ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉത്സവകാല ആശംസകൾ കൈമാറിയതിനെച്ചൊല്ലി ഉയർന്ന വിവാദങ്ങളിൽ വിശദീകരണവുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷൻ സാം പിത്രോദ രംഗത്ത്. പ്രധാനമന്ത്രിയുമായുള്ള തന്റെ സൗഹൃദം തികച്ചും വ്യക്തിപരമാണെന്നും, പാർട്ടിയുടെ രാഷ്ട്രീയ നിലപാടുകളുമായി അതിനെ കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്നും എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
ദീപാവലി, പുതുവത്സര ആശംസകൾ കൈമാറിയതിന് ഇത്രയധികം ശ്രദ്ധ ലഭിച്ചത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് പിത്രോദ പറഞ്ഞു. "വ്യക്തിബന്ധങ്ങളെ രാഷ്ട്രീയ എതിർപ്പുകളിൽ നിന്ന് വേർതിരിച്ചു കാണാൻ എനിക്ക് സാധിക്കും. എന്റെ വ്യക്തിപരമായ ബന്ധങ്ങൾ രാഷ്ട്രീയ നിലപാടുകളിൽ ഇടപെടാറില്ല,"അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയായ ശേഷം മോദിയെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും, തനിക്കും ഭാര്യയ്ക്കും അദ്ദേഹം ആശംസകൾ അയച്ചപ്പോൾ തിരിച്ച് ആശംസ അറിയിക്കുക എന്ന തികച്ചും മാനുഷികമായ കാര്യമാണ് താൻ ചെയ്തതെന്നും പിത്രോദ കൂട്ടിച്ചേർത്തു.
ഗുജറാത്തിലെ പല രാഷ്ട്രീയ നേതാക്കളുമായും തനിക്ക് വ്യക്തിപരമായ സൗഹൃദമുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. കോൺഗ്രസ് പ്രധാനമന്ത്രിക്കെതിരെ നിരന്തരം രാഷ്ട്രീയ ആക്രമണങ്ങൾ നടത്തുമ്പോഴുള്ള ഈ സൗഹൃദത്തെക്കുറിച്ച് ചോദിച്ചപ്പോൾ, "അത് പാർട്ടിയുടെ പ്രധാനമന്ത്രിയുമായുള്ള ബന്ധമാണ്, എന്റേതല്ല. എനിക്ക് എന്റെ ബന്ധത്തെക്കുറിച്ച് മാത്രമേ പറയാൻ കഴിയൂ, കോൺഗ്രസിന്റെ ബന്ധത്തെക്കുറിച്ച് പറയാനാവില്ല,"എന്നായിരുന്നു പിത്രോദയുടെ മറുപടി.
മോദി തന്നോട് കണ്ണിൽ നോക്കി സംസാരിക്കുന്നത് ഒഴിവാക്കിയെന്ന സോണിയ ഗാന്ധിയുടെ പുസ്തകത്തിലെ പരാമർശത്തെക്കുറിച്ചും അദ്ദേഹം ഇതേ നിലപാട് ആവർത്തിച്ചു: "സോണിയ ഗാന്ധിക്ക് പ്രധാനമന്ത്രിയുമായി അവരുടേതായ ബന്ധമുണ്ട്, എനിക്ക് എന്റേതായ ബന്ധവുമുണ്ട്. രണ്ടും ഒന്നാകണമെന്നില്ല."
വ്യക്തിപരമായ സൗഹൃദം നിലനിൽക്കുമ്പോഴും, പ്രധാനമന്ത്രിയുമായി ആശയപരമായ ഭിന്നതകളുണ്ടെന്ന് പിത്രോദ വ്യക്തമാക്കി. രാജ്യത്തെ രാഷ്ട്രീയ അന്തരീക്ഷം വളരെയധികം വിഷലിപ്തമായിരിക്കുന്നുവെന്നും രാഷ്ട്രീയത്തിൽ മതത്തെ കലർത്തുന്നതിനോട് യോജിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
"എന്റെ ഇന്ത്യ എന്ന ആശയം വ്യത്യസ്തമാണ്. രാഷ്ട്രീയത്തിന് മുന്നിൽ മതത്തെ പ്രതിഷ്ഠിക്കുന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല. ഞാൻ ഒരു പ്രധാനമന്ത്രിയായിരുന്നെങ്കിൽ ക്ഷേത്രങ്ങളിലും പൂജകളിലും ഇത്രയധികം സമയം ചെലവഴിക്കില്ലായിരുന്നു. പ്രധാനമന്ത്രി എല്ലാവരുടെയും പ്രധാനമന്ത്രിയാണ്," പിത്രോദ അഭിപ്രായപ്പെട്ടു. മതത്തെക്കുറിച്ചുള്ള അമിതമായ ചർച്ചകൾ സമൂഹത്തിൽ ഭിന്നതയുണ്ടാക്കുന്നുവെന്നും, മോദിയും കോൺഗ്രസും തമ്മിൽ പാലം പണിയാനല്ല താൻ ആശംസകൾ കൈമാറിയതെന്നും, ഇത് 'സാം പിത്രോദയും നരേന്ദ്ര ഭായിയും' തമ്മിലുള്ള സംഭാഷണം മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Tags : SamPitroda Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash