മാർപാപ്പയെ പരന്പരാഗത വേഷം ധരിച്ച കുട്ടികൾ സ്വീകരിക്കുന്നു.
ലിമ (പെറു): മിഷനറി എന്ന നിലയിൽ ലെയോ പതിനാലാമൻ മാർപാപ്പയുടെ നാലു പതിറ്റാണ്ടിലേറെ നീണ്ട സേവനങ്ങളെ ആദരിച്ചുകൊണ്ട് രാജ്യത്തെ ‘ലെയോ പതിനാലാമൻ മാർപാപ്പയുടെ നാട്’ ആയി പെറു സർക്കാർ പ്രഖ്യാപിച്ചു.
കത്തോലിക്കാസഭയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു രാജ്യം തങ്ങളുടെ രാജ്യത്തിന്റെ ഔദ്യോഗിക വിശേഷണമായി മാർപാപ്പയെ പ്രഖ്യാപിക്കുന്നത്. പ്രസിഡന്റ് കെയ്ക്കോ ഫുജിമോറി ഒപ്പുവച്ച സുപ്രീം ഡിക്രിയിലൂടെയാണ് ഈ ചരിത്രപരമായ പ്രഖ്യാപനം.
മാർപാപ്പ പത്തു വർഷത്തോളം ബിഷപ്പായി സേവനമനുഷ്ഠിച്ച ചിക്ലായോ നഗരത്തിനും സർക്കാർ പ്രത്യേക ബഹുമതി നൽകിയിട്ടുണ്ട്. മാർപാപ്പ സ്ഥാനമേറ്റെടുത്തശേഷമുള്ള ആദ്യസന്ദേശത്തിൽ ചിക്ലായോയിലെ ജനങ്ങളെ ‘വിശ്വസ്തരായ ജനത’ എന്നായിരുന്നു വിശേഷിപ്പിച്ചത്. ഇപ്പോൾ സർക്കാർ ഉത്തരവിലൂടെ നഗരത്തിന്റെ പഴയ പേരിനൊപ്പം ഇതും ചേർത്ത് ‘ധീരനഗരവും ചിക്ലായോയിലെ വിശ്വസ്ത ജനതയും’ എന്ന് ഔദ്യോഗികമായി നാമകരണം ചെയ്തു.
1985ൽ അഗസ്തീനിയൻ മിഷനറിയായി പെറുവിലെത്തുകയും 2015ൽ പൗരത്വം നേടുകയും ചെയ്ത മാർപാപ്പയ്ക്കു രാജ്യവുമായുള്ള 40 വർഷത്തിലേറെ നീണ്ട അജപാലന, പൗര, സാമൂഹിക ബന്ധങ്ങളെ മുൻനിർത്തിയാണ് ഔദ്യോഗിക ഗസറ്റിൽ ഇതുസംബന്ധിച്ച ഉത്തരവ് പ്രസിദ്ധീകരിച്ചത്.
ആറു ദിവസത്തെ അപ്പസ്തോലിക സന്ദർശനത്തിനായി 11ന് ലിമ വിമാനത്താവളത്തിൽ മാർപാപ്പ വന്നിറങ്ങിയപ്പോൾ കണ്ടത് അവിശ്വസനീയമായ കാഴ്ചകളായിരുന്നു. വിമാനത്താവളം മുതൽ നഗരമധ്യം വരെയുള്ള പത്തു കിലോമീറ്റർ റോഡിന് ഇരുവശവും തിങ്ങിനിറഞ്ഞത് ഏകദേശം 30 ലക്ഷം ആളുകളാണ്. ‘മാർപാപ്പ പെറുകാരനാണ്’ എന്ന ആർപ്പുവിളികളോടെയാണ് ജനക്കൂട്ടം തങ്ങളുടെ പ്രിയപ്പെട്ട ഇടയനെ വരവേറ്റത്. അദ്ദേഹം സന്ദർശിച്ച ഇടങ്ങളിലെല്ലാം അഭൂതപൂർവമായ ജനക്കൂട്ടമാണു വരവേൽക്കാനെത്തിയത്.
സാന്യയിലെ വിശുദ്ധ തുരീബിയൂസ് തീർഥാടനകേന്ദ്രത്തിൽ ശനിയാഴ്ച നടന്ന പ്രാർഥനാസംഗമത്തെ അഭിസംബോധന ചെയ്യവെ ആഫ്രോ-പെറുവിയൻ സമൂഹം നേരിട്ട കടുത്ത ദുരിതങ്ങളെയും അവഹേളനങ്ങളെയും മാർപാപ്പ അനുസ്മരിച്ചു. 2015 മുതൽ 2023 വരെ താൻ ബിഷപ്പായിരുന്ന ചിക്ലായോ രൂപതയിലെ കുറ്റകൃത്യങ്ങളെയും കൊള്ളയടികളെയുംകുറിച്ച് ആശങ്ക പ്രകടിപ്പിച്ച മാർപാപ്പ, മേഖലയിലെ പല കുടുംബങ്ങളും കുറ്റകൃത്യങ്ങളും ഭീഷണികളും അരക്ഷിതാവസ്ഥയും കാരണം ദുരിതമനുഭവിക്കുകയാണെന്നും, സത്യസന്ധമായി അധ്വാനിക്കുന്നവർ ഭീഷണി നേരിടുന്നതിലും വിവേചനം തുടരുന്നതിലും തനിക്ക് അതിയായ വേദനയുണ്ടെന്നും കൂട്ടിച്ചേർത്തു.
തുരീബിയൂസിന്റെ വിശുദ്ധനായി പ്രഖ്യാപിച്ചതിന്റെ 300-ാം വാർഷികത്തോടനുബന്ധിച്ചുള്ള ജൂബിലിവർഷത്തിന്റെ സമാപന പ്രാർഥനാസംഗമത്തിലാണ് മാർപാപ്പ സംസാരിച്ചത്. 1581 മുതൽ 1606ൽ സാന്യയിൽവച്ച് അന്തരിക്കുന്നതുവരെ ലിമയുടെ ആർച്ച്ബിഷപ്പായിരുന്ന സ്പാനിഷ് മിഷനറിയായ വിശുദ്ധ തുരീബിയൂസ്, സുവിശേഷവത്കരണത്തിനായി തദ്ദേശീയ ഭാഷകളായ കെച്ചുവ, അയ്മാര എന്നിവയുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചിരുന്നു. ഈ മാസമാദ്യം പെറു സർക്കാർ അദ്ദേഹത്തെ രാജ്യത്തെ മനുഷ്യാവകാശങ്ങളുടെ മധ്യസ്ഥനായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.
വിശുദ്ധ തുരീബിയൂസിനോട് പ്രത്യേക ഭക്തിയുള്ള മാർപാപ്പ, ചിക്ലായോ ബിഷപ്പായി ചുമതലയേൽക്കുന്നതിന്റെ തലേദിവസം സാന്യയിലെ വിശുദ്ധന്റെ തിരുശേഷിപ്പിനു മുന്നിൽ പ്രാർഥനയോടെ രാത്രി ചെലവഴിച്ച കാര്യവും പ്രസംഗത്തിൽ അനുസ്മരിച്ചു. വടക്കൻ പെറുവിലെ സന്ദർശനത്തിന്റെ അവസാന പരിപാടിയായിരുന്നു സാന്യയിലെ പ്രാർഥനാസംഗമം.പന്ത്രണ്ട് ദിവസം നീണ്ട ലാറ്റിനമേരിക്കൻ സന്ദർശനത്തിനുശേഷം ലെയോ പതിനാലാമൻ മാർപാപ്പ ഇന്നു റോമിലേക്ക് മടങ്ങും.
Tags : land of Leo XIV Deepika DeepikaNewspaper BreakingNews land of Leo XIV