രാഹുൽ ഗാന്ധി
ഹൈദരാബാദ്: ഇന്ത്യയിൽ ഇന്ന് ജനാധിപത്യം പ്രവർത്തിക്കുന്നില്ലെന്നും, 2014-ൽ തന്നെ രാജ്യത്തിന്റെ ജനാധിപത്യ സംവിധാനം തകർക്കപ്പെട്ടുവെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പണത്തിന്റെ സ്വാധീനവും ഭരണഘടനാ സ്ഥാപനങ്ങളെ കൈപ്പിടിയിലൊതുക്കിയതും രാജ്യത്തിന്റെ രാഷ്ട്രീയ-തെരഞ്ഞെടുപ്പ് രംഗത്തെ അട്ടിമറിച്ചതായും പ്രതിപക്ഷ പാർട്ടികളെ അരികുവത്കരിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി.
ഹൈദരാബാദിൽ നടന്ന 'ഭാരത് ഉച്ചകോടി 2026' സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോടിക്കണക്കിന് ഡോളർ തെരഞ്ഞെടുപ്പ് സംവിധാനത്തിലേക്ക് ഒഴുക്കിയെന്നും, ഇത് പുതിയൊരുതരം രാഷ്ട്രീയത്തിന് തുടക്കമിട്ടെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഭരണകക്ഷി വൻതോതിലുള്ള സാമ്പത്തിക ശേഷി ഉപയോഗിക്കുമ്പോൾ ജനാധിപത്യ പ്രക്രിയകളിൽ വിശ്വസിക്കുന്ന പാർട്ടികൾക്ക് പിടിച്ചുനിൽക്കാൻ പ്രയാസമായി. രാജ്യത്തുണ്ടായ ഈ മാറ്റത്തിന്റെ വ്യാപ്തി മനസിലാക്കാൻ പ്രതിപക്ഷത്തിന് ഒരു പതിറ്റാണ്ടോളം വേണ്ടിവന്നു.
"പ്രതിപക്ഷം ഞെട്ടലിലായിരുന്നില്ല എന്ന് ഞാൻ പറഞ്ഞാൽ അത് കള്ളമാകും. ഒരു വർഷത്തേക്കല്ല, ഒരു ദശാബ്ദക്കാലം മുഴുവൻ ഞങ്ങൾ ആ ഞെട്ടലിലായിരുന്നു," അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലങ്ങൾ ഉദാഹരണമായി ചൂണ്ടിക്കാട്ടിയ അദ്ദേഹം, ലോക്സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിപക്ഷത്തിന് ഏകദേശം ഒരേ വോട്ടുകൾ ലഭിച്ചിട്ടും ഫലത്തിൽ വലിയ വ്യത്യാസമുണ്ടായെന്ന് ആരോപിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള മൂന്ന് മാസത്തിനുള്ളിൽ വോട്ടർ പട്ടികയിൽ ഏകദേശം 70 ലക്ഷം പുതിയ വോട്ടർമാരെ ചേർത്തുവെന്നും, അവരെല്ലാം ബിജെപിക്കാണ് വോട്ട് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. മറ്റ് പല സംസ്ഥാനങ്ങളിലും സമാനമായ പ്രവണതകൾ കണ്ടതായും, ഇന്ത്യ ഇനി ഒരു ജനാധിപത്യ രാജ്യമായിട്ടല്ല പ്രവർത്തിക്കുന്നതെന്ന തന്റെ വിശ്വാസത്തെ ഇത് ബലപ്പെടുത്തുന്നതായും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
ഭാരത് ഉച്ചകോടിയിലേക്ക് ക്ഷണിക്കപ്പെട്ടിട്ടും കേന്ദ്ര സർക്കാർ വിസയോ പ്രവേശനാനുമതിയോ നിഷേധിച്ച അന്താരാഷ്ട്ര പ്രതിനിധികളോടും നേതാക്കളോടും രാഹുൽ ഗാന്ധി വേദിയിൽ ക്ഷമ ചോദിച്ചു. രാജ്യം നിലവിൽ നേരിടുന്ന സാഹചര്യത്തിന്റെ നേർക്കാഴ്ചയാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകമെമ്പാടും ശക്തിപ്രാപിക്കുന്ന ഫാസിസ്റ്റ് ശക്തികളിൽ നിന്ന് രാജ്യത്തെ തിരിച്ചുപിടിക്കുമെന്ന് പ്രതിജ്ഞയെടുത്ത അദ്ദേഹം, സ്നേഹത്തിലൂടെയും അഹിംസയിലൂടെയുമായിരിക്കും ഈ പോരാട്ടമെന്നും ജനാധിപത്യ-പുരോഗമന ശക്തികൾക്ക് മാറ്റം കൊണ്ടുവരാൻ കഴിയുമെന്ന് വിശ്വസിക്കുന്നതായും വ്യക്തമാക്കി.
Tags : RAHULGANDHI Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash