x
ad
Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മല്യയ്ക്ക് പിന്നാലെ ലളിത് മോദിയും; ഇന്ത്യൻ നിയമവ്യവസ്ഥയെ നോക്കുകുത്തിയാക്കി ലണ്ടനിൽ രാജകീയ ജീവിതം, ഒടുവിൽ ബ്രിട്ടീഷ് പൗരത്വവും!

ഡെന്നിസ് ജേക്കബ്
Published: November 15, 2026 03:46 PM IST | Updated: November 15, 2026 05:19 PM IST

ലളിത് മോദി വിജയ് മല്യയ്ക്കൊപ്പം (File photo), ബ്രിട്ടീഷ് പൗരത്വം ലഭിച്ചതിനു ശേഷം ലളിത് മോദി

ലണ്ടൻ: ഇന്ത്യൻ അന്വേഷണ ഏജൻസികളെയും കോടിക്കണക്കിന് സാധാരണക്കാരെയും കബളിപ്പിച്ച് രാജ്യം വിട്ട സാമ്പത്തിക കുറ്റവാളികളുടെ പട്ടികയിലേക്ക് മറ്റൊരു 'വിജയ് മല്യ' കൂടി ഔദ്യോഗികമായി ചേർക്കപ്പെട്ടിരിക്കുന്നു- ലളിത് മോദി.

കള്ളപ്പണം വെളുപ്പിക്കലും കോടികളുടെ സാമ്പത്തിക തട്ടിപ്പും നടത്തി രാജ്യം വിടുക, ലണ്ടനിൽ ആഡംബര ജീവിതം നയിക്കുക, ഇന്ത്യൻ നിയമവ്യവസ്ഥയ്ക്ക് പിടികൊടുക്കാതെ വർഷങ്ങൾ തള്ളിനീക്കുക... വിജയ് മല്യയും നീരവ് മോദിയും പയറ്റിയ അതേ തന്ത്രം തന്നെയാണ് ഐപിഎല്ലിന്‍റെ മുൻ ചെയർമാനായ ലളിത് മോദിയും വിജയകരമായി നടപ്പിലാക്കിയിരിക്കുന്നത്.

ഏറ്റവും ഒടുവിൽ, ഇന്ത്യ വിട്ട് 16 വർഷങ്ങൾക്ക് ശേഷം ലളിത് മോദി ഔദ്യോഗികമായി ബ്രിട്ടീഷ് പൗരത്വം കൂടി സ്വീകരിച്ചതോടെ, ഇനി ഇദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരിക എന്നത് ഏതാണ്ട് അസാധ്യമായി മാറിയിരിക്കുകയാണ്.

ആരാണ് ലളിത് മോദി? ഉയർച്ചയുടെ നാളുകൾ

ഇന്ത്യൻ ക്രിക്കറ്റിന്‍റെ മുഖച്ഛായ തന്നെ മാറ്റിയെഴുതിയ 'ഇന്ത്യൻ പ്രീമിയർ ലീഗ്' (ഐപിഎൽ) എന്ന കോടികൾ കിലുങ്ങുന്ന കായിക മാമാങ്കത്തിന്‍റെ ബുദ്ധികേന്ദ്രമായിരുന്നു ലളിത് മോദി. 2008ൽ ഐപിഎൽ ആരംഭിച്ചതോടെ ബിസിസിഐ വൈസ് പ്രസിഡന്‍റും ഐപിഎൽ ചെയർമാനുമായിരുന്ന മോദി ഇന്ത്യൻ ക്രിക്കറ്റിലെ 'കിരീടം വയ്ക്കാത്ത രാജാവായി' മാറി.

ക്രിക്കറ്റും ബോളിവുഡ് ഗ്ലാമറും കോർപ്പറേറ്റ് പണവും ഒത്തുചേർന്ന ഐപിഎൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ ലീഗുകളിലൊന്നായി വളർന്നപ്പോൾ, അതിന്‍റെ എല്ലാ ക്രെഡിറ്റും 'സൂപ്പർ മോദി' എന്നറിയപ്പെട്ടിരുന്ന ഇദ്ദേഹത്തിനായിരുന്നു.

കോടികളുടെ തട്ടിപ്പും വീഴ്ചയുടെ തുടക്കവും

എന്നാൽ 2010-ലെ ഐപിഎൽ സീസണിന് പിന്നാലെ ലളിത് മോദിയുടെ സാമ്രാജ്യം ചീട്ടുകൊട്ടാരം പോലെ തകർന്നുവീണു. അധികാരത്തിന്‍റെ മറവിൽ കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് ഇദ്ദേഹം നടത്തിയതെന്ന് അന്വേഷണങ്ങളിൽ പുറത്തുവന്നു.

പുതിയ ടീമുകളായ കൊച്ചി ടസ്കേഴ്സ് കേരള, പൂന വാരിയേഴ്സ് എന്നിവയുടെ ലേലത്തിൽ കൃത്രിമം കാണിച്ചെന്നും തന്‍റെ ബന്ധുക്കൾക്ക് അനർഹമായ സാമ്പത്തിക നേട്ടമുണ്ടാക്കിക്കൊടുത്തെന്നും കണ്ടെത്തി.

ഐപിഎലിന്‍റെ മീഡിയ റൈറ്റ്സ് നൽകിയതിൽ വൻ ക്രമക്കേടുകൾ നടത്തിയതിലൂടെ ബിസിസിഐക്ക് 425 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായി. വിദേശ വിനിമയ ചട്ടങ്ങൾ ലംഘിച്ചതിനും കള്ളപ്പണം വെളുപ്പിച്ചതിനും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഇയാൾക്കെതിരെ കേസെടുത്തു.

മല്യയ്ക്ക് മുൻപേ ലണ്ടനിലേക്ക് പറന്ന കൗശലക്കാരൻ

അന്വേഷണം മുറുകിയതോടെ 2010ൽ ബിസിസിഐ ലളിത് മോദിയെ സസ്പെൻഡ് ചെയ്യുകയും പിന്നീട് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. തനിക്ക് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിൽ നിന്ന് വധഭീഷണിയുണ്ടെന്ന കാരണം പറഞ്ഞ് 2010ൽ തന്നെ അദ്ദേഹം ഇന്ത്യ വിട്ട് ലണ്ടനിലേക്ക് ചേക്കേറി. പിന്നീട് ഇന്ത്യൻ സർക്കാർ അദ്ദേഹത്തിന്‍റെ പാസ്പോർട്ട് റദ്ദാക്കിയെങ്കിലും, ലണ്ടനിലെ ആഡംബര മാളികയിൽ രാജകീയ ജീവിതം അദ്ദേഹം തുടർന്നു.

നിയമവ്യവസ്ഥയെ നോക്കുകുത്തിയാക്കി ബ്രിട്ടീഷ് പൗരത്വം

കഴിഞ്ഞ 16 വർഷമായി ലളിത് മോദിയെ വിട്ടുകിട്ടാൻ ഇന്ത്യൻ ഏജൻസികൾ നടത്തുന്ന ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. 2025-ൽ പസഫിക് ദ്വീപ് രാഷ്ട്രമായ വാനുവാട്ടുവിന്‍റെ പൗരത്വം നേടാൻ അദ്ദേഹം ശ്രമിച്ചെങ്കിലും അത് റദ്ദാക്കപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ, ചാൾസ് മൂന്നാമൻ രാജാവിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ചുകൊണ്ട് ലളിത് മോദി ഇന്ത്യൻ ഏജൻസികൾക്ക് നേരെ വീണ്ടും കൊഞ്ഞനം കുത്തുകയാണ്.

കഴിഞ്ഞ 16 വർഷമായി ലണ്ടനിൽ കഴിയുന്ന മോദി, താൻ ഒരു 'ഒളിച്ചോടിയവനല്ല' എന്നാണ് ആവർത്തിക്കുന്നത്. വർഷങ്ങളായി അന്വേഷണം നടന്നിട്ടും ഇന്ത്യൻ കോടതികളിൽ തനിക്കെതിരെ ഒരു കുറ്റവും തെളിയിക്കപ്പെട്ടിട്ടില്ലെന്നും, രാഷ്ട്രീയ പകപോക്കലാണ് നടക്കുന്നതെന്നുമാണ് അദ്ദേഹത്തിന്റെ വാദം. ഇനി ഇന്ത്യയിലേക്ക് മടങ്ങിവന്ന് നിരപരാധിത്വം തെളിയിക്കേണ്ട ആവശ്യമില്ലെന്നും യുകെ ആണ് തന്‍റെ വീടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

"ഇതൊരു അഭിമാനകരമായ നിമിഷമാണ്, ഗോഡ് സേവ് ദി കിംഗ്!" എന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിക്കുമ്പോൾ, സ്വന്തം നാട്ടിലെ നിയമവ്യവസ്ഥയെ കബളിപ്പിച്ച് മറ്റൊരു രാജ്യത്തിന്‍റെ സംരക്ഷണയിൽ സുരക്ഷിതനായി മാറുന്ന മറ്റൊരു സാമ്പത്തിക കുറ്റവാളിയുടെ ചിത്രമാണ് തെളിയുന്നത്.

ഇനി ഇന്ത്യയ്ക്ക് ഒന്നും ചെയ്യാനാവില്ലേ?

ബ്രിട്ടീഷ് പൗരത്വം ലഭിച്ചതുകൊണ്ട് മാത്രം ലളിത് മോദി ഇന്ത്യയിലെ നിയമനടപടികളിൽ നിന്ന് പൂർണമായും രക്ഷപ്പെടുമെന്ന് ഉറപ്പില്ലെങ്കിലും, അദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നത് ഇനി കൂടുതൽ പ്രയാസകരമാകും.

1. ഇന്ത്യൻ പൗരത്വം നഷ്ടപ്പെടും

ഇന്ത്യയിൽ ഇരട്ട പൗരത്വം അനുവദനീയമല്ല. അതിനാൽ 1955-ലെ ഇന്ത്യൻ പൗരത്വ നിയമത്തിലെ സെക്ഷൻ ഒമ്പത് പ്രകാരം, സ്വമേധയാ ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ചതോടെ അദ്ദേഹത്തിന്‍റെ ഇന്ത്യൻ പൗരത്വം സ്വാഭാവികമായി റദ്ദാക്കപ്പെടാനാണ് സാധ്യത.

2. ഇന്ത്യയിലെ കേസുകൾ നിലനിൽക്കുമോ?

മറ്റൊരു രാജ്യത്തിന്‍റെ പൗരത്വം നേടിയതുകൊണ്ട് ഇന്ത്യയിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉൾപ്പെടെയുള്ള ഏജൻസികൾ രജിസ്റ്റർ ചെയ്ത സാമ്പത്തിക തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ ഇല്ലാതാകില്ല. ഇന്ത്യൻ നിയമവ്യവസ്ഥയ്ക്ക് കീഴിൽ ആ അന്വേഷണങ്ങളും നടപടികളും തുടരും.

3. വിട്ടുകിട്ടാനുള്ള സാധ്യതകൾ

പൗരത്വം ഒരു പരിപൂർണ കവചമല്ല: ബ്രിട്ടീഷ് പൗരത്വം ലഭിച്ചതുകൊണ്ട് മാത്രം ഒരാളെ മറ്റൊരു രാജ്യത്തിന് വിട്ടുകൊടുക്കാൻ കഴിയില്ലെന്ന് നിയമമില്ല. 1992 മുതൽ ഇന്ത്യയും യുകെയും തമ്മിൽ കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാർ നിലവിലുണ്ട്.

പ്രായോഗിക ബുദ്ധിമുട്ടുകൾ

എങ്കിലും, ഒരു ബ്രിട്ടീഷ് പൗരനെ വിട്ടുകിട്ടാൻ ഇന്ത്യൻ ഏജൻസികൾക്ക് യുകെ കോടതികളിൽ ശക്തമായ തെളിവുകൾ ഹാജരാക്കേണ്ടി വരും. ബ്രിട്ടീഷ് പൗരൻ എന്ന നിലയിലുള്ള നിയമപരമായ പരിരക്ഷകളും മനുഷ്യാവകാശ വാദങ്ങളും ഉന്നയിച്ച് വിട്ടുകിട്ടൽ നടപടികൾ വർഷങ്ങളോളം നീട്ടിക്കൊണ്ടുപോകാൻ ലളിത് മോദിക്ക് സാധിക്കും.

Tags : LalitModi VijayMallya British Citizenship India UK Fraud

Recent News

Corehub Up