എം.വി. ഗോവിന്ദൻ.
തൃശൂർ: എൽപിഎസ്ടി സമരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി.സതീശനെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അധികാരത്തിലെത്തിയാൽ ഒരാഴ്ചകൊണ്ട് പ്രശ്നം പരിഹരിക്കുമെന്ന് നേരത്തെ വാഗ്ദാനം നൽകിയവർ ഇപ്പോൾ തിരിഞ്ഞുനോക്കാത്ത അവസ്ഥയാണ്. സമരം ചെയ്യുന്ന വളർമതിയുടെ ആരോഗ്യനില ഗുരുതരമാണെന്ന റിപ്പോർട്ടുകൾ ആശങ്കാജനകമാണ്.
എൽപിഎസ്ടി സമരത്തിൽ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ വൈദ്യുതി വാങ്ങലിൽ വലിയ അഴിമതി നടന്നിട്ടുണ്ടെന്നും വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബറിൽ 200 മെഗാവാട്ട് വൈദ്യുതി അധികവില നൽകി വാങ്ങിയതിൽ ഗുരുതരമായ ക്രമക്കേടുകളുണ്ടെന്നാണ് ഗോവിന്ദന്റെ ആരോപണം.
ആരുടെയും അനുമതിയില്ലാതെയും ബന്ധപ്പെട്ടവരുമായി ചർച്ച നടത്താതെയും ടെൻഡർ നടപടികൾ സ്വീകരിക്കാതെയുമാണ് വൈദ്യുതി വാങ്ങിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇതു അപകടകരമായ നിലപാടാണെന്നും ഇടപാടുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വൈദ്യുതി മന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുള്ള തർക്കം പരസ്യമായതും വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിൽ ഇപ്പോൾ കൂട്ടത്തല്ലാണ് നടക്കുന്നത്. ഓരോ പത്രസമ്മേളനത്തിലും മുഖ്യമന്ത്രി കളവുപറയുകയാണെന്നും ഗോവിന്ദൻ ആരോപിച്ചു. മന്ത്രിമാർക്ക് പുതിയ വാഹനങ്ങൾ വാങ്ങാനുള്ള സർക്കാർ തീരുമാനത്തെയും അദ്ദേഹം വിമർശിച്ചു. സർക്കാരിന്റെ പിടിപ്പുകേടാണ് ഇത്തരം നടപടികളിലൂടെ പുറത്തുവരുന്നതെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Tags : EducationProtest M.V.Govindan V.D.Satheesan Cpim KeralaPolitics LpstStrike Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash