ക്രെഡിയോൺ കെ. വില്യംസ്
ലൂസിയാന: പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ യുവാവിന് വന്ധ്യംകരണത്തിന് വിധിച്ചു. മുൻ പൊലിസ് ഉദ്യോഗസ്ഥനും അഗ്നിരക്ഷാ പ്രവർത്തകനുമായ ക്രെഡിയോൺ കെ. വില്യംസ് (31) നെയാണ് അമേരിക്കയിലെ ലൂസിയാന കോടതി ശിക്ഷിച്ചത്. അമേരിക്കയിൽ ഇത്തരമൊരു ശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന രണ്ടാമത്തെ വ്യക്തിയാണ് വില്യംസ്.
എട്ടു മുതൽ 11 വയസുവരെ പ്രായമുള്ള നിരവധി കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടികളോടുള്ള ലൈംഗിക അതിക്രമം, കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കൈവശംവയ്ക്കൽ തുടങ്ങിയ കുറ്റങ്ങളിലാണ് നടപടി. ന്യൂ റോഡ്സിലെ അഗ്നിരക്ഷാ നിലയങ്ങളിലും സ്വന്തം വീട്ടിലും വെച്ചാണ് ഇയാൾ കുട്ടികളെ പീഡിപ്പിച്ചതെന്നും അതിന്റെ ദൃശ്യങ്ങൾ പകർത്തിയിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
കേസിൽ ഒക്ടോബർ ഒന്നിനാണ് ജൂറി വിധി പുറപ്പെടുവിച്ചത്. ലൂസിയാന നിയമപ്രകാരം ഇത്തരം കുറ്റകൃത്യങ്ങളിൽ തടവ് ശിക്ഷ നിർബന്ധമാണെങ്കിലും പ്രതിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി രാസ വന്ധ്യംകരണത്തിനും ശസ്ത്രക്രിയയിലൂടെയുള്ള വന്ധ്യംകരണത്തിനും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. അമേരിക്കയിൽ നിർബന്ധിത ശസ്ത്രക്രിയാ വന്ധ്യംകരണത്തിന് വിധിക്കപ്പെട്ട ആദ്യ വ്യക്തി അസംപ്ഷൻ പാരിഷ് സ്വദേശിയായ കരോൾ റേ ക്ലാർക്കാണെന്ന് 23-ാം ജുഡീഷ്യൽ ഡിസ്ട്രിക്ട് അറ്റോർണി റിക്കി ബാബിൻ അറിയിച്ചു.
2008-ലാണ് ലൂസിയാനയിൽ വന്ധ്യംകരണവുമായി ബന്ധപ്പെട്ട നിയമം നിലവിൽ വന്നത്. 2024-ൽ നിയമത്തിൽ ഭേദഗതി വരുത്തി. ഗുരുതരമായ ലൈംഗിക കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്ന പ്രതികൾക്ക് രാസ വന്ധ്യംകരണമോ ശസ്ത്രക്രിയയിലൂടെയുള്ള വന്ധ്യംകരണമോ വിധിക്കാൻ ജഡ്ജിക്ക് അധികാരം നൽകുന്നതാണ് നിയമം. 13 വയസിൽ താഴെയുള്ള കുട്ടികൾക്കെതിരായ ഗുരുതരമായ ലൈംഗിക കുറ്റകൃത്യങ്ങളിൽ പ്രതിയുടെ സമ്മതമില്ലാതെയും ശസ്ത്രക്രിയയിലൂടെയുള്ള വന്ധ്യംകരണം വിധിക്കാൻ കോടതിക്ക് അധികാരം നൽകുന്നതാണ് 2024-ലെ ഭേദഗതി.
Tags : Justice ChildAbuse SexualAbuse Sterilization CourtVerdict Louisiana Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash