തിരുവനന്തപുരം: ചാലയിൽ ജ്വല്ലറി ഉടമയിൽനിന്ന് സ്വർണം കവർന്ന സംഭവത്തിൽ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. അനൂപ് രാജ്, അനിൽ പ്രസാദ്, വിനോദ് ആന്റണി, അമുൽ, ദിലീപ് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ വാഹനത്തിൽനിന്ന് 400 ഗ്രാമിലധികം സ്വർണം കണ്ടെടുത്തു.
വാഹനത്തിൽനിന്ന് ഓടിരക്ഷപ്പെട്ട ചാല സ്വദേശി ശ്രാവണിനായി തെരച്ചിൽ തുടരുകയാണ്. കവർച്ചയ്ക്ക് പിന്നിൽ ബിസിനസ് തർക്കമാണെന്നാണ് പൊലിസ് പറയുന്നത്. പ്രതികളായ അമുൽ, ദിലീപ് എന്നിവർ ചാലയിൽ സ്വർണ വ്യാപാരം നടത്തുന്നവരാണ്. ഇവരാണ് കവർച്ചയ്ക്ക് ഇരയായ ചാലയിലെ വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിനെതിരെ ക്വട്ടേഷൻ നൽകിയതെന്നാണ് പൊലിസിന്റെ കണ്ടെത്തൽ. നിരവധി കേസുകളിൽ പ്രതിയായ അനൂപ് രാജ് ആണ് ക്വട്ടേഷൻ ഏറ്റെടുത്തത്.
ഷാഡോ അനിൽ എന്ന അനിൽ പ്രസാദും വിനോദ് ആന്റണിയുമാണ് ബൈക്കിൽ എത്തി ജ്വല്ലറിയുടമ നന്ദകുമാറിൽ നിന്ന് സ്വർണം കവർന്നത്. തുടർന്ന് ഇവർ ബൈക്കിൽ ഫ്ലൈവർ പിന്നിട്ടു ഹൈവേയ്ക്ക് സമീപം എത്തുകയും കാറുമായി കാത്തുനിന്ന അനൂപ് രാജിനൊപ്പം കയറി രക്ഷപ്പെടുകയുമായിരുന്നു. തമിഴ്നാട്ടിലേക്ക് കടന്ന സംഘം പൊലിസ് പിന്തുടരുന്നുണ്ടെന്ന് മനസിലാക്കി ബെംഗളൂരുവിലേക്ക് കടക്കുകയും പിന്നീട് വയനാട് ഭാഗത്തേക്ക് എത്തുകയുമായിരുന്നു.
ഇതിനിടെ നന്ദകുമാറിനെക്കുറിച്ചുള്ള വിവരങ്ങൾ കവർച്ചാ സംഘത്തിന് കൈമാറിയ ശ്രാവണും ഇവർക്കൊപ്പം കാറിൽ കയറി. വയനാട്ടിലെത്തിയ സംഘം പരിചയക്കാരനായ രാജീവിനെ വിളിക്കുകയും വിനോദയാത്രയ്ക്ക് എത്തിയതാണെന്ന് പറഞ്ഞ് താമസസൗകര്യം ഒരുക്കാൻ പറയുകയും ചെയ്തു. എന്നാൽ പൊലിസ് വാഹനം വളഞ്ഞ് കവർച്ചാ സംഘത്തെ പിടികൂടുകയായിരുന്നു. പൊലിസിനെ കണ്ട് ശ്രാവൺ വാഹനത്തിൽനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. രാജീവിനെ ചോദ്യം ചെയ്ത് നോട്ടീസ് നൽകി വിട്ടയച്ചു. പ്രതികളെ തിരുവനന്തപുരത്ത് എത്തിക്കും.
Tags : Chala Jewellery theft Business dispute gold heist quotation jewellery owner arrest Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash