വിരാട് കോഹ്ലിയും രോഹിത് ശർമ്മയും
ഏഴ് വർഷം നീണ്ട കാത്തിരിപ്പ്... ഒടുവിൽ കിവീസ് മണ്ണിൽ വീണ്ടും ഇന്ത്യൻ വിജയഗാഥ! 2019ന് ശേഷം ന്യൂസിലൻഡിൽ ഏകദിന പരമ്പരയെന്ന സ്വപ്നം യാഥാർഥ്യമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. മൗണ്ട് മൗംഗനൂയിയിലെ ബേ ഓവലിൽ നടന്ന അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിൽ 22 റൺസിന്റെ ആവേശജയം കുറിച്ചാണ് ഇന്ത്യ 3-1ന് പരമ്പര സ്വന്തമാക്കിയത്. 2019ൽ വിരാട് കോഹ്ലിയുടെ നായകത്വത്തിൽ പരമ്പര നേടിയ ഇന്ത്യക്ക് പിന്നീട് കിവീസ് മണ്ണിൽ കാലിടറുകയായിരുന്നു.
തോൽവികളിൽ നിന്ന് ഉയിർത്തെഴുന്നേറ്റ ചരിത്രവിജയം
2019-ൽ വിരാട് കോഹ്ലിയുടെ നേതൃത്വത്തിൽ 4-1ന് പരമ്പര നേടിയതിന് ശേഷം കിവീസ് മണ്ണിൽ ഇന്ത്യക്ക് കഷ്ടകാലമായിരുന്നു. 2020ൽ 3-0ത്തിന് പരമ്പര അടിയറവെച്ച ഇന്ത്യക്ക് 2022-ലും തിരിച്ചടിയേറ്റു. അന്ന് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ആദ്യ മത്സരം ഏഴ് വിക്കറ്റിന് തോറ്റപ്പോൾ തുടർന്നുള്ള രണ്ട് മത്സരങ്ങളും മഴമൂലം ഉപേക്ഷിക്കപ്പെട്ടു. ഇതോടെ പരമ്പര 1-0ന് ന്യൂസിലൻഡ് സ്വന്തമാക്കി.
ഏഴ് വർഷത്തോളം നീണ്ട ഈ കാത്തിരിപ്പിനാണ് ഇപ്പോൾ ഇന്ത്യ വിരാമമിട്ടിരിക്കുന്നത്. ന്യൂസിലൻഡിന്റെ ആധിപത്യത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. സ്വന്തം മണ്ണിൽ തുടർച്ചയായി 11 ഉഭയകക്ഷി ഏകദിന പരമ്പരകളിൽ തോൽവിയറിയാതെയാണ് കിവീസ് മുന്നേറിയിരുന്നത്. ആ വിജയക്കുതിപ്പിന് തടയിടാനും ഇന്ത്യക്കായി. വിദേശ മണ്ണിൽ ഗൗതം ഗംഭീർ പരിശീലകനായ ശേഷമുള്ള ഇന്ത്യയുടെ ആദ്യ ഏകദിന പരമ്പര വിജയമെന്ന നേട്ടവും ഇതോടെ സ്വന്തമായി.
കോഹ്ലിയും രോഹിത്തും നിരാശപ്പെടുത്തി
ടീം ഇന്ത്യ ചരിത്രനേട്ടം ആഘോഷിക്കുമ്പോഴും സീനിയർ താരങ്ങളായ വിരാട് കോഹ്ലിയുടെയും രോഹിത് ശർമ്മയുടെയും പ്രകടനം വലിയ നിരാശയാണ് സമ്മാനിച്ചത്. ന്യൂസിലൻഡ് മണ്ണിലെ ഇവരുടെ അവസാന അന്താരാഷ്ട്ര മത്സരങ്ങളായി കരുതപ്പെടുന്ന ഈ പരമ്പരയിൽ ഇരുവർക്കും തിളങ്ങാനായില്ല. ആദ്യ ഏകദിനത്തിൽ നേടിയ അർധസെഞ്ചുറി മാറ്റിനിർത്തിയാൽ കോഹ്ലിക്ക് പിന്നീട് കാര്യമായ സംഭാവന നൽകാനായില്ല.
നാലാം ഏകദിനത്തിൽ പൂജ്യത്തിന് പുറത്തായ താരം നിർണായകമായ അഞ്ചാം മത്സരത്തിൽ വെറും അഞ്ച് റൺസിനും മടങ്ങി. 86 റൺസാണ് താരത്തിന്റെ പരമ്പരയിലെ ആകെ സന്പാദ്യം. രോഹിത് ശർമ്മയുടെ കാര്യവും വ്യത്യസ്ഥമല്ല നാല് ഇന്നിംഗ്സുകളിൽ നിന്ന് വെറും 30 റൺസ് മാത്രമാണ് മുൻ നായകന് നേടാനായത്. ഇതിൽ രണ്ട് തവണ പൂജ്യത്തിന് പുറത്തായി. കരിയറിലെ തന്നെ ഏറ്റവും മോശം ഏകദിന പരമ്പരകളിലൊന്നായാണ് രോഹിത് ന്യൂസിലൻഡ് പര്യടനം അവസാനിപ്പിച്ചത്.
രോ-കോയ്ക്ക് എന്തുപറ്റി? ചോദ്യങ്ങൾ ഉയരുന്നു
ഒരു പരമ്പരയിലെ മോശം പ്രകടനം കൊണ്ട് എഴുതി തള്ളാവുന്നവരല്ല രോഹിത് ശർമയും വിരാട് കോഹ്ലിയും. ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിൽ തങ്ങളുടേതായ ഇടം അടയാളപ്പെടുത്തിയവരാണ് ഇരുവരും. എന്നാൽ ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ പ്രകടനം ഇരുവരുടെയും ലോകകപ്പ് സാധ്യതകളെക്കുറിച്ച് ഗൗരവമായ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. 2027 ഏകദിന ലോകകപ്പിന് ദക്ഷിണാഫ്രിക്ക വേദിയാകാനിരിക്കെ ഉയരുന്ന പ്രധാന ചോദ്യം ഇതാണ്: രോ-കോ സഖ്യത്തെ തന്നെ ആശ്രയിച്ച് ഇന്ത്യ മുന്നോട്ടുപോകണോ?
കണക്കുകൾ പരിശോധിച്ചാൽ ആശങ്കയുടെ ആഴം വ്യക്തമാകും. രോഹിത് ശർമയുടെ നാല് ഇന്നിംഗ്സുകളിലെ സ്കോറുകൾ 0, 23, 0, 7. ആകെ സമ്പാദ്യം 30 റൺസ് മാത്രം. ശരാശരി വെറും 7.50. മറുവശത്ത് വിരാട് കോഹ്ലിയുടെ സ്കോറുകൾ 74, 7, 0, 5. ആദ്യ മത്സരത്തിലെ തകർപ്പൻ അർധസെഞ്ചുറി മാറ്റിനിർത്തിയാൽ പിന്നീടുള്ള മൂന്ന് ഇന്നിംഗ്സുകളിലും രണ്ടക്കം കാണാൻ കോഹ്ലിക്കായില്ല. നാല് ഇന്നിംഗ്സുകളിൽ നിന്ന് 86 റൺസ്, ശരാശരി 21.50. ഇരുവർക്കും കൂടി നേടാനായത് 116 റൺസ് മാത്രം.
രോഹിത്തിന് മേൽ കരിനിഴൽ
ലോകകപ്പ് ടീമിലെ സ്ഥാനത്തിന്റെ കാര്യത്തിൽ കോഹ്ലിയേക്കാൾ കൂടുതൽ ചോദ്യങ്ങൾ ഉയരുന്നത് രോഹിത്തിനുനേരെയാണ്. പ്രായം, പരിക്കുകളെക്കുറിച്ചുള്ള ആശങ്കകൾ, വിദേശ പിച്ചുകളിലെ സമീപകാല പ്രകടനങ്ങൾ എന്നിവയെല്ലാം ചർച്ചയാകുന്നു. പ്രത്യേകിച്ച് 2027 ലോകകപ്പിന് വേദിയാകുന്ന ദക്ഷിണാഫ്രിക്കയിലെ സാഹചര്യങ്ങൾ രോഹിതിന് മുന്നിൽ വലിയ വെല്ലുവിളിയായേക്കാം. ദക്ഷിണാഫ്രിക്കയിലെ മോശം റിക്കാർഡും ആശങ്ക വർധിപ്പിക്കുന്നു.
അതേസമയം രോഹിതിന് പകരക്കാരനായി പരിഗണിക്കാവുന്ന യശസ്വി ജയ്സ്വാൾ അവസരത്തിനായി കാത്തിരിക്കുകയാണ്. യുവത്വവും ആക്രമണോത്സുക ബാറ്റിങ്ങും താരത്തിന് അനുകൂല ഘടകങ്ങളാണ്. എന്നാൽ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിലെ പരിചയവും വലിയ ടൂർണമെന്റുകളിലെ സമ്മർദം അതിജീവിക്കാനുള്ള ശേഷിയും പരിഗണിക്കുമ്പോൾ രോഹിതിനെ മാറ്റിനിർത്തുന്നത് അത്ര ലളിതമായ തീരുമാനവുമല്ല.
കോഹ്ലിയുടെ കാര്യത്തിൽ ചിത്രം വ്യത്യസ്തം
രോഹിതിന്റെ കാര്യത്തിൽ ഉയരുന്ന ചോദ്യങ്ങളേക്കാൾ വ്യത്യസ്തമാണ് കോഹ്ലിയുടെ സാഹചര്യം. ന്യൂസിലൻഡിലെ മോശം പരമ്പരയ്ക്കപ്പുറം അദ്ദേഹത്തിന്റെ ഫിറ്റ്നസ്, ഏകദിനത്തിലെ അനുഭവസമ്പത്ത്, മൂന്നാം നമ്പറിലെ വിശ്വാസ്യത എന്നിവയെല്ലാം അനുകൂല ഘടകങ്ങളാണ്. ദക്ഷിണാഫ്രിക്കയിൽ ആറ് ഏകദിന സെഞ്ചുറികളടക്കമുള്ള മികച്ച റിക്കാർഡും കോഹ്ലിക്ക് കരുത്താണ്.
മൂന്നാം നമ്പറിൽ കോഹ്ലിക്ക് പകരം വെക്കാവുന്ന ഒരു ഉറച്ച താരത്തെ കണ്ടെത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. വലിയ മത്സരങ്ങളിൽ ഇന്നിംഗ്സ് കെട്ടിപ്പടുക്കാനും സമ്മർദഘട്ടങ്ങളിൽ ടീമിനെ കരകയറ്റാനും കഴിയുന്ന ബാറ്ററെന്ന നിലയിൽ കോഹ്ലിയുടെ പ്രാധാന്യം ഇപ്പോഴും വലുതാണ്. അതുകൊണ്ടുതന്നെ ന്യൂസിലൻഡിലെ ഒരു മോശം പരമ്പരയുടെ പേരിൽ മാത്രം അദ്ദേഹത്തിന്റെ ലോകകപ്പ് സാധ്യതകൾ തള്ളിക്കളയാനാകില്ല.
പകരക്കാരാരെന്ന ചോദ്യവും അത്ര ചെറുതല്ല
രോഹിതിനെയും കോഹ്ലിയെയും ഒഴിവാക്കണമെന്ന് വാദിക്കുന്നവർക്ക് മുന്നിൽ ഉയരുന്ന ഏറ്റവും വലിയ വെല്ലുവിളി പകരക്കാരെ കണ്ടെത്തുകയെന്നതാണ്. ജയ്സ്വാളിനെപ്പോലുള്ള യുവതാരങ്ങൾക്ക് അവസരം നൽകണമെന്ന ആവശ്യം ശക്തമാണെങ്കിലും ലോകകപ്പ് പോലൊരു വേദിയിൽ അനുഭവസമ്പത്തിന് വലിയ വിലയുണ്ട്.
ഒരു തലമുറയെ മാറ്റിനിർത്തുമ്പോൾ അടുത്ത തലമുറ അതിന് എത്രത്തോളം തയാറാണെന്നതും പരിശോധിക്കേണ്ടതുണ്ട്. അതേസമയം പേരും പഴയകാല റിക്കാർഡും മാത്രം പരിഗണിച്ച് ടീമിൽ സ്ഥാനം ഉറപ്പിക്കാനാകില്ലെന്ന യാഥാർഥ്യവും മറക്കാനാവില്ല. നിലവിലെ ഫോം, വിദേശ സാഹചര്യങ്ങളിലെ പ്രകടനം, ഫിറ്റ്നസ്, ടീമിന്റെ ഭാവി പദ്ധതികൾ എന്നിവയെല്ലാം സെലക്ടർമാർക്ക് മുന്നിൽ നിർണായകമാകും.
ഒരു പരമ്പരകൊണ്ട് വിധിയെഴുതണോ?
ന്യൂസിലൻഡ് പരമ്പരയിൽ ഇരുവരും നിരാശപ്പെടുത്തിയെന്നത് യാഥാർഥ്യമാണ്. എന്നാൽ ഒരു പരമ്പരയിലെ പരാജയം മാത്രം മാനദണ്ഡമാക്കി രണ്ട് താരങ്ങളുടെയും ഭാവി തീരുമാനിക്കുന്നത് ശരിയാകുമോ? പ്രത്യേകിച്ച് കോഹ്ലി ആദ്യ മത്സരത്തിൽ നേടിയ 74 റൺസ് അദ്ദേഹത്തിന്റെ കഴിവ് പൂർണമായി നഷ്ടപ്പെട്ടിട്ടില്ലെന്ന ഓർമപ്പെടുത്തലാണ്. രോഹിതിനും തിരിച്ചുവരവിനുള്ള അവസരം നൽകണമെന്ന വാദത്തിന് പിന്നിൽ വർഷങ്ങളായുള്ള സംഭാവനകളും അനുഭവസമ്പത്തുമുണ്ട്.
എന്നാൽ ലോകകപ്പ് അടുത്തെത്തുകയാണ്. പരീക്ഷണങ്ങൾക്കും തിരിച്ചുവരവുകൾക്കുമുള്ള സമയം പരിമിതമാണ്. രോഹിതും കോഹ്ലിയും ഫോമിലേക്ക് തിരിച്ചെത്തുമോ, യുവതാരങ്ങൾ അവസരം മുതലെടുക്കുമോ, അതോ സെലക്ടർമാർ തലമുറമാറ്റത്തിന് തുടക്കമിടുമോ? ന്യൂസിലൻഡ് പരമ്പര ഇന്ത്യക്ക് സമ്മാനിച്ച പരമ്പര വിജയത്തിനിടയിലും അവശേഷിക്കുന്ന ഏറ്റവും വലിയ ചോദ്യങ്ങളിലൊന്നിതാണ്.
Tags : India win IndiaCricket NewZealandCricket ODICricket IndiaWins Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash