പുത്തുമല എസ്റ്റേറ്റില്‍ കടുവയുടെ ആക്രമണത്തിൽ ചത്ത പശു
മേപ്പാടി: പുത്തുമല എസ്റ്റേറ്റില്‍ കടുവാസാന്നിധ്യമെന്ന് സംശയം. വ്യാഴാഴ്ച വൈകുന്നേരം എസ്റ്റേറ്റില്‍ പശുവിനെ കൊന്നത് കടുവയാണെന്ന നിഗമനത്തിലാണ് പ്രദേശവാസികള്‍.
പശുവിനെ കൊന്നത് പുലിയാണെന്നാണ് വനപാലകര്‍ പരിശോധനയ്ക്കുശേഷം നാട്ടുകാരോട് പറഞ്ഞത്. എന്നാല്‍ അന്നു രാത്രി പശുവിന്‍റെ ജഡം അപ്രത്യക്ഷമായി. ഇതോടെയാണ് പശുവിനെ പിടിച്ചത് കടുവയാണെന്ന സന്ദേഹം ജനിച്ചത്.
ഭക്ഷിച്ചശേഷം ബാക്കിവരുന്ന ശരീരഭാഗം ഉപേക്ഷിച്ച് പോകുകയാണ് പുലിയുടെ രീതി. ജഡം അപ്പാടെ കൊണ്ടുപോകുന്നത് കടുവകളാണ്. പശുവിനെ പിടിച്ചത് എതിനം മൃഗമായാലും ഉടന്‍ കാടുകയറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എസ്റ്റേറ്റിലെ വന്യമൃഗ സാന്നിധ്യം ആളുകളെ ഭീതിയിലാക്കിയിരിക്കയാണ്.
Tags : Tiger Puthumala Estate Wayanad