ഇന്ത്യ ന്യൂസിലൻഡ് മത്സരത്തിൽ നിന്ന്.
മൗണ്ട് മൗനഗനൂയി: ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്. ബേ ഓവലിൽ നടന്ന ആവേശകരമായ അഞ്ചാം ഏകദിനത്തിൽ കിവീസിനെ 22 റൺസിന് തകർത്താണ് ശ്രേയസ് അയ്യരും സംഘവും ഏകദിന പരമ്പര 3-1ന് സ്വന്തമാക്കിയത്. സ്കോർ: ഇന്ത്യ 219/10 ന്യൂസിലാൻഡ്: 187/10.
ഇന്ത്യ ഉയർത്തിയ 210 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവികൾ 48.1 ഓവറിൽ 187 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡിനെ തുടക്കം മുതൽ സമ്മർദ്ദത്തിലാക്കാൻ ഇന്ത്യൻ ബൗളർമാർക്ക് കഴിഞ്ഞു. മൂന്ന് നിർണായക വിക്കറ്റുകൾ വീഴ്ത്തി വെറും 30 റൺസ് മാത്രം വഴങ്ങിയ അർഷ്ദീപ് സിംഗാണ് കിവികളുടെ തകർച്ചയ്ക്ക് ചുക്കാൻ പിടിച്ചത്.
മുഹമ്മദ് സിറാജും (2/50), അക്സർ പട്ടേലും (2/28) മികച്ച പിന്തുണയുമായി എത്തിയതോടെ ന്യൂസിലൻഡ് നിര തകർന്നു. ഡീൻ ഫോക്സ്ക്രോഫ്റ്റ് (31), നിക്ക് കെല്ലി (24), നായകൻ മിച്ചൽ സാന്റനർ (24) എന്നിവർ പൊരുതിയെങ്കിലും വിജയതീരമണയാനായില്ല. 49-ാം ഓവറിൽ ബ്ലെയർ ടിക്നറെ അക്സർ പട്ടേൽ പുറത്താക്കിയതോടെ കിവികളുടെ പോരാട്ടം അവസാനിച്ചു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ അടിതെറ്റി. മുൻനിര ബാറ്റർമാർ ഒന്നിനു പിന്നാലെ മടങ്ങിയതോടെ ടീം വലിയ തകർച്ചയുടെ വക്കിലെത്തി. എന്നാൽ പ്രതിസന്ധിയിൽ പതറാതെ ഇഷാൻ കിഷനും (46), അക്സർ പട്ടേലും (46) നടത്തിയ നിർണായക ചെറുത്തുനിൽപ്പാണ് ഇന്ത്യയ്ക്ക് തുണയായത്. ഇരുവരുടെയും പോരാട്ടമികവിൽ 42.1 ഓവറിൽ ഇന്ത്യ 209 റൺസെന്ന ഭേദപ്പെട്ട സ്കോറിലെത്തി.
ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങിയ അർഷ്ദീപ് സിംഗാണ് മത്സരത്തിലെ താരം. ഏകദിന പരമ്പര സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസവുമായി ഇന്ത്യ ഇനി ടെസ്റ്റ് പോരാട്ടത്തിനൊരുങ്ങും. ടെസ്റ്റ് പരമ്പര 19ന് വെല്ലിംഗ്ടണിൽ ആരംഭിക്കും.
Tags : ODISeries India NewZealand Cricket ShreyasIyer Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash