ഹരീഷ് സിംഗ് ധാമി വേദിയിലെ മൈക്ക് വലിച്ചെറിയുന്നു
പിത്തോറഗഡ്: ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ സംസാരിക്കാൻ അവസരം കിട്ടാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് എംഎൽഎയുടെ പരാക്രമം. ധാർച്ചുല എംഎൽഎ ഹരീഷ് സിംഗ് ധാമിയാണ് വേദിയിലെ മൈക്ക് വലിച്ചെറിഞ്ഞത്.
പിത്തോറഗഡ് ജില്ലയിൽ നടന്ന ജൗൾജിബി മേളയുടെ ഉദ്ഘാടന വേദിയിലായിരുന്നു സംഭവം. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി വേദി വിട്ടതിന് പിന്നാലെ പ്രസംഗിക്കാൻ തുടങ്ങിയ എംഎൽഎയുടെ മൈക്ക് ഓഫായതോടെയാണ് അദ്ദേഹം പ്രകോപിതനായത്.
ജൗൾജിബി മേളയുടെ ചെയർപേഴ്സൺ കൂടിയായ തനിക്ക് മുഖ്യമന്ത്രി വേദിയിലുള്ളപ്പോൾ സംസാരിക്കാനോ മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ ഉന്നയിക്കാനോ സംഘാടകർ അവസരം നൽകിയില്ല എന്നതായിരുന്നു എംഎൽഎയുടെ പ്രധാന ആരോപണം.
ഒരു എട്ടുവയസുകാരിയുടെ മരണവുമായി ബന്ധപ്പെട്ട വിഷയങ്ങളും പ്രദേശത്തെ റോഡ് വികസന കാര്യങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താൻ തന്നെ അനുവദിച്ചില്ലെന്ന് ഹരീഷ് ധാമി മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രി പ്രസംഗം പൂർത്തിയാക്കി വേദി വിട്ടതിന് പിന്നാലെ ക്ഷുഭിതനായ എംഎൽഎ മൈക്ക് ഓപ്പറേറ്റർക്ക് നേരെ മൈക്ക് വലിച്ചെറിയുകയായിരുന്നു. തുടർന്ന് അദ്ദേഹത്തിന്‍റെ അനുയായികൾ വേദിയിലേക്ക് ഇരച്ചുകയറുകയും കസേരകളും മൈക്ക് സ്റ്റാൻഡുകളും തല്ലിത്തകർക്കുകയുമായിരുന്നുവെന്ന് ദൃശ്യങ്ങൾ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം, മുഖ്യമന്ത്രിയുടെ മറ്റ് ഔദ്യോഗിക പരിപാടികളും സമയപരിമിതിയും കാരണമാണ് ചടങ്ങ് ചുരുക്കിയതെന്ന് ബിജെപി നേതൃത്വം വിശദീകരിച്ചു. വേദിയിൽ വെച്ച് മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിൽ സംസാരിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്ത എംഎൽഎയ്ക്കും അനുയായികൾക്കുമെതിരെ കേസെടുത്ത് കർശന നടപടി സ്വീകരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
എന്നാൽ, താൻ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണെന്നും ജനങ്ങളുടെ പ്രശ്നങ്ങൾ ഉന്നയിക്കുക തന്‍റെ കടമയാണെന്നും, ഉദ്യോഗസ്ഥർ മനഃപൂർവം തന്നെ അവഗണിക്കുകയായിരുന്നുവെന്നുമാണ് ഹരീഷ് ധാമിയുടെ വിശദീകരണം.
Tags : Uttarakhand Congress MLA HareeshSinghDhami BJP