സാം പിത്രോദ, രാഹുൽ ഗാന്ധി, നരേന്ദ്ര മോദി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഫോൺ ചോർത്തുന്നുവെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഗുരുതര ആരോപണത്തിന് പിന്നാലെ, പ്രധാനമന്ത്രിയെ പ്രതിരോധിക്കുന്ന നിലപാടുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷൻ സാം പിത്രോദ രംഗത്തെത്തി. പ്രധാനമന്ത്രി ഫോണുകൾ ചോർത്താറില്ലെന്ന് എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പിത്രോദ വ്യക്തമാക്കി. അടുത്തിടെ പ്രധാനമന്ത്രിയുമായി ഉത്സവകാല ആശംസകൾ കൈമാറിയതിലൂടെ വാർത്തകളിൽ നിറഞ്ഞുനിന്ന പിത്രോദയുടെ ഈ പ്രസ്താവന കോൺഗ്രസിനുള്ളിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്.
കേന്ദ്ര സർക്കാർ തന്നെ നിരീക്ഷിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഫോൺ ചോർത്തുന്നുണ്ടെന്നും വെള്ളിയാഴ്ചയാണ് രാഹുൽ ഗാന്ധി ആരോപിച്ചത്. പ്രധാനമന്ത്രിയെ പരസ്യമായ സംവാദത്തിന് വെല്ലുവിളിച്ചുകൊണ്ട് കോൺഗ്രസ് 'എക്സിൽ' പങ്കുവെച്ച വീഡിയോയിലായിരുന്നു രാഹുലിന്റെ പരാമർശങ്ങൾ.
"പ്രധാനമന്ത്രി എന്റെ ഫോൺ ചോർത്തുന്നതിനാൽ അദ്ദേഹത്തിന് ഇക്കാര്യങ്ങളെല്ലാം അറിയാം. നേർക്കുനേർ സംവാദത്തിന് അദ്ദേഹം തയ്യാറാകുന്ന ദിവസം, ആരാണ് വിദേശശക്തികളുടെ നിയന്ത്രണത്തിലുള്ളതെന്നും, ആരാണ് ദേശവിരുദ്ധനെന്നും, എത്ര കാലമായി അവർ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നുവെന്നും എല്ലാവർക്കും മനസ്സിലാകും," രാഹുൽ ഗാന്ധി വീഡിയോയിൽ പറഞ്ഞു.
പ്രധാനമന്ത്രി വിദേശശക്തികളുടെ നിയന്ത്രണത്തിലാണെന്നതിന്റെ തെളിവുകൾ തന്റെ ഫോണിലുണ്ടെന്നും, ഫോൺ ചോർത്തുന്നതിനാൽ പ്രധാനമന്ത്രിക്ക് ആ തെളിവുകൾ എന്താണെന്ന് ഇതിനകം അറിയാമെന്നും രാഹുൽ അവകാശപ്പെട്ടിരുന്നു.
ബിജെപിയുടെ രൂക്ഷപ്രതികരണം
രാഹുൽ ഗാന്ധിയുടെ ആരോപണത്തെ പ്രതിപക്ഷത്തെ നിരവധി നേതാക്കൾ പിന്തുണച്ചപ്പോൾ, ബിജെപി ഇതിനെ ശക്തമായി തള്ളിക്കളഞ്ഞു. വാർത്തകളിൽ നിറഞ്ഞുനിൽക്കാനുള്ള കോൺഗ്രസിന്റെ തന്ത്രമാണിതെന്നും ബിജെപി പരിഹസിച്ചു.
രാഹുൽ ഗാന്ധി തന്റെ തല പരിശോധിക്കണമെന്നായിരുന്നു ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. "എല്ലാ ബഹുമാനത്തോടും കൂടി എനിക്ക് രാഹുൽ ഗാന്ധിയോട് പറയാനുള്ളത് അദ്ദേഹം സ്വന്തം തല ഒന്ന് പരിശോധിക്കണം എന്നാണ്. ആരും അദ്ദേഹത്തിന്റെ ഫോൺ ചോർത്താൻ മെനക്കെടുന്നില്ല, ആർക്കും അതിൽ താല്പര്യവുമില്ല.
ആർക്കെങ്കിലും എന്തെങ്കിലും താത്പര്യമുണ്ടെങ്കിൽ, അത് എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ തലച്ചോറ് ദിവസം ചെല്ലുന്തോറും നുണകളെ മാത്രം ആശ്രയിച്ച് പ്രവർത്തിക്കുന്നത് എന്ന് മനസിലാക്കാൻ മാത്രമായിരിക്കും," രാജീവ് ചന്ദ്രശേഖർ വിമർശിച്ചു.
Tags : Indian Overseas Congress SamPitroda Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash